Sorry, you need to enable JavaScript to visit this website.

പ്രവാസികളെ വിസ്മരിക്കാത്ത കേരള ബജറ്റ്


പുതിയകാല തൊഴിലുകളിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് നിർണായകമാണ്. വിദേശ പണ വരുമാനം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2530 ശതമാനം വരുന്നുണ്ട്. ഇവരുടെ നൈപുണിയും സമ്പാദ്യവും ലോകപരിചയവും ഉപയോഗപ്പെടുത്താനാണ് സർക്കാർ ലക്ഷ്യം. അതാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ പ്രവാസി ക്ഷേമത്തിൽ ഊന്നിയുള്ള ബജറ്റിന്റെ കാതലെന്ന് പ്രത്യക്ഷത്തിൽ തോന്നