മാസങ്ങള്‍ക്കു മുമ്പ് 'കാണാതായ' ചൈനീസ് കോടീശ്വരൻ ജാക്ക് മാ പൊതുവേദിയില്‍ - Video

ബെയ്ജിങ്- ചൈനയിലെ ബാങ്കിങ് രീതികളെ വിമര്‍ശിച്ചതിനു പിന്നാലെ നാലു മാസം മുമ്പ് കാണാതായ കോടീശ്വരനും ആലിബാബ ഉടമയുമായ ജാക്ക് മാ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് ഭരകൂടം ജാക്ക് മായെ പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ശക്തമായ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച ഗ്രാമീണ മേഖലയില്‍ അധ്യാപകര്‍ക്കു വേണ്ടി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ ജാക്ക് മാ പങ്കെടുത്ത് സംസാരിച്ച വിഡിയോ പുറത്തു വന്നത്. ജാക്ക് മായുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന എല്ലാ വര്‍ഷവും ഗ്രാമീണ അധ്യാപകര്‍ക്കു വേണ്ടി സംഘടിപ്പികകുന്ന പരിപാടിയാണിത്. ഈ വര്‍ഷം കോവിഡ് കാരണമാണ് ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ വലിയ സഹായങ്ങള്‍ ചെയ്യുന്നതിലാണ് ഇനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഗ്രാമീണ പുനരുദ്ധാരണത്തിനുളള കഠിന പരിശ്രമങ്ങളാണ് ഈ തലമുറയിലുള്ള വ്യവസായികളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. 

ജാക്ക് മാ പൊതു വേദിയില്‍ എത്തിയതോടെ ഹോങ്കോങില്‍ ആലിബാബയുടെ ഓഹരി മൂല്യം നാലു ശതമാനം വര്‍ധിച്ചു. ജാക്ക് മായുടെ നേതൃത്വത്തിലുള്ള ചൈനയിലെ ഏറ്റവും വലിയ ഫിന്‍ടെക്ക് കമ്പനിയായ ആന്റ് ഹോങ്കോങ്ങില്‍ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങവെയാണ് ജാക്ക് മായെ കാണാതായത്. ചൈനീസ് ഭരണകൂടം ഇടപെട്ട് ഐപിഒ നീക്കം തടഞ്ഞതായും റിപോര്‍ട്ടുണ്ടായിരുന്നു. ജാക്ക് മായുടെ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ വലിയ ഇടിവും ഇതോടെ ഉണ്ടായി.

Latest News