Sorry, you need to enable JavaScript to visit this website.

സൂചി കൊണ്ടെടുക്കേണ്ടത്..

സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പാ കൊണ്ടെടുക്കേണ്ടിവരുമെന്ന പഴഞ്ചൊല്ലാണ് മന്ത്രി തോമസ് ചാണ്ടി വിഷയത്തിൽ ഇന്നലെ ഹൈക്കോടതി വിധി വന്നപ്പോൾ തോന്നിയത്. സമീപകാല കേരള ചരിത്രത്തിൽ ഒരു മന്ത്രിയുടെ നാണം കെട്ട പടിയിറക്കം ഇതുപോലെ ഉണ്ടായിട്ടില്ല. (ഈ ലേഖനം എഴുതുമ്പോഴും തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചിട്ടില്ല, മുഖ്യമന്ത്രി പിണറായി അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടതായും വിവരമില്ല). കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ കോഴ ആരോപണത്തെത്തുടർന്ന് കെ.എം മാണിയും അതിനുമുമ്പ് പെണ്ണുകേസിൽ പെട്ട് കെ.ബി ഗണേഷ് കുമാറുമെല്ലാം രാജിവെച്ചത് കനത്ത സമ്മർദങ്ങൾക്കൊടുവിലാണെങ്കിലും ഇത്രത്തോളം അവരും കടിച്ചുതൂങ്ങിയില്ല.
ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് ഡിവിഷൻ ബെഞ്ചിൽനിന്ന് മുഖത്തടി പോലുള്ള വിധിയാണ് കിട്ടിയത്. രാജിവെക്കാൻ പച്ചക്ക് ആവശ്യപ്പെടുകയായിരുന്നു കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ 'കടക്ക് പുറത്തെ'ന്ന്. മാധ്യങ്ങളോട് അങ്ങനെ പറയാൻ ഒരു മടിയുമില്ലാത്ത പിണറായിക്ക് പക്ഷെ തോമസ് ചാണ്ടിയോട് അങ്ങനെ പറയാൻ ഇതുവരെ നാവ് പൊന്തിയിട്ടില്ല. 
തന്റെ കമ്പനിയായ വാട്ടർവേൾഡ് ടൂറിസം കുട്ടനാട്ടിൽ നടത്തിയ കായൽ കയ്യേറ്റവും, മണ്ണിട്ടു നികത്തലും തീർത്തും നിയമവിരുദ്ധമാണെന്ന കലക്ടറുടെ റിപ്പോർട്ടിനെതിരെയായിരുന്നു തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വാസ്തവവിരുദ്ധമാണെന്നും, തന്റെ വാദങ്ങൾ പരിഗണിച്ചില്ലെന്നും അതിനാൽ റിപ്പോർട്ട് അസാധുവാക്കണമെന്നുമായിരുന്നു വാദം. എന്നാൽ ഹരജിയിലെ ആദ്യ വാചകത്തിൽതന്നെയുള്ള 'ഞാൻ, മന്ത്രി തോമസ് ചാണ്ടി' എന്ന പരാമർശത്തിൽ കോടതി കയറിപ്പിടിച്ചു. സർക്കാർ നടപടിക്കെതിരെ സർക്കാരിന്റെ തന്നെ ഭാഗമായ മന്ത്രിക്ക് എങ്ങനെ കോടതിയെ സമീപിക്കാമെന്ന ന്യായമായ ചോദ്യമാണ് ഡിവിഷൻ ബെഞ്ച് ചോദിച്ചത്. ഇതോടെ അതുവരെ തോമസ് ചാണ്ടിയെ സഹായിക്കുംവിധം അഴകൊഴമ്പൻ നിലപാട് സ്വീകരിച്ചിരുന്ന സർക്കാർ വക്കീലിനും മാറ്റി പറയേണ്ടിവന്നു. പിന്നീട് ഹരജി പിൻവലിക്കുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ മന്ത്രിയെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയ്ക്കാണ് ഹരജി നൽകിയതെന്നും, ഹരജി പിൻവലിക്കുന്നില്ലെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇതോടെയാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കടുത്ത പരാമർശം നടത്തിക്കൊണ്ട് കോടതി ഹരജി തള്ളിയത്. മന്ത്രിസ്ഥാനം വഹിച്ചുകൊണ്ട് താൻ ഉദ്ദേശിക്കുന്നതുപോലെ പോകാൻ തോമസ് ചാണ്ടിക്കാവില്ല, ദന്തഗോപുരത്തിൽനിന്ന് താഴെയിറങ്ങി സാധാരണക്കാരനായി വേണം നിയമത്തെ നേരിടാൻ, ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിതന്നെ, തന്റെ സർക്കാരിനെതിരെ ഹരജി നൽകുന്നത് തുടങ്ങിയ ഗുരുതര പരാമർശങ്ങൾ കോടതി നടത്തി.
