Sorry, you need to enable JavaScript to visit this website.
Thursday , March   04, 2021
Thursday , March   04, 2021

കേരളം:പുതിയ ദിശയിലേക്ക്, പുതിയ സ്വപ്‌നങ്ങളിലേക്ക്

സാങ്കേതിക വിദ്യയും നൈപുണ്യവും വിജ്ഞാനവും നാടിന്റെയും ജനതയുടെയും വളർച്ചയിലും വികാസത്തിലും എത്രത്തോളം നിർണായകമാണോ, അത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണ് വിവേകപൂർണവും ഉന്നതവുമായ സാമൂഹ്യ അവബോധം. സമൂഹത്തിന്റെ ഭൗതിക വളർച്ചക്ക് ശാസ്ത്രജ്ഞർക്കും സാമ്പത്തിക വിദഗ്ധർക്കും സാങ്കേതിക പ്രതിഭകൾക്കും എത്രത്തോളം പങ്കുവഹിക്കാനാകുമോ തത്തുല്യമോ, അതിലധികമോ സംഭാവന സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർക്കും ചിന്തകർക്കും നിർവഹിക്കാനാവും.

കാലത്തിന്റെ മാറ്റത്തിനനുസൃതമായി ആധുനിക കേരളത്തിന്റെ ഭാവിക്കായി ഭാവനാ സമ്പന്നമായൊരു ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആസൂത്രണ ബോർഡ് ഒരു രാജ്യാന്തര സമ്മേളനത്തിന് തയാറെടുക്കുന്നു. 'ഭാവി വീക്ഷണത്തോടെ കേരളം' എന്ന പേരിൽ ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ ഓൺലൈനായി നടക്കുന്ന സമ്മേളനം മാറിക്കൊണ്ടിരിക്കുന്ന ലോക പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നൽകുന്ന കൂട്ടായ ആലോചനാ സംരംഭം ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
സംസ്ഥാനത്തെ ജനജീവിതവുമായി ബന്ധപ്പെട്ട ഒൻപത് സുപ്രധാന മേഖലകളിൽ നടപ്പാക്കേണ്ട പരിപാടികൾക്ക് രൂപം നൽകാൻ സമ്മേളനത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമ്മേളനത്തിന് മുന്നോടിയായി ഈ മാസം 27, 28 തീയതികളിൽ കൃഷി, മൃഗസംരക്ഷണം എന്നീ അടിസ്ഥാന മേഖലകളെപ്പറ്റിയും 24, 27 തീയതികളിൽ സോഫ്റ്റ്വെയർ, ഹാർഡ്വെയർ എന്നീ രംഗങ്ങളെപ്പറ്റിയും വിഷയബന്ധിത ചർച്ചകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകൾ, നൈപുണ്യ വികസനം, മത്സ്യബന്ധനം-കൃഷി-മൃഗസംരക്ഷണം എന്നിവയുടെ ആധുനികവൽക്കരണം, ടൂറിസം, വിവര സാങ്കേതിക വിദ്യ, ഇഗവേണൻസ് എന്നിവക്ക് പുറമെ തദ്ദേക ഭരണം, ഫെഡറലിസം, വികസനോന്മുഖ ധനവിനിയോഗം എന്നീ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചാവിധേയമാകും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ നിലവാരം ഉയർത്തുന്നതിനുള്ള ചർച്ചകളും സമ്മേളനത്തിന്റെ പരിഗണനാ വിഷയങ്ങളാകുമെന്നാണ് ആസൂത്രണ ബോർഡിന്റെ പത്രക്കുറിപ്പ് വിശദീകരിക്കുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും സൃഷ്ടിച്ച സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ പ്രതിസന്ധികളെ അതിജീവിക്കാനും വളർച്ച ഉറപ്പു വരുത്താനുമുള്ള പദ്ധതികൾക്കും പ്രവർത്തന പരിപാടികൾക്കും സമ്മേളനം ഊന്നൽ നൽകുമെന്നാണ് സമ്മേളന പരിപാടികൾ വിശദീകരിക്കുന്നത്.
