Sorry, you need to enable JavaScript to visit this website.

പുതിയ ഭരണകൂടത്തിന് പ്രാര്‍ഥനകളും ആശംസയും; ബൈഡന്റെ പേരു പറയാതെ ട്രംപ്

വാഷിംഗ്ടണ്‍-  അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിടവാങ്ങുന്ന ഡോണള്‍ഡ് ട്രംപ്.
പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ വീഡിയോ സന്ദേശം.

അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു. പുതിയ ഭരണകൂടം നിലവില്‍വരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമാക്കി നിലനില്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നു. എല്ലാ ആശംസകളും അര്‍പ്പിക്കുന്നു- ട്രംപ് പറഞ്ഞു.

നികുതി വെട്ടിക്കുറയ്ക്കല്‍, ചൈനയുമായുള്ള ഇടപാടുകളിലെ തീരുവ കുറയ്ക്കല്‍, ഊര്‍ജ്ജ സ്വയംപര്യാപ്തത, വളരെ കുറഞ്ഞ സമയംകൊണ്ട് കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കല്‍ എന്നിങ്ങനെ തന്റെ ഭരണകാലത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തിനകത്തും വിദേശങ്ങളിലും അമേരിക്കയുടെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാന്‍ സാധിച്ചു. ലോകം അമേരിക്കയെ ബഹുമാനിക്കുന്നു. ആ ബഹുമാനം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News