സർക്കാരിനെയും ഇടതു മുന്നണിയെയും ഇത്രമേൽ പ്രതിസന്ധിയിലാക്കിയതിന്റെ പ്രധാന കാരണക്കാരൻ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. അത് തോമസ് ചാണ്ടിയല്ല, മറിച്ച് സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സി.പി.എം പ്രവർത്തകരെ പോലും അമ്പരപ്പിക്കുംവിധം അസാധാരണമായ ഉറച്ച പിന്തുണയാണ് തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രിക്ക് നൽകിയത്. ഈ പിന്തുണ തോമസ് ചാണ്ടിക്ക് മാത്രം ലഭിക്കുന്ന പ്രത്യേക ആനുകൂല്യമാണെന്നതാണ് അതിലേറെ ദുരൂഹമായ കാര്യം. ഈ സർക്കാരിൽനിന്ന് ഇതിനകം രണ്ട് മന്ത്രിമാർ രാജിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിക്കാരനായ ഇ.പി. ജയരാജനായിരുന്നു ആദ്യം. ബന്ധുനിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്നായിരുന്നു അത്. പിന്നീട് എ.കെ ശശീന്ദ്രൻ. ഒരു ചാനൽ ഒരുക്കിയ ഹണി ട്രാപ്പിൽ കുടുങ്ങിയാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നത്. ഈ രണ്ട് പേരുടെ കാര്യത്തിലും വളരെ പെട്ടെന്നുതന്നെ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. പക്ഷെ തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിട്ടും രാജി പോയിട്ട് രാ എന്ന് പറയാൻ പോലും പിണറായിക്ക് കഴിയുന്നില്ല. മാത്രമല്ല, പരോക്ഷമായി തോമസ് ചാണ്ടിക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. തനിക്കെതിരായ ആരോപണങ്ങളെ ധിക്കാരത്തോടെ വെല്ലുവിളിക്കാൻ തോമസ് ചാണ്ടിക്ക് ധൈര്യം നൽകുന്നത് മുഖ്യമന്ത്രിയുടെ ഈ ഉറച്ച പിന്തുണയല്ലാതെ മറ്റൊന്നുമല്ല.
ആരെയൊക്കെയാണ് മന്ത്രി വെല്ലുവിളിച്ചത്. നിയമലംഘനം ആദ്യം പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ, ആ വിഷയം ഉന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങിയ പ്രതിപക്ഷത്തെ, തനിക്കെതിരെ ശക്തമായ നിലപാടെടുത്ത ഇടതുമുന്നണി ഘടകകക്ഷിയായ സി.പി.ഐ നേതൃത്വത്തെ... 
ഇടതുമുന്നണി സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയുടെ തെക്കൻ മേഖലാ ജാഥക്ക് കുട്ടനാട്ടിൽ നൽകിയ സ്വീകരണവേളയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി അദ്ദേഹം നടത്തിയ വെല്ലുവിളിയായിരുന്നു ഏറ്റവും ശ്രദ്ധേയം. താൻ കയ്യേറ്റം തുടരുമെന്ന് പറയാൻ പോലുമുള്ള ചങ്കൂറ്റം തോമസ് ചാണ്ടി കാട്ടി. കൂട്ടത്തിൽ അടുത്ത 15 വർഷത്തേക്ക് പിണറായി തന്നെയായിരിക്കും കേരള മുഖ്യമന്ത്രിയെന്ന് പറഞ്ഞ് അദ്ദേഹം തനിക്ക് കിട്ടുന്ന ഉറച്ച പിന്തുണക്ക് നന്ദി പ്രകടിപ്പിച്ചു. തനിക്കെതിരെ ആരോപണമുന്നയിച്ച സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി സുധാകർ റെഡ്ഡിയാണ് ആദ്യത്തെ അഴിമതിക്കാരനെന്നുപോലും തോമസ് ചാണ്ടി പറഞ്ഞു. ഇതൊക്കെയായിട്ടും അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിയുടെ നാവിൽനിന്ന് ക മ എന്നുപോലും പുറത്തുവന്നില്ല.
