Sorry, you need to enable JavaScript to visit this website.

പുതിയ ജനുസ്സുകളുടെ ഡിമാന്റ് കാലം 

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രത്യേക 'ജനുസ്സാ'ണെന്ന് അദ്ദേഹം തന്നെ നിയമസഭയിൽ വെളിപ്പെടുത്തിയത് ലേശം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. രഹസ്യമായി അദ്ദേഹത്തിന്റെ ഡി.എൻ.എ പരിശോധിച്ച് കാര്യം സുതാര്യമാക്കണമെന്ന് പി.ടി. തോമസ്-ചെന്നിത്തല കൂട്ടർ ആഗ്രഹിച്ചാൽ അതിൽ തെറ്റില്ല. ഉമ്മൻ ചാണ്ടി ആഗ്രഹിക്കാനിടയില്ല. ജലജനുസ്സുകളെയും കണ്ടതിന്റെ ദോഷം അനുഭവിച്ചു തീർന്നിട്ടില്ല. 'മൗനം വിദ്വാനു ഭൂഷണം' എന്ന ചൊല്ലിനെ ആരും ഇതുവരെ ചലഞ്ച് ചെയ്തിട്ടുമില്ല.
'പ്രത്യേക ജനുസ്സ്' പ്രയോഗം പാർട്ടി സഖാക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇ.എം.എസ്, നായനാർ, വി.എസ് തുടങ്ങിയ കറകളഞ്ഞ കൊമ്പൻ സഖാക്കൾ വാണരുളിയ കസേരയിലാണ് മേൽപടി പ്രത്യേക ജനുസ്സ് ഇരിക്കുന്നത്. 'ഗസ്റ്റപ്പോ'യെ വിട്ട് അന്വേഷിക്കണം. സഖാവ് ക്ലിഫ് ഹൗസിലായാലും പിണറായി ദേശത്തെ ഭവനത്തിലായാലും ഗൂഢമായി നിരീക്ഷിക്കണം. കുളിക്കുമ്പോഴോ, തലമുടി ചീകുമ്പോഴോ നിലത്തു വീഴാൻ സാധ്യതയുള്ള ഒരു തലമുടി കിട്ടിയാലും മതി. എത്ര തുകയും ത്യാഗവും ഏറ്റെടുത്ത് സംഗതി ഇംഗ്ലണ്ടിലെത്തിച്ച്, അതിന്റെ 'ജീനകളുടെ' ഇഴ പിരിക്കുന്ന വിദ്യ പ്രയോഗിച്ച് ഫലം പുറത്തു കൊണ്ടുവരണം. ജ്യോത്സ്യത്തിൽ വിശ്വസിച്ചിരുന്നെങ്കിൽ പാഴൂർ പടിപ്പുരയിൽ പോയാൽ മതിയായിരുന്നു. അത് ഇനി പറഞ്ഞിട്ടു കാര്യമില്ല. ഭാവി കമ്യൂണിസ്റ്റുകൾക്കായി ക്ലാസ് നടത്തുന്ന തലസ്ഥാനത്ത് പോയിട്ടുള്ള ഇ.എം.എസ് സ്റ്റഡി സെന്ററിലെ മൈനർ സഖാക്കൾക്ക് എം.എ. ബേബി സഖാവ് ജനുസ്സിന്റെ മാഹാത്മ്യം വിശദീകരിച്ചുകൊള്ളും. കൊറോണയെ തീവ്ര മുതലാളിത്തവുമായി ബന്ധിച്ച സഖാവിന് ഇതു മറ്റൊരു 'കരതലാമലകം' മാത്രമാണ്.
