ബംഗളുരു- പതിനേഴുകാരിയെ 10 ദിവസം ലോഡ്ജില്‍ പൂട്ടിയിട്ട് നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ബംഗളുരു വൈറ്റ്ഫീല്‍ഡിലാണ് സംഭവം. ഒക്‌ടോബര്‍ 26-ന് രാത്രി കാണാതായ പെണ്‍കുട്ടിയെ ഈ മാസം നാലിനാണ് ലോഡ്ജില്‍നിന്ന് രക്ഷപ്പെടുത്തിയതെന്ന് വൈറ്റ്ഫീല്‍ഡ് ഡിസിപി അബ്ദുല്‍ അഹദ് പറഞ്ഞു.
പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടി സഹപാഠിയെ കാണുന്നതിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കെണിയിലകപ്പെട്ടത്. സഹപാഠിയോടൊപ്പം പാര്‍ട്ടിക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ കാത്തുനിന്നിരുന്നത് ക്ലാസ്‌മേറ്റിനു പകരം പ്രതികളായ സാഗര്‍ (22), രാഘവേന്ദ്ര (27) എന്നിവരായിരുന്നു. കൂട്ടിക്കൊണ്ടു പോകാന്‍ സഹപാഠി ഏല്‍പിച്ചുവെന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടിയെ ക്ലാസിക്കല്‍ ഇന്‍ ഹോട്ടലില്‍ എത്തിച്ചത്.
ക്ലാസ്‌മേറ്റ് വരുമെന്ന് പറഞ്ഞ് ഇവിടെ ഒരു മുറിയിലാക്കിയ പെണ്‍കുട്ടിയെ അല്‍പനേരം കഴിഞ്ഞ് സാഗര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാഘവേന്ദ്ര, മഞ്ജുരാജ്, ഹോട്ടല്‍ ഉടമ മനോരഞ്ജന്‍ പണ്ഡിറ്റ് എന്നിവരും പീഡിപ്പിച്ചു. നാല് പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയെ കാണാതായി നാല് ദിവസം കഴിഞ്ഞാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ലോഡ്ജ് പരിശോധിച്ച് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സഹപാഠിക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മെഡിക്കല്‍ പരിശോധനക്കു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.