എന്തായിരിക്കും മുഖ്യമന്ത്രിയുടെ പാറപോലുറച്ച ഈ പിന്തുണക്ക് കാരണം. പല കാര്യങ്ങളും അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. മാധ്യമ അജണ്ടക്ക് വഴങ്ങേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനമാണതെന്നതാണ് ചിലർ പറയുന്നത്. താൻ അധികാരമേറ്റതു മുതൽ മാധ്യമങ്ങളോടുള്ള കലിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നതിൽ ഒട്ടും മടി കാണിക്കാത്തയാളാണ് പിണറായി. മന്ത്രിസഭാ യോഗങ്ങൾക്കുശേഷമുള്ള മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം വേണ്ടെന്നുവെച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാധ്യമപ്രവർത്തകർക്കെതിരായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 'തല്ലാനും തല്ല് കൊള്ളാനുമായി ആരും കോടതിയിലേക്ക് പോകേണ്ടതില്ലെ'ന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ ഇതിനു തെളിവ്. ഏറ്റവുമൊടുവിൽ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനുമായി ചർച്ച നടക്കുന്ന ഹാളിൽനിന്ന് മാധ്യമപ്രവർത്തകരെ 'കടക്ക് പുറത്ത്' എന്നുപറഞ്ഞ് ഓടിച്ചുവിട്ടപ്പോഴും മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ ഈർഷ്യ എല്ലാവരും കണ്ടതാണ്. ഇരട്ടച്ചങ്കൻ എന്നൊക്കെയുള്ള മാധ്യമങ്ങളുടെ വാഴ്ത്തുപാട്ടുകളിലൊന്നും താൻ വീണിട്ടില്ല, തനിക്ക് മാധ്യമങ്ങളുടെ ഒരു സുഖിപ്പിക്കലും വേണ്ട എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. 
എന്നിട്ടും തന്റെ മന്ത്രിസഭയിൽനിന്ന് രണ്ട് മന്ത്രിമാർക്ക് രാജിവെക്കേണ്ടിവന്നത് മാധ്യമ ഇടപെടൽ മൂലമാണെന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടാവാം. ഇ.പി. ജയരാജന്റെ ബന്ധുനിയമനം പുറത്തുകൊണ്ടുവന്നതും, എ.കെ. ശശീന്ദ്രനെ കുടുക്കാൻ ഫോൺ കെണിയൊരുക്കിയതും മാധ്യമങ്ങളാണല്ലോ. രണ്ടും കുറിക്കുകൊള്ളുകയും ചെയ്തു. മൂന്നാമതൊരു മന്ത്രിയെക്കൂടി മാധ്യമങ്ങൾക്ക് ആഘോഷിക്കാനായി വിട്ടുകൊടുക്കേണ്ടെന്ന് അദ്ദേഹത്തിന് വാശിയുണ്ടായിരിക്കും.