ജനുസ്സു വിദ്യ പ്രയോഗിച്ചപ്പോൾ പിണറായി സഖാവ് തന്റെ കേടുപാടുകളില്ലാത്ത നട്ടെല്ലിന്റെ എക്‌സ് റേ ഫിലിം കൂടി കരുതിയിരുന്നുവെങ്കിലും പുറത്തെടുത്തില്ല. 'ജയിലിൽ പോയ ആദ്യ മുഖ്യമന്ത്രി' എന്നു ഭാവി ചരിത്രത്തിൽ ഒരു വരി സ്ഥിരമായി ഉണ്ടാകുമെന്നാണ് ഇടുക്കി തോമാച്ചാന്റെ പ്രവചനം. 'കൊമ്പനാനയെ ഓലപ്പീലി കാട്ടി' പേടിപ്പിക്കരുതെന്നേ പറയാനുള്ളൂ. ഇ.എം.എസ് മുതൽ ബിനീഷ് കോടിയേരി വരെ ജയിലിൽ കിടന്നിട്ടുണ്ട്. അതുകൊണ്ട് പാർട്ടി വളർന്നിട്ടേയുള്ളൂ. മറ്റു മന്ത്രി സഖാക്കളിൽ പലരും ഇനിയും ജയിലിൽ പോകാൻ തയാറുമാണ്. കാരണം, പാർട്ടി വളരണം. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.
*** *** ***
എം.വി. ശ്രേയാംസ് കുമാർ പിതാവിന്റെ കസേര തന്നെയാണ് ഉപയോഗിക്കുന്നതെന്നു തോന്നുന്നു. ഐസക് ഡോക്ടറുടെ ബജറ്റ് പ്രസംഗം കേട്ട് രോമാഞ്ചമണിഞ്ഞ ശേഷം, അദ്ദേഹം പ്രയോഗിച്ച പദങ്ങളെല്ലാം മുഖ്യന്റെ പാദങ്ങളിൽ അർപ്പിച്ച സാഹിത്യ പ്രശംസാ പുഷ്പങ്ങളായിരുന്നു. പുതൂർ ചന്തുവേട്ടനോ, ഗൂഢല്ലൂർ നമ്പീശനോ, കൊടുവള്ളി നാണപ്പനോ, പാറക്കാട്ടിൽ പരമു നായരോ  സഹായത്തിനില്ലാതെ തന്നെ ശ്രേയാംസ് വെച്ചുകാച്ചി. സ്വന്തം പാർട്ടിയുടെ സീറ്റ് കുറയാതെ അനുവദിച്ചു കിട്ടേണ്ട സമയമാണ്. വണങ്ങാൻ മുഖ്യനല്ലാതെ മറ്റൊരു വിഗ്രഹമില്ല. പാദപൂജയിലെ കുറച്ചു പുഷ്പങ്ങൾ ധനകാര്യ മന്ത്രിയുടെ പാദങ്ങളിലേക്കും പറന്നു വീണിരിക്കാം. അതിൽ തെറ്റൊന്നുമില്ല, ബജറ്റ് നിറയെ കവിതയല്ലേ? 'തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും' എന്നതൊഴികെ ബാക്കി എല്ലാ വാഗ്ദാനങ്ങളും മറക്കാതെ നിറച്ച ഒരു പൂക്കൂടമല്ലേ?
മേൽപടി കുമാരന്റേതാണോ, അല്ലയോ എന്നു നിശ്ചയം പോരാ, ഒരു ദളും മറ്റൊരു ദളും തമ്മിൽ ലയിക്കാൻ പോകുകയാണെന്ന് മന്ത്രി കൃഷ്ണൻ കുട്ടിയുടേതായി ഒരു പ്രസ്താവന കണ്ടു. ഇത്തരം വേളകളിലാണ് ഇങ്ങനെ ചില മന്ത്രിമാർ ജീവിച്ചിരിക്കുന്ന വിവരം മാലോകർ തിരിച്ചറിയുന്നത്. എന്നാൽ ഈ രണ്ടു ദളങ്ങളും പിന്നെ എൻ.സി.പിയും ചേർന്നുള്ള മറ്റൊരു ലയനവും അന്തരീക്ഷണത്തൽ അലയടിക്കുന്നുണ്ട്. പക്ഷേ, അതിനു ശരത് പവാർജി പറയണം. അനുഭവ സമ്പത്തിൽ ആരുടെയും പിന്നിലല്ല പവാർ, വിശാലമായ ഒരു യു.