Sorry, you need to enable JavaScript to visit this website.

കര്‍ഷക നിയമ സമിതിക്കെതിരെ മുന്‍ധാരണ എന്തിനെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി- കര്‍ഷക നിയമങ്ങളിന്മേലുള്ള പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ച സമിതിക്കെതിരേ ആക്ഷേപമുന്നയിക്കുന്നതിനെതിരേ വിമര്‍ശവുമായി സുപ്രീം കോടതി. പ്രശ്‌നത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സമിതിക്കില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തില്‍ പക്ഷപാതം ഉന്നയിക്കേണ്ട കാര്യമെന്തെന്നും ചോദിച്ചു. ആളുകളെ ഇങ്ങനെ ബ്രാന്‍ഡ് ചെയ്യുകയും അവഹേളിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കര്‍ഷക നിയമങ്ങളെ അനുകൂലിച്ച അംഗങ്ങളെ ഒഴിവാക്കി സമിതി പുനഃസംഘടിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടതിനെയാണ് കോടതി വിമര്‍ശിച്ചത്. എല്ലാവരെയും കേള്‍ക്കാനും കോടതിക്കു മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമുള്ള അധികാരമാണ് സമിതിക്ക് നല്‍കിയിട്ടുള്ളത്. പ്രശ്‌നങ്ങളില്‍ എന്തെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരമില്ല. അങ്ങനെയുള്ളപ്പോള്‍ സമിതിക്കെതിരേ പക്ഷപാത പ്രശ്‌നം ഉന്നയിക്കേണ്ട കാര്യമെന്താണ്? നിയമത്തില്‍ ഉചിതമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാണ് സമിതിയില്‍നിന്നു സ്വയം പിന്മാറിയ ഭൂപീന്ദര്‍ സിംഗ് മന്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ പല സന്ദര്‍ഭങ്ങളില്‍ അഭിപ്രായം പറഞ്ഞെന്നു കരുതി അവരൊക്കെ അയോഗ്യരായി കണക്കാക്കുന്നതെങ്ങനെയാണ്? ജഡ്ജിമാര്‍ തന്നെ വാദത്തിനിടയില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാറുണ്ട്. എന്നു കരുതി അവരൊക്കെ തീരുമാനങ്ങളെടുക്കാന്‍ കഴിവില്ലാത്തവര്‍ ആണെന്നുണ്ടോയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.
നിങ്ങള്‍ സമിതിക്കു മുമ്പില്‍ ഹാജരാകില്ല എന്നുള്ള നിലപാട് മനസിലാക്കാവുന്നതേയുള്ളു. ഞങ്ങളാരും അതിനു നിര്‍ബന്ധിക്കുകയുമില്ല. എന്നാല്‍, അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരില്‍ അധിക്ഷേപം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരാളെയും ഇത്തരത്തില്‍ ബ്രാന്‍ഡ് ചെയ്യേണ്ടതില്ല. അംഗങ്ങള്‍ പക്ഷപാതികളാണെന്നും കോടതിക്ക് പ്രത്യേക താത്പര്യങ്ങളുണ്ടെന്നുമാണ് നിങ്ങള്‍ പറയുന്നത്. ഭൂരിപക്ഷാഭിപ്രായത്തിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കാനാകുമോയെന്നു ചോദിച്ച കോടതി, എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും വാക്കാല്‍ നിരീക്ഷിച്ചു.
നിയമങ്ങളെ അനുകൂലിച്ചെന്ന പേരില്‍ സമിതിയിലെ നാലംഗങ്ങളെയും മാറ്റിയാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനാകുമോയെന്നും കോടതി ചോദിച്ചു. കാര്‍ഷിക രംഗത്തെ വിദഗ്ധരും വിശാലമായ രീതിയില്‍ ചിന്തിക്കുന്നവരുമാണ് അവര്‍. ജഡ്ജിമാര്‍ കാര്‍ഷിക രംഗത്തെ വിദഗ്ധരല്ലാത്തതു കൊണ്ടാണ് ഈ മേഖലയില്‍നിന്നുള്ള വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും കോടതി വിശദമാക്കി. എന്നിരുന്നാലും സമിതി പുനഃസംഘടിപ്പിക്കണമെന്ന ഭാരതീയ കിസാന്‍ മഹാപഞ്ചായത്ത് ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു. നിയമം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നു വ്യക്തമാക്കിയ എട്ടോളം കര്‍ഷക സംഘടനകള്‍, സമിതിക്കു മുമ്പാകെ ഹാജരാകില്ലെന്നും അറിയിച്ചിട്ടുണ്ട്.
   

 

 

 

 

Latest News