Sorry, you need to enable JavaScript to visit this website.

കുറ്റവിമുക്തനാകുന്നയാൾ മന്ത്രിയായി തിരിച്ചെത്തും-എൻ.സി.പി

തിരുവനന്തപുരം- ആരാണോ ആദ്യം കുറ്റവിമുക്തനാകുന്നത് അവരെ ആദ്യം മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ. നിലവിൽ എൻ.സി.പിയുടെ രണ്ട് എം.എൽ.എമാരും അന്വേഷണം നേരിടുകയാണെന്നും ഇതിൽ ആരാണോ ആദ്യം കുറ്റവിമുക്തനാകുന്നത് അവർ മന്ത്രിസഭയിൽ തിരിച്ചെത്തുമെന്നും തോമസ് ചാണ്ടിയുടെ രാജിക്കാര്യം വിശദീകരിക്കാൻ വിളിച്ചുേചർച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് സ്ഥാപിക്കാൻ പലകോണുകളിൽനിന്നും ശ്രമിച്ചുവരികയായിരുന്നു. ഇടതുമുന്നണിക്കും പാർട്ടിക്കും അപമാനമുണ്ടാക്കുന്ന രീതിയിലായിരുന്നു ചർച്ച. അധികാരത്തിലെത്തിയ ശേഷം ജനക്ഷേമകരമായ നിരവധി പ്രവർത്തനങ്ങളാണ് പിണറായി വിജയന്റെ സർക്കാർ മുന്നോട്ടുപോകുന്നത്. ആ സർക്കാറിനെയും പിണറായി വിജയനെയും ആക്ഷേപിക്കുന്ന ഘട്ടം വരെയെത്തി. തുടർന്ന് ഇടതുമുന്നണി സ്വീകരിച്ച പൊതുധാരണയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തി. എൻ.സി.പിയുടെ കൂടി അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന എൻ.സി.പി എക്‌സിക്യൂട്ടിവ് ഇക്കാര്യം ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രനേതൃത്വവുമായി ചേർന്ന് തീരുമാനമെടുക്കാനാണ് തീരുമാനിച്ചത്. 

ഇതിനിടെ, തോമസ് ചാണ്ടി കോടതിയിൽനൽകിയ കേസിൽ തോമസ് ചാണ്ടി നൽകിയ പരാതിയിൽ വിധിയുണ്ടായി. മന്ത്രി കോടതിയിൽ എത്തിയതിന്റെ അനൗചിത്യത്തെയാണ് കോടതി വിമർശിച്ചത്. ഈ വിധിയിൽ ജഡ്ജി നടത്തിയ പരാമർശങ്ങൾ ഇടതുമുന്നണിക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.സി.പി നേതാക്കളെ കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ നിരപരാധിത്വത്തെ പറ്റി മുഖ്യമന്ത്രിക്ക് സംശയമില്ല. എന്നാൽ ഇടതുമുന്നണിയിലെ തന്നെ ചില പാർട്ടികൾക്ക് തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടരുന്നതിനോട് താൽപര്യമില്ല. തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പിൻവലിക്കണമെന്ന് എൻ.സി.പിയോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്താണ് തോമസ് ചാണ്ടിയെ പിൻവലിക്കാൻ തീരുമാനിച്ചത്. മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാതെ സി.പി.ഐ മന്ത്രിമാർ മാറിനിന്നത് ഗൗരവകരമായ പ്രശ്‌നമാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. സി.പി.ഐയുടെ സമർദ്ദപ്രകാരം തീരുമാനമെടുക്കേണ്ട സ്ഥിതി രാജ്യത്തില്ലെന്നും പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു.

Latest News