പി.എ ഉണ്ടാകുന്ന കാലത്ത് മുന്നിൽ കയറി നിൽക്കാനും സാധ്യത തേടുന്ന ദേഹമാണ്. അങ്ങനെ സംഭവിച്ചാൽ മമതയും മറ്റു പലരും കൂടെ എത്തും. ഗാന്ധി കുടുംബം പിന്നെ അഭയാർഥികളുമാകും. പക്ഷേ, അതിന് സ്വപ്‌നങ്ങൾക്കർഥങ്ങളുണ്ടായിരുന്നെങ്കിൽ സ്വർഗങ്ങളെല്ലാം നമുക്കു സ്വന്തം എന്ന സിനിമാപ്പാട്ടിന്റെ പിന്തുണയേ തൽക്കാലമുള്ളൂ. അതിനേക്കാൾ പ്രധാനമാണ് കേരള ഘടകവും പാലായും. പവാറിനു വലിയ പവറൊന്നുമില്ലെങ്കിലും പഴയ ഒരു കൊമ്പനാനയാണ്. കേരളത്തിൽ കാൽവെക്കുന്നതു സൂക്ഷിക്കണമെന്നു മാത്രം. നിറയെ താപ്പാനകളാണ്. പീതാംബരൻ മാസ്റ്ററും കാപ്പൻജിയും വലത്തേക്കു പിടിക്കുമ്പോൾ ശശീന്ദ്രൻ മന്ത്രി ഇടത്തേക്ക് ആഞ്ഞുപിടിക്കും. വീഴാതെ നോക്കേണ്ടത് സ്വന്തം കടമ. ഇതിനാണോ 'അവനവൻ കടമ്പ' എന്നു വിളിക്കുന്നതെന്നറിയില്ല. ഏതായാലും വിമാനം വഴി കോഴിക്കോട്ട് ഇറങ്ങിയാൽ എൻ.സി.പി വേഷമിട്ട ഇടതുമുന്നണിക്കാർ സ്വീകരിക്കാൻ തയാറെന്ന് അറിയിച്ചിട്ടുണ്ട്. കൊച്ചിയിലാണ് ലാൻഡ് ചെയ്യുന്നതെങ്കിൽ കാപ്പൻജി കുറച്ചു സിനിമയിലെ എക്‌സ്ട്രാ താരങ്ങളെയെങ്കിലും അണിനിരത്താതിരിക്കില്ല. കാൽ വഴുക്കാതെ മാത്രം സൂക്ഷിക്കണം.
1965 ലെ ഏപിൽ ഫൂൾ ദിനത്തിലാണ് സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ നിലവിൽ വന്നത്. അന്നു മുതൽ ഇന്നു വരെ സർക്കാരിനെയും പൊതുജനങ്ങളെയും വിഡ്ഢികളക്കിയാണ് ആ വണ്ടി ഓടുന്നത് എന്ന് അറിയാത്ത വരില്ല. ഉള്ളിലേക്ക് കടന്നാൽ മുനിസിപ്പൽ വണ്ടിയുടെ ഗന്ധമുള്ള പ്രശ്‌നങ്ങളാണ് നിറയെ. 
ഏറ്റവും ഒടുവിൽ ബിജു പ്രഭാകർ എന്ന ഐ.എ.എസുകാരനാണ് ആ മണം ഏൽക്കാനുള്ള വിധി. അദ്ദേഹം ഇറക്കുമതി സർവീസുകാരനല്ല. സഹകരണ മേഖലയിലെ വമ്പൻ കോൺഗ്രസ് നേതാവായിരുന്ന തച്ചടി പ്രഭാകരന്റെ പുത്രനാണ്. പല ഏടാകൂട പദ്ധതികളിലും കൈവെച്ചിട്ടുള്ള മിടുമിടുക്കൻ. ആന വണ്ടിക്കുള്ളിൽ കടന്നപ്പോഴാണ് കണ്ടത്- നിറയെ ഇഞ്ചി- വാഴക്കൃഷിത്തോട്ടങ്ങൾ! അവയെ നനച്ചിട്ട് ബാക്കി സമയം വല്ലതുമുണ്ടെങ്കിൽ മാത്രം വണ്ടി വകുപ്പിൽ ജോലി ചെയ്യും!
