വാളയാര്‍ കേസില്‍ രണ്ടു പ്രതികള്‍ റിമാന്റില്‍

പാലക്കാട്- വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ രണ്ടു പേരെ അഡീഷണല്‍ ജില്ലാ സെഷന്‍സ് പോക്‌സോ കോടതി റിമാന്റ് ചെയ്തു. വാളയാര്‍ പാമ്പാംപള്ളം കല്ലങ്കാട് വി.മധു, ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവരെയാണ് പോക്‌സോ കോടതി ജഡ്ജി എസ്.മുരളീകൃഷ്ണ റിമാന്റ് ചെയ്തത്. കേേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റൊരു പ്രതി വാളയാര്‍ സ്വദേശി എം.മധു കേസിന്റെ ആദ്യവിചാരണാ ഘട്ടത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയിരുന്നു. അത് നിലനില്‍ക്കുന്നുണ്ട്. ജാമ്യം റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആകെ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. അതിലൊരാളായിരുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ നവംബറില്‍ ജീവനൊടുക്കിയിരുന്നു.
കേസിന്റെ തുടര്‍വിചാരണക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് വിചാരണാക്കോടതിയില്‍ വീണ്ടും നടപടികള്‍ ആരംഭിച്ചത്. അന്വേഷണസംഘം സമര്‍പ്പിച്ച തുടരന്വേഷണ അപേക്ഷയും പ്രതികളുടെ ജാമ്യഹര്‍ജിയും കോടതി 22ന് പരിഗണിക്കും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുബ്രഹ്മണ്യം ഹാജരായി.

 

Latest News