തന്റെ സ്വതന്ത്രവും പുരോഗമനാത്മകവുമായ സാമ്പത്തിക ശാസ്ത്ര നിലപാട് കൊണ്ട് ശ്രദ്ധേയനായ നൊബേൽ പുരസ്‌കാര ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ലോക ആരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ, സർക്കാർ പ്രതിനിധികൾ, സാമ്പത്തിക ആസൂത്രണ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന രാജ്യാന്തര സമ്മേളനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തെ സംബന്ധിച്ച് വ്യക്തവും പ്രതീക്ഷാനിർഭരവുമായ ഒരു പരിപ്രേക്ഷ്യം മുന്നോട്ടു വെക്കുമെന്ന് ആശിക്കാം. അനീതികൾ നിറഞ്ഞതും ഭ്രാന്താലയ സമാനവുമായിരുന്ന കേരളത്തെ മാറ്റിമറിച്ച നവോത്ഥാന ധാരയുടെയും ഐക്യ കേരളത്തിന്റെ കഴിഞ്ഞ ആറര പതിറ്റാണ്ടു കാലങ്ങളിലൂടെ നാം സൃഷ്ടിച്ച ജനാധിപത്യ കേരള മാതൃകയുടെ നേട്ടങ്ങളെ നിലനിർത്തിയും ശക്തിപ്പെടുത്തിയും മുന്നോട്ടു പോകാൻ ഉതകുന്നതായിരിക്കണം അത്തരം കർമ പരിപാടി. മലയാള നാടിന്റെ നവോത്ഥാന നേട്ടങ്ങൾ അമൂല്യവും അനുകരണീയവും ആണെന്നതിൽ തർക്കമില്ല.
എന്നാൽ അവക്കു മേൽ നിഴൽ വീഴ്ത്തുന്ന പ്രതിലോമതയുടെ കടന്നുകയറ്റവും യാഥാസ്ഥിതികത്വത്തിന്റെ വ്യാപന ശ്രമങ്ങളും അവഗണിക്കാവുന്നതല്ല. അതിനെ ശക്തമായി പ്രതിരോധിക്കാതെ ഭൗതിക വളർച്ച അസാധ്യവും അർത്ഥശൂന്യവുമാവും. കേരളത്തിന്റെ ഭൗതിക ജീവിതത്തിൽ വൻ മാറ്റങ്ങൾക്കു കാരണമായ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ പുരോഗതി എന്നിവയെപ്പറ്റി ശരാശരി മലയാളി ഊറ്റം കൊള്ളുമ്പോഴും ആ രംഗങ്ങളിലെ അപര്യാപ്തതകളെ മറികടക്കാനും അവക്ക് കൂടുതൽ കരുത്തു പകരാനുമുള്ള ശ്രമങ്ങൾക്ക് കൂടുതൽ വേഗവും കരുത്തും ആർജിക്കേണ്ടിയിരിക്കുന്നു. തൊഴിൽ അവസരങ്ങളെയും നൈപുണ്യത്തെയും പറ്റി സംസാരിക്കുമ്പോൾ തന്നെ മലയാളിയുടെ തൊഴിൽ സംസ്‌കാരത്തിൽ അവശ്യം ആവശ്യം വേണ്ട മാറ്റങ്ങളെപ്പറ്റിയും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
തൊഴിൽ രംഗത്ത് പരസ്പര ബഹുമാനത്തിലും വേതന പ്രതിഫല നിർണയത്തിൽ നീതിബോധത്തിൽ അധിഷ്ഠിതമായ ജനാധിപത്യവൽക്കരണവും അനിവാര്യമായിരിക്കുന്നു. സാങ്കേതിക വിദ്യയും നൈപുണ്യവും വിജ്ഞാനവും നാടിന്റെയും ജനതയുടെയും വളർച്ചയിലും വികാസത്തിലും എത്രത്തോളം നിർണായകമാണോ അത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണ് വിവേകപൂർണവും ഉന്നതവുമായ സാമൂഹ്യ അവബോധം. സമൂഹത്തിന്റെ ഭൗതിക വളർച്ചക്ക് ശാസ്ത്രജ്ഞർക്കും സാമ്പത്തിക വിദഗ്ധർക്കും സാങ്കേതിക പ്രതിഭകൾക്കും എത്രത്തോളം പങ്കുവഹിക്കാനാകുമോ തത്തുല്യമോ, അതിലധികമോ സംഭാവന സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർക്കും ചിന്തകർക്കും നിർവഹിക്കാനാവും. ഇരുധാരകളും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുമ്പോഴേ സാമൂഹിക സംഘർഷങ്ങൾ പരമാവധി ഒഴിവാക്കി സ്വരച്ചേർച്ചക്കും സാമൂഹിക, സാമ്പത്തിക സമന്വയത്തിന് ഏറെ സാധ്യതയുമുള്ള സമൂഹമായി നമുക്ക് വളരാനാവൂ.