'മികച്ച വണ്ടി കർഷകർ'ക്കുള്ള അവാർഡ് ഏർപ്പെടുത്താൻ സർക്കാരുകൾ മറന്നതാണ് അദ്ഭുതകരം! സ്വന്തമായി ഓട്ടോ, ടാക്‌സി കാർ, മിനി ബസ്, തമിഴ്‌നാട്ടിൽ തോട്ടം, തോട്ടത്തിൽ നിന്നു പാറശാല വഴി കടത്ത് ഇത്യാദി സൈഡ് ബിസിനസുകളും വിനോദങ്ങളും കൊണ്ടു സമ്പന്നമാണ് ജീവനക്കാരുടെ ഒരു നിര തന്നെ. കോർപറേഷൻ ജന്മം കൊണ്ട നാൾ മുതൽ സമരവുമുണ്ട്. ചിലർ ജന്മനാ മൊബൈൽ ഫോണുമായി ഭൂമിയിലേക്കു വന്നതാണെന്നു തോന്നാറില്ലേ? അതുപോലെ തന്നെ. 
വർഷം തോറും ബജറ്റ് വഴി അവർക്കു ധനസഹായം മുടങ്ങാറില്ല- ശമ്പളവും ബോണസും എന്നാണ് പേര്. ഭൂതത്തെ ചെപ്പ് തുറന്നു വിട്ട മുക്കുവനെപ്പോലെ കേരളം മൊത്തം അവർക്കു മുന്നിൽ പകച്ചുനിൽപാണ്. ബിജു പ്രഭാകർ പിതാവിന്റെ വീരസ്മരണയിൽ വാളും പരിചയും ബക്കറ്റും ചൂലുമായി ഇറങ്ങിയതു നന്നായി. നൂറു കോടി രൂപ കണക്കു പുസ്തകത്തിൽ കാണുന്നില്ലെന്നു പറഞ്ഞ് സാഹസികമായി രണ്ടുപേരെ സ്ഥലം മാറ്റിയത്രേ! ആന കുത്തിയതിന് തുളസിയില പിഴിഞ്ഞു തേച്ചാൽ മതിയെന്നാവും!
ട്രാൻസ്‌പോർട്ട് വക വർക്ക് ഷോപ്പുകളിൽ സമരത്തിന്റെ ആദ്യ സൈറൺ കേൾക്കുന്നില്ലേ? കുടുംബ കാര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ടാണ് സമരം തുടങ്ങിവെക്കുക പതിവ്. ചേലാട്ട് അച്യുതമേനോൻ ചേലാട്ടച്ചിയെ കാണില്ലെന്നും വണ്ടി കോർപറേഷൻ കീഴൂട്ടുവീട്ടിൽ രാമൻ പിള്ളയുടേതല്ലെന്നും അവർ നാട്ടുകാരെ വിളിച്ചറിയിക്കും. പണ്ട് വകുപ്പു വണ്ടി 'അള്ളുവെക്കുന്ന പരിപാടിയുണ്ടായിരുന്നു. അന്ന് വർക്ക് ഷോപ്പുകൾ നിമിഷം കൊണ്ട് 'അള്ളു നിർമാണ ശാലകളായി രൂപം മാറി. താൻ പരാജയപ്പെടുന്ന പക്ഷം ആനവണ്ടിയോടു 'ഗുഡ്‌ബൈ' പറയുമെന്നുറച്ച് മുൻകൂർ ജാമ്യം എടുത്തത് എം.ഡിക്കു രക്ഷയായി. മന്ത്രി ശശീന്ദ്രനായിരിക്കുമല്ലോ ഈ ജാമ്യത്തിന് ഒന്നാം സാക്ഷി? മംഗളം ഭവിക്കട്ടെ!
