Sorry, you need to enable JavaScript to visit this website.
Sunday , February   28, 2021
Sunday , February   28, 2021

തൊഴിൽ മേഖലയിലെ അരക്ഷിതാവസ്ഥ

ഓരോ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഒഴിവു വരുന്ന തസ്തികകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് അർഹരായവർക്ക് കാലതാമസമില്ലാതെ തൊഴിൽ ലഭിക്കുന്നതിനുള്ള അവസരങ്ങൾ സർക്കാർ ഒരുക്കണം. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി യോഗ്യരായ തൊഴിലന്വേഷകരുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന നിലപാടുകളിൽ നിന്ന് സർക്കാരുകളും രാഷ്ട്രീയ നേതാക്കളും പിൻമാറേണ്ടതുണ്ട്. 

ബിരുദദാരികളും ഉപരിപഠനം പൂർത്തിയാക്കിയവരുമായ യുവാക്കൾ എക്കാലത്തും തൊഴിലിനു വേണ്ടി കാത്തിരിക്കുന്ന നാടാണ് കേരളം. തൊഴിലില്ലായ്്മ രൂക്ഷമായ കാലത്ത് സർക്കാർ തൊഴിലിനു വേണ്ടി കാത്തിരിക്കാതെ വിദേശങ്ങളിലേക്ക് കുടിയേറിയവരാണ് മലബാറിലെ ഒരു തലമുറ. കുടിയേറ്റം പല കുടുംബങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുത്തിയെങ്കിലും തൊഴിൽ മേഖലയിലെ അരക്ഷിതാവസ്ഥ എല്ലാ കാലത്തും യുവാക്കളുടെ ആശങ്കയാണ്. വിദേശത്തായാലും നാട്ടിലായാലും തൊഴിലിന്റെ സുരക്ഷിതത്വം ജോലിക്കാരെ എന്നും അലട്ടിയിരുന്നു. സർക്കാർ ജോലിയെന്ന സുരക്ഷിത താവളത്തിൽ ഇടം കിട്ടാൻ തീവ്രശ്രമം നടത്തുന്ന ഒരു വലിയ വിഭാഗം യുവാക്കൾ മലയാള നാട്ടിലുണ്ട്. അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന നിലപാടുകളാണ് പലപ്പോഴും സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾ കൈക്കൊള്ളുന്നത്.
സർക്കാർ വകുപ്പുകളിലേക്കും സർക്കാർ അനുബന്ധ സ്ഥാപനങ്ങളിലേക്കും തൊഴിൽ നിയമനം നടത്തുന്നതിന് വ്യവസ്ഥാപിതമായ സംവിധാനമാണ് പബ്ലിക് സർവീസ് കമ്മീഷൻ. എന്നാൽ പി.എസ്.സിയെ നോക്കു കുത്തിയാക്കി പിൻവാതിലിലൂടെ നിയമനം നടത്തുന്നത് ഏറെ കാലമായി കേരളത്തിലെ വിവാദ വിഷയമാണ്. അടുത്തിടെ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഉയർന്നുവന്ന പുതിയ വിവാദം തൊഴിൽ രഹിതരുടെ എക്കാലത്തെയും മുറവിളികളെയും ആരോപണങ്ങളെയും ശരിവെക്കുന്നതാണ്. 
കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സിൻഡിക്കേറ്റ് അടുത്തിടെ നടത്തിയ നീക്കം വിവാദമാകുകയും പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു. പ്യൂൺ തസ്തികയിലുണ്ടായിരുന്നവരെ നേരത്തെ ക്ലറിക്കൽ അസിസ്റ്റന്റുമാരായി ഉയർത്തിയിരുന്നു. പിന്നീട് ഇവരെ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രൊമോഷൻ നൽകി നിയമിക്കുന്നതിനുള്ള നീക്കമാണ് കാലിക്കറ്റിൽ നടന്നത്. പത്തു വർഷത്തിൽ കൂടുതൽ കരാർ ജോലിക്കാരായോ ദിവസക്കൂലിക്കാരായോ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താമെന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തെ തുടർന്ന് കൂടുതൽ പേർക്ക് സ്ഥിരനിയമനം നൽകുന്നതിനുള്ള നീക്കവും കാലിക്കറ്റ് യൂനിവേഴ്്‌സിറ്റിയിൽ നടന്നിരുന്നു. സിൻഡിക്കേറ്റിന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തി വരുന്ന ഇത്തരം പിൻവാതിൽ നിയമനം മലബാർ മേഖലയിലെ തൊഴിൽ രഹിതരും വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ ചെറുപ്പക്കാരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നതാണ്.
മലബാർ മേഖല കേരളത്തിലെ പിന്നോക്ക മേഖലയാണെന്ന വിലയിരുത്തലിന് പിന്നിൽ തൊഴിൽപരമായ ഘടകങ്ങളുമുണ്ട്. സമൂഹത്തിന്റെ അടിസ്ഥാന മേഖലകളിൽ വികസനമെത്താതിരിക്കുകയും അതുവഴി തൊഴിലവസരങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് മലബാറിൽ ഏറെ കാലമായി നിലനിൽക്കുന്ന പിന്നോക്കാവസ്ഥക്ക് കാരണമാണ്. തൊഴിൽ ദാതാക്കളായ സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ മലബാറിൽ വർധിച്ചിട്ടുണ്ടെങ്കിലും സർക്കാർ ജോലിയിലേക്കുള്ള യുവാക്കളുടെ കാത്തിരിപ്പ് നീളുകയാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മേഖലയിലെ തൊഴിലുകളാണ് ഇപ്പോഴും മലബാറിലുള്ളവർക്ക് കൂടുതൽ ആശ്രയിക്കാനുള്ളത്. