Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ അയോധ്യ ക്ഷേത്ര പിരിവിനിടെ  സംഘര്‍ഷം,  ഒരാള്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദ്-അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി വിഎച്ച്പി നടത്തിയ രഥയാത്രയ്ക്കിടെ സംഘര്‍ഷം. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. ഒരാള്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 40 പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് സൂപ്രണ്ട് മയുര്‍ പാട്ടീല്‍ പറഞ്ഞു. കൊലപാതകം, കലാപമുണ്ടാക്കല്‍, ഗൂഢാലോചന, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിഎച്ച്പിയാണ് രഥയാത്ര നടത്തിയത്. പോലീസില്‍ നിന്ന് അനുമതി വാങ്ങാതെയായിരുന്നു റാലി. ഒരു മസ്ജിദിന് അടുത്തുകൂടെ ഉച്ചഭാഷിണിയില്‍ മുദ്രാവാക്യം വിളിച്ചു പോയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ വിളിച്ചത്.  സംഘര്‍ഷമുണ്ടായതോടെ പോലീസ് ഇടപെട്ടു. ലാത്തി വീശി. പോലീസുകാര്‍ക്കും മറ്റുള്ളവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരനാണ് ഒരു പരാതിക്കാരന്‍. പ്രതികള്‍ക്കായി പോലീസ് വ്യാപക റെയ്ഡ് തുടരുകയാണ്. ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അയോധ്യ രഥയാത്ര രാജ്യത്തിന്റെ പലയിടത്തും സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. മധ്യപ്രദേശിലെ മൂന്ന് ജില്ലകളില്‍ യാത്രയ്ക്കിടെ കലാപമുണ്ടായി. ഉജയിന്‍, ഇന്‍ഡോര്‍ നഗരങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ട്. 

Latest News