തിരുവനന്തപുരം- ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിച്ചാണ് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിന് പോലും കൃത്യമായ മറുപടി നൽകാൻ ധനമന്ത്രി തയ്യാറായിട്ടില്ല. വിവാദമാകുമെന്ന് ഭയന്നാണ് സി.എ.ജി റിപ്പോർട്ട് മന്ത്രി തന്നെ നേരത്തെ പുറത്തുവിട്ടത്. പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച ആരുടെയും ആരോപണങ്ങളെ നിഷേധിക്കാൻ മന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കിഫ്ബിയുടെ മുഴുവൻ വായ്പകളും ഭരണഘടന ലംഘനമാണെന്നാണ് സി.എ.ജിയുടെ കണ്ടെത്തലെന്നും ഇത് പ്രതിപക്ഷം അംഗീകരിക്കുന്നുണ്ടോയെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ ചോദിച്ചിരുന്നു.