Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശിയ വെള്ളച്ചാലിലേക്ക് തള്ളിയിട്ട വിവാദ വീഡിയോ; സെലിബ്രിറ്റി അറസ്റ്റില്‍

റിയാദ് - കോമഡിക്കു വേണ്ടി വിദേശിയെ വെള്ളച്ചാലിലേക്ക് അപ്രതീക്ഷിതമായി തള്ളിയിട്ട സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.
മരുഭൂപ്രദേശത്തെ വെള്ളച്ചാലിനു മുകളില്‍ ഭിത്തിയില്‍ ഇരിക്കുകയായിരുന്ന വിദേശിയെ സെലിബ്രിറ്റി അപ്രതീക്ഷിതമായി  ഏഷ്യന്‍ വംശജനെ തള്ളിയിടുകയും ശിരസ്സടിച്ച് താഴെ വീഴുന്നത് കണ്ട് പൊട്ടിച്ചിരിക്കുകയുമായിരുന്നു.

ഏഷ്യന്‍ വംശജനുമായി തമാശകള്‍ പങ്കുവെക്കുന്നതിനിടെയായിരുന്നു ഇയാളെ സെലിബ്രിറ്റി ഉന്തിതള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സെലിബ്രിറ്റിയും കൂട്ടാളിയും  സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ക്ലിപ്പിംഗ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയാണ് കുറ്റക്കാരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞത്. 40 മുതല്‍ 50 വരെ വയസ് പ്രായമുള്ള സൗദി പൗരന്മാരാണ് അറസ്റ്റിലായതെന്നും നിയമ നടപടികള്‍ക്ക് ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

ഏഷ്യന്‍ വംശജനെ പ്രതികള്‍ ഉന്തിതള്ളിയിടുന്നതിന്റെയും വിദേശി ശിരസ്സടിച്ച് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

 

Latest News