റിയാദ്- തനിക്ക് കൊറോണ വൈറസ് ബാധിച്ചതിനാലാണ് കൊറോണ വാക്‌സിൻ സ്വീകരിക്കുന്നത് വൈകാൻ കാരണമെന്ന് റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പറഞ്ഞു. ആദ്യ ഡോസ് കൊറോണ വാക്‌സിൻ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു റിയാദ് ഗവർണർ. തനിക്ക് നേരത്തെ കൊറോണ ബാധിച്ചിരുന്നു. ഇക്കാരണത്താൽ വാക്‌സിൻ സ്വീകരണം നീട്ടിവെക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. കൊറോണ വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാധ്യമായത്ര എളുപ്പമാണെന്നും ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പറഞ്ഞു.
മദീനയിലും കൊറോണ വാക്‌സിൻ വിതരണത്തിന് തുടക്കമായിട്ടുണ്ട്. മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ മദീന വാക്‌സിൻ സെന്റർ ഉദ്ഘാടനം ചെയ്തു. മദീന കിംഗ് ഫഹദ് ജനറൽ ആശുപത്രിക്കു സമീപമുള്ള നജൂദ് മെഡിക്കൽ സെന്ററാണ് കൊറോണ വാക്‌സിൻ സെന്ററാക്കി മാറ്റിയിരിക്കുന്നത്. മദീന ഗവർണറും ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽഫൈസൽ രാജകുമാരനും ആദ്യ ഡോസ് കൊറോണ വാക്‌സിൻ സ്വീകരിക്കുകയും ചെയ്തു.
കൊറോണ പ്രതിരോധ കുത്തിവെപ്പിനുള്ള അഞ്ചു മുറികൾ വീതം അടങ്ങിയ പത്തു സ്യൂട്ടുകളാണ് മദീന വാക്‌സിൻ സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. അടിയന്തര കേസുകൾക്ക് രണ്ടു സ്യൂട്ടുകളും ഇവിടെ നീക്കിവെച്ചിട്ടുണ്ട്. സൗദിയിൽ ഏറ്റവുമാദ്യം കൊറോണ വാക്‌സിൻ സെന്റർ തുറന്നത് റിയാദിലാണ്. പിന്നീട് ജിദ്ദയിലും മൂന്നാമതായി ദമാമിലും വാക്‌സിൻ വിതരണത്തിന് തുടക്കമായി. രാജ്യത്തെ നാലാമത്തെ വാക്‌സിൻ സെന്ററാണ് മദീനയിൽ തുറന്നിരിക്കുന്നത്. വിദേശത്തു നിന്ന് കൂടുതൽ ഡോസ് വാക്‌സിൻ എത്തുന്ന മുറക്ക് മറ്റു പ്രവിശ്യകളിലും വാക്‌സിൻ സെന്ററുകൾ തുറക്കും. വൈകാതെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വാക്‌സിൻ സെന്ററുകൾ തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ സൗദിയിൽ 2,95,530 ഡോസ് കൊറോണ വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.






