35 ഇടങ്ങളില്‍ ബി.ജെ.പിയ്ക്ക് 20 ശതമാനം,  ഗൗരവത്തിലെടുത്ത് സി.പി.എം 

തിരുവനന്തപുരം- തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ 35 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ടു നേടിയതായി സിപിഎം. ഈ മണ്ഡലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത് 20% വോട്ടാണ് എന്നാണ് സിപിഎം നിഗമനം. 35 മണ്ഡലങ്ങളില്‍ ഇത്രയും നേടിയത് കരുതലോടെ വീക്ഷിക്കണം. 20 % വോട്ട് മുന്നോട്ടു കുതിക്കാനുള്ള അടിത്തറയായി വിലയിരുത്തണം.
തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള താഴേത്തട്ടിലെ അവലോകന റിപ്പോര്‍ട്ടിങ്ങില്‍ സംസ്ഥാന നേതൃത്വം ഊന്നല്‍ കൊടുക്കുന്ന കാര്യങ്ങളില്‍ ഒന്ന് ചില ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ ഈ വളര്‍ച്ചയാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു മൊത്തം വോട്ട് വിഹിതത്തില്‍ ബിജെപി മുന്നോട്ടു വന്നിട്ടില്ല. 15 ശതമാനത്തില്‍ താഴെയാണ് 2 തിരഞ്ഞെടുപ്പിലും ലഭിച്ചത്. എന്നാല്‍, 35 മണ്ഡലങ്ങളില്‍ 25,000 വോട്ടില്‍ കൂടുതല്‍ നേടി. 20,000 ല്‍ കൂടുതല്‍ നേടിയ 55 മണ്ഡലങ്ങള്‍. പതിനായിരത്തില്‍ താഴെ വോട്ടു ലഭിച്ച മണ്ഡലങ്ങളുടെ കണക്ക് ആദ്യമായി 25 ല്‍ താഴെയായി ചുരുങ്ങി.
ഇരു മുന്നണികള്‍ക്കും കിട്ടിവന്ന വോട്ടുകള്‍ ബിജെപി ചോര്‍ത്തുന്നു എന്നതു യുഡിഎഫും ശ്രദ്ധിക്കേണ്ടി വരും. 2016 ല്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി പിടിച്ച വോട്ടാണ് യുഡിഎഫിനു പ്രധാനമായും തിരിച്ചടിയായത്.
നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, അരുവിക്കര, കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂര്‍, ഇരവിപുരം, കുന്നത്തൂര്‍, കൊട്ടാരക്കര, തൃശൂര്‍, മണലൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പുതുക്കാട്, നാട്ടിക, പാലക്കാട്, മലമ്പുഴ, ചേലക്കര, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോര്‍ത്ത്, ഉദുമ, മഞ്ചേശ്വരം, കാസര്‍കോട് എന്നി നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്.

Latest News