പാത്രിയാർക്കീസ് മാർബിഷാറ രാജാവുമായി കൂടിക്കാഴ്ച നടത്തി

രണ്ടു ദിവസത്തിനകം ലെബനോനിലേക്ക് മടങ്ങുമെന്ന് സഅദ് അൽഹരീരി

റിയാദ്- അന്ത്യോക്യാ സിറിയൻ മരോനൈറ്റ് സഭാതലവൻ പാത്രിയാർക്കീസ് മാർബിഷാറ പത്രോസ് അൽറായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. അൽയെമാമ കൊട്ടാരത്തിൽ രാജാവിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സൗദി അറേബ്യയും ലെബനോനും തമ്മിലുള്ള ഉഭയകക്ഷിബന്ധം ഇരു നേതാക്കളും കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു. ലോകത്ത് സഹിഷ്ണുത രൂഢമൂലമാക്കുന്നതിലും അക്രമവും തീവ്രവാദവും ഭീകരവാദവും നിരാകരിക്കുന്നതിലും സമാധാനവും സുരക്ഷാ ഭദ്രതയുമുണ്ടാക്കുന്നതിലും വ്യത്യസ്ത മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും സുപ്രധാന പങ്ക് വഹിക്കുന്നതിന് കഴിയുമെന്ന് സൽമാൻ രാജാവും പാത്രിയാർക്കീസ് മാർബിഷാറ പത്രോസ് അൽറായിയും എടുത്തുപറഞ്ഞു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ആദിൽ അൽജുബൈർ, ഗൾഫ് കാര്യങ്ങൾക്കുള്ള സഹമന്ത്രി ഥാമിർ അൽസബ്ഹാൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പാത്രിയാർക്കീസ് മാർബിഷാറ പത്രോസ് അൽറായി പിന്നീട് ചർച്ച നടത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഒരുക്കിയ ഉച്ച വിരുന്നിലും പാത്രിയാർക്കീസ് മാർബിഷാറ പങ്കെടുത്തു. റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, റിയാദ് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ അൽസുദൈരി, റിയാദ് ഗവർണറുടെ ഉപദേഷ്ടാവ് സഹ്മി ഫുവൈസ്, റിയാദ് മേയർ എൻജിനീയർ ഇബ്രാഹിം അൽസുൽത്താൻ എന്നിവരും റിയാദ് ഗവർണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും വിരുന്നിൽ പങ്കെടുത്തു. 
ലെബനോനുള്ള പിന്തുണ സൗദി നേതാക്കൾ വ്യക്തമാക്കിയതായി രാജാവുമായും കിരീടാവകാശിയുമായും നടത്തിയ ചർച്ചകൾക്കുശേഷം പാത്രിയാർക്കീസ് മാർബിഷാറ പറഞ്ഞു. 
സഅദ് അൽഹരീരി എത്രയും വേഗം ലെബനോനിലേക്ക് മടങ്ങുമെന്നും പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവെക്കുന്നതിന് അൽഹരീരി പറഞ്ഞ കാരണങ്ങളെ താൻ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ രണ്ടു ദിവസത്തിനകം ലെബനോനിലേക്ക് മടങ്ങുമെന്ന് സഅദ് അൽഹരീരിയും പ്രഖ്യാപിച്ചു. പാത്രിയാർക്കീസ് മാർബിഷാറയുമായി നടത്തിയ ചർച്ചക്കു ശേഷമാണ് സഅദ് അൽഹരീരി ഇക്കാര്യം അറിയിച്ചത്. താൻ ലെബനോനിലേക്ക് മടങ്ങിയാലും തന്റെ കുടുംബം സൗദിയിൽ തന്നെ തുടരുമെന്നും സഅദ് അൽഹരീരി പറഞ്ഞു. ലെബനോനിൽ ഇറാൻ ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ്, തനിക്കെതിരായ വധഗൂഢാലോചന കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം നാലിന് ലെബനോൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് സഅദ് അൽഹരീരി രാജിവെച്ചത്. 
 

Latest News