സി.പി.ഐയുടെ വിരട്ടൽ അവസാനിപ്പിക്കണമെന്നതാവാം മറ്റൊരു കാരണം. വി.എസ്. അച്യുതാനന്ദനോട് ആഭിമുഖ്യം പുലർത്തുന്ന സി.പി.ഐയെ പണ്ടേ പിണറായിക്ക് കണ്ടുകൂടാ. താനും പാർട്ടിയും പ്രതിസന്ധിയിലായപ്പോഴെല്ലാം തന്റെ ശത്രുപക്ഷത്തായിരുന്നു സി.പി.ഐ എന്നതിന്റെ പക അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. മുഖ്യമന്ത്രിയായ താനിരിക്കെ, തനിക്കുമുകളിൽ കയറി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ സി.പി.ഐ നേതൃത്വം കാണിക്കുന്ന ആവേശം അദ്ദേഹത്തെ അരിശം കൊള്ളിക്കുന്നുണ്ടാവും. ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിക്കെതിരെ കടുത്ത നടപടിക്ക് സി.പി.ഐക്കാരനായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നൽകിയ ശുപാർശക്ക് പിണറായി പുല്ലുവില പോലും നൽകാത്തതിന്റെ കാരണവും അതായിരിക്കും.
ഇതിനെല്ലാമുപരിയാണ് മൂന്നാമത്തെ കാരണം. മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും സമ്മർദത്തിലാക്കാൻ കഴിയുന്ന എന്തോ കാര്യം തോമസ് ചാണ്ടിയുടെ പക്കലുണ്ടെന്നതാണത്. ഇതുവെച്ച് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്യുകയാണത്രെ. ഇന്നലെ കോടതി വിധി വന്നതിനുപിന്നാലെ ഒരു ചാനലിൽ ചർച്ചക്കെത്തിയ കുട്ടനാട് കൈനകരി സ്വദേശിയായ ഒരു ഇടതുമുന്നണി പ്രവർത്തകൻ തന്നെ ഇക്കാര്യം പറഞ്ഞു. നാട്ടുകാർക്കിടയിൽ ഇത്തരമൊരു അടക്കം പറച്ചിൽ വ്യാപകമാണെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെതന്നെ സാമൂഹ്യമാധ്യമങ്ങളിലും, ഓൺലൈൻ മാധ്യമങ്ങളിലും തോമസ് ചാണ്ടിയുടെ ബ്ലാക്‌മെയിലിംഗിനെക്കുറിച്ച് സൂചനണ്ടായിരുന്നെങ്കിലും അതൊന്നും വിശ്വാസയോഗ്യമായിരുന്നില്ല. എന്നാൽ സർക്കാരിന്റെയും ഇടതു മുന്നണിയുടെയും, വ്യക്തിപരമായി തന്റെയും പ്രതിഛായയെ ബാധിക്കുംവിധം പ്രശ്‌നം വഷളായിട്ടും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന ദുരൂഹമായ മൗനം പല സംശയങ്ങൾക്കും ഇട നൽകുന്നു. സ്വന്തം പാർട്ടിക്കാരനും അടുത്ത സഖാവുമായ ഇ.പി. ജയരാജനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ പിണറായിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഘടകകക്ഷിയായ എൻ.സി.പി നേതാവ് എ.കെ. ശശീന്ദ്രന്റെ ഫോൺ സംഭാഷണം ചാനലിലൂടെ പുറത്തുവന്നപ്പോൾതന്നെ, 'ഇത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ' എന്ന് പറഞ്ഞ് രാജി പരോക്ഷമായി ആവശ്യപ്പെടുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ അതേ ഘടകകക്ഷി നേതാവായ തോമസ് ചാണ്ടിക്കെതിരെ ഗുരുതര അഴിമതി തെളിഞ്ഞിട്ടും മുഖ്യമന്ത്രിയിൽനിന്ന് നടപടിയില്ലെന്ന് മാത്രമല്ല, പ്രതികരണം പോലുമില്ല. കഴിഞ്ഞ ദിവസം ചേർന്ന ഇടതുമുന്നണി നേതൃയോഗം ഇക്കാര്യം മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിന് വിടുകയായിരുന്നു. അപ്പോഴും വിഷയം എൻ.സി.പി നേതൃത്വത്തിന് വിട്ട് കയ്യൊഴിയുകയായിരുന്നു പിണറായി. ഇന്നലെ കോടതി വിധി വന്നപ്പോഴും ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതൊക്കെ കാണുന്ന സാധാരണ ജനങ്ങളും, സ്വന്തം അണികൾ പോലും മറ്റെന്തെങ്കിലും സംശയിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാനാവും?

Latest News