Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ ക്ഷേമപദ്ധതി നടത്തിപ്പ്: സംസ്ഥാന സർക്കാർ  ധവളപത്രം പുറത്തിറക്കണം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്- സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളെപ്പറ്റി ഏറെ സംശയങ്ങളും ആരോപണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ വസ്തുതകൾ ജനങ്ങളോട് വ്യക്തമാക്കാത്തത് ദുരൂഹമാണ്. വസ്തുതകൾ പുറത്തുവിടാത്ത സാഹചര്യത്തിൽ സാമുദായിക സ്പർധക്കും വർഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടുകയാണ് സർക്കാർ ചെയ്യുന്നത്.


ന്യൂനപക്ഷങ്ങൾ വഴിവിട്ട് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന് ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ വ്യാപകമായ പ്രചാരണം സംഘ്പരിവാർ നടത്തുകയും സർക്കാറും ന്യൂനപക്ഷ ക്ഷേമവകുപ്പും മന്ത്രിയുമടക്കമുള്ളവരെ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്യുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന് ഏകപക്ഷീയമായി ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ആരോപണം ഇതിനകം തന്നെ മറ്റു മതസമുദായങ്ങളിൽനിന്നും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദുരൂഹത ഒഴിവാക്കാൻ പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച ധവളപത്രം പുറത്തിറക്കി ജനങ്ങളോട് യാഥാർഥ്യം തുറന്നുപറയാൻ മുഖ്യമന്ത്രി തയാറാകണം. വകുപ്പുമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും സർക്കാറിനെതിരെയുള്ള വിമർശനങ്ങൾക്ക് യഥാസമയം മറുപടി പറയാറുള്ള മുഖ്യമന്ത്രി തുടരുന്ന നിസ്സംഗത വർഗീയ ചേരിതിരിവിന് സഹായകമാകുന്നുണ്ടെന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
 

Latest News