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണം, സ്വാശ്രയ നയം എന്നിവ വേതനം കുറഞ്ഞ തൊഴിലാളി സമൂഹത്തെ സൃഷ്ടിക്കുന്നതിന് പ്രധാനകാരണമായി. മെച്ചപ്പെട്ട വേതനം ലഭിക്കുന്നതും തൊഴിൽ സുരക്ഷയുള്ളതുമായ സർക്കാർ ജോലിക്കുള്ള അവസരങ്ങൾ വർധിക്കുന്നുമില്ല. ഇതിനിടയിലാണ് തസ്തികകളിൽ പിൻവാതിൽ നിയമനം നടത്തി തൊഴിലന്വേഷകരെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാലയങ്ങളും വിദ്യാർഥികളുമുള്ള മലപ്പുറം ജില്ലയിൽ ഏറെ കാലമായി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പരാതികൾ ഉയരാറുണ്ട്. വിദ്യാർഥികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അധ്യാപകരില്ലാത്ത വിഷമകരമായ അവസ്ഥയാണ് മലബാറിലെ മിക്കജില്ലകളിലുമുള്ളത്. കരാർ നിയമനമായോ ദിവസ വേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിയമിച്ച് ഈ പ്രശ്‌നത്തിൽ നിന്ന് താൽക്കാലികമായി തലയൂരാനാണ് സർക്കാരുകൾ ശ്രമിക്കാറുള്ളത്. അധ്യാപക ഒഴിവുകൾ ഏറെയുണ്ടെങ്കിലും നിയമനം നടത്താൻ സർക്കാർ തയാറാകാറില്ല. സാമ്പത്തിക ബാധ്യത തന്നെയാണ് പ്രധാന കാരണം. പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ പലതും ഒരാൾക്ക് പോലും നിയമനം ലഭിക്കാതെ കാലഹരണപ്പെട്ടു പോകുന്ന അവസ്ഥയുമുണ്ട്. കോൺട്രിബ്യൂട്ടറി പെൻഷൻ സംവിധാനം നിലവിൽ വന്ന് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും സർക്കാർ വകുപ്പുകളിലെ നിയമനം ഇഴഞ്ഞു നീങ്ങുന്നത് തൊഴിലില്ലാത്ത ചെറുപ്പക്കാരോട് സർക്കാർ സ്വീകരിക്കുന്ന നിസ്സംഗ മനോഭാവത്തിന്റെ തെളിവാണ്.
പി.എസ്.സി റാങ്ക് ലിസ്റ്റുകൾ തയാറാക്കിയിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയാറാകാത്തത് പുതിയ കാര്യമല്ല. വകുപ്പു മേധാവികൾ ഒഴിവുള്ള തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. എന്നാൽ പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഓരോ വകുപ്പുകളും അപ്രഖ്യാപിതമായ നിയമന നിരോധനം നടപ്പാക്കുകയാണ്. ഒഴിവുകളുണ്ടായിട്ടും അവ വെളിപ്പെടുത്താതെ നിയമനം വൈകിക്കുന്നത് മാറിമാറി വരുന്ന സർക്കാരുകളുടെ ശൈലിയാണ്. ജോലി കിട്ടുമെന്ന് കരുതി കാത്തിരുന്ന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയുന്നത് കണ്ട് ദുഃഖിക്കുന്നവരാണ് ഉദ്യോഗാർഥികളിലേറെയും.
സർവകലാശാലകൾ പോലുള്ള സ്വയംഭരണ സംവിധാനങ്ങളുള്ള സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ നിയമനങ്ങൾ സുതാര്യമാകേണ്ടതുണ്ട്. രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് നടത്തേണ്ട ഒന്നല്ല സർവകലാശാലകളിലെ നിയമനങ്ങൾ. സമൂഹത്തിന്റെ പൊതുസ്വത്തായിരിക്കുകയും അവയുടെ നടത്തിപ്പിന് ജനങ്ങളുടെ നികുതിപ്പണമാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ടും ഇത്തരം സ്ഥാപനങ്ങളിലെ നിയമനവും എല്ലാവർക്കും അവകാശപ്പെട്ടതാണ്. യോഗ്യരായവരെ തെരഞ്ഞെടുക്കാൻ പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടെന്നിരിക്കേ രാഷ്ട്രീയമായ താൽപര്യങ്ങൾക്കനുസരിച്ച് ചട്ടലംഘനം നടത്തി നിയമനം അട്ടിമറിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. കൂടുതൽ പൊതുസ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുമ്പോഴും ചട്ടങ്ങൾ അട്ടിമറിക്കുന്നതിന് പഴുതുകൾ തേടുകയാണ് ഭരണ സമിതികൾ ചെയ്യുന്നത്. ഇത് തൊഴിൽ രഹിതരായ യുവാക്കളോടുള്ള അനീതിയാണ്. പി.എസ്.സി വഴി മാത്രം നടക്കേണ്ട നിയമനങ്ങൾ അതേ രീതിയിൽ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഓരോ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഒഴിവു വരുന്ന തസ്തികകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് അർഹരായവർക്ക് കാലതാമസമില്ലാതെ തൊഴിൽ ലഭിക്കുന്നതിനുള്ള അവസരങ്ങൾ സർക്കാർ ഒരുക്കണം. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി യോഗ്യരായ തൊഴിലന്വേഷകരുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന നിലപാടുകളിൽ നിന്ന് സർക്കാരുകളും രാഷ്ട്രീയ നേതാക്കളും പിൻമാറേണ്ടതുണ്ട്.