Sorry, you need to enable JavaScript to visit this website.

ഹാര്‍വാഡില്‍ അധ്യാപിക: സൈബര്‍ തട്ടിപ്പിനിരയായ മാധ്യമ പ്രവര്‍ത്തക ദല്‍ഹിയിലും പരാതി നല്‍കി

ന്യൂദല്‍ഹി- സൈബര്‍ കബളിപ്പിക്കലിന് ഇരയായ മാധ്യമ പ്രവര്‍ത്തക നിധി രസ്ദാന്‍ ദല്‍ഹി പോലീസിലെ സൈബര്‍ സെല്ലിലും പരാതി നല്‍കി. ഹാര്‍വാഡ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി വാഗ്ദാനം ചെയ്ത് തന്റെ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് കഴിഞ്ഞയാഴ്ചയാണ് നിധി വെളിപ്പെടുത്തിയത്.
ജനുവരി 16 ന് കശ്മീരിലായിരുന്ന നിധി രസ്ദാന്‍ ശ്രീനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഹാര്‍വാഡില്‍ ജേണലിസം പഠിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചുവെന്ന് വ്യാജ ഇ-മെയില്‍ വിശ്വസിച്ച് നിധി രസ്ദാന്‍ എന്‍.ഡി.ടി.വിയിലെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ജോലി രാജിവെച്ചിരുന്നു.ഒരു വര്‍ഷത്തോളം തുടര്‍ന്ന ഇമെയിലുകളും മറ്റും കബളിപ്പിക്കാനായിരുന്നുവെന്ന് വൈകിയാണ് ബോധ്യമായതെന്ന് നിധിയുടെ അഭിഭാഷകന്‍ ശ്രീ സിംഗ് പറഞ്ഞു.
കുറ്റകൃത്യം അന്വേഷിക്കാന്‍ അമേരിക്കയിലെ എഫ്.ബി.ഐക്കോ മറ്റു ഏജന്‍സികള്‍ക്കോ പരാതി നല്‍കണമെന്ന് നിധി ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി അധികൃതരോടും ആവശ്യപ്പെട്ടു.

രണ്ട് ദശാബ്ദക്കാലത്തോളം ടെലിവിഷന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചു വന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ നിധി  2020 ജൂണിലാണ് ചാനലില്‍നിന്നു ജോലി രാജിവെച്ചത്. ഹാര്‍വാഡ് സര്‍വകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ടതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.

2020 സെപ്റ്റംബറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. എന്നാല്‍ കോവിഡ്19 സാഹചര്യമായതിനാല്‍ 2021 ജനുവരിയിലാണ് ഹര്‍വാഡില്‍ ക്ലാസ് തുടങ്ങുക എന്ന അറിയിപ്പ് കിട്ടി. എന്നാല്‍, ഈ കാലതാമസങ്ങള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയങ്ങളില്‍ ഭരണപരമായ അപാകതകള്‍ താന്‍ ശ്രദ്ധിച്ചുതുടങ്ങിയെന്ന് നിധി പറഞ്ഞു.

കോവിഡ് കാലത്ത് സാധാരണമാണെന്ന് കരുതി തുടക്കത്തില്‍ അത് അവഗണിച്ചു. എന്നാല്‍, അടുത്തിടെ കൂടുതല്‍ അസ്വസ്ഥമാക്കുന്ന അനുഭവങ്ങള്‍ ഉണ്ടായതോടെയാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നേരിട്ട് സമീപിച്ചത്.
സര്‍വകലാശാലയില്‍നിന്ന് ലഭിച്ചതാണെന്ന് താന്‍ വിശ്വസിച്ച ചില സന്ദേശങ്ങള്‍ അവരുമായി പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് താന്‍  ഫിഷിങ് ആക്രമണത്തിന് ഇരയായതായി തിരിച്ചറിഞ്ഞതെന്ന് നിധി വ്യക്താക്കിയിരുന്നു.
ഏതെങ്കിലും കമ്പനിയുടേയോ സ്ഥാപനത്തിന്റേയോ പേരില്‍ ഇ മെയിലുകള്‍ വഴി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന സൈബര്‍ ആക്രമണ രീതിയാണ് ഫിഷിങ്.

 

Latest News