*** *** ***
മുല്ലപ്പള്ളിക്ക് 'കൊടുവള്ളി' മണ്ഡലം ഒരു പിടിവള്ളിയാകുമോ? അതോ, കോൺഗ്രസിന്റെ കഴുത്തിനു പിടികൂടിയ 'കിനാവള്ളി'യോ. 1977 മുതൽ ലീഗ് സ്വകാര്യ സ്വത്തായി അനുഭവിച്ചുപോരുന്ന മണ്ഡലത്തിൽ കോൺഗ്രസ് നോട്ടമിടുന്നതിൽ എന്തോ പന്തികേടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് ആരായിരിക്കണമെന്നു ലീഗ് തീരുമാനിക്കുന്നു, യു.ഡി.എഫ് കൺവീനർ-കം-മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാകണമെന്നു ശുപാർശ ചെയ്യുന്നു എന്നൊക്കെ വിവാദങ്ങൾ പലതാണ്. കൺവീനർ ഹസൻജി ഒരു വെള്ളാന ആണെന്നതിൽ മാത്രമാണ് സമ്പൂർണ ഐക്യം. പക്ഷേ, ഉമ്മൻ ചാണ്ടിക്കും മുല്ലപ്പള്ളിക്കും പുറമെ വി.എം. സുധീരൻ കൂടി മത്സരിക്കാൻ തുടങ്ങിയാൽ പാവം ചെന്നിത്തലയുടെ ഭാവി എന്താകും എന്നതാണ് ചിന്താവിഷയം. നാലുപേരും മുഖ്യമന്ത്രി മാത്രമല്ല, പ്രധാനമന്ത്രി പോലും ആകാൻ യോഗ്യരാണ് എന്ന് അവർക്കെങ്കിലും അറിയാം. ഇന്ത്യൻ ജനതക്ക് അറിയില്ലെന്നേയുള്ളൂ. സുധീരനെ അവസാന റൗണ്ടിൽ ഒഴിവാക്കാം. ചാനൽ മൈക്കുകൾ കണ്ടാൽ വാതുറന്നു പോകുന്ന സുധീരൻജി അഞ്ചു ശത്രുക്കളെയെങ്കിലും സമ്പാദിച്ചിട്ടേ വാപൂട്ടാറുള്ളൂ എന്ന കാര്യം പ്രസിദ്ധം. പകരം, അരുവിക്കരയിൽ ശബരീനാഥനെ ഇറക്കിയാലോ? വട്ടിയൂർകാവിലും കൂടി രണ്ടു മണ്ഡലങ്ങളിലും മത്സരിക്കേണ്ടിവരും. 
ശബരിക്കുഞ്ഞിന് അത്രക്കു വളർച്ചയൊന്നുമില്ല. ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറഞ്ഞതു പോലെ, കുഞ്ഞനെ 'വെള്ളിമൂങ്ങ' സിനിമയിലെ 'മണിമല' മാമച്ചനാക്കി വർണിച്ചുകളഞ്ഞു. പൂവച്ചൽ യൂത്ത് ലീഗുകാർ, കുഞ്ഞന്റെ മാതാവ് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് മകനോടു ഉപദേശിച്ച വാചകങ്ങൾ കേട്ടാൽ അവർ സുധീരൻജിയുടെ ശിഷ്യയാണെന്നേ തോന്നൂ! ജനത്തിന് കാര്യമായ 'മറവി രോഗം' പിടിപെട്ടാൽ ശബരിക്കുഞ്ഞൻ രക്ഷപ്പെട്ടെന്നു വരാം!
തെരഞ്ഞെടുപ്പു മത്സരത്തിനു യു.ഡി.എഫ് ഇനി യുവാക്കളെയാണ് നോട്ടമിടുന്നത്. കെ.വി. തോമസ്, പി.ജെ. കുര്യൻ തുടങ്ങിയവരെ അവർ വൃദ്ധരായി ഗണിക്കുന്നത്, അവരെ ശരിക്കും മനസ്സിലാക്കാഞ്ഞിട്ടാണെന്നുറപ്പ്, എൽ.ഡി.എഫിന്റെ യുവതലമുറ പ്രേമത്തെ നേരിടാൻ പുതിയ തന്ത്രം മെനയുകയാണ് യു.ഡി.എഫ്. പതിനെട്ടു വയസ്സു തികഞ്ഞവരെ കൂടി മത്സരിക്കാൻ അനുവദിക്കണമെന്ന് ഒരു പ്രമേയം ഇന്ദിരാ ഭവനിൽ ചർച്ചക്കു വന്നേക്കാം. 
പക്ഷേ, അത് തെരഞ്ഞെടുപ്പ് കമ്മീഷനാപ്പീസിൽ എത്താതെ നോക്കുവാനുള്ള സംവിധാനവും അവിടെ തന്നെയുണ്ട് എന്നതാണ് നേര്. എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, ബാലസംഘം, ബാലഗോകുലം തുടങ്ങിയ സംഘടനകളും മത്സരാവകാശം ആവശ്യപ്പെട്ടു വരാനിടയുണ്ട്. എല്ലാവരും വളരെ പ്രബുദ്ധരാണിപ്പോൾ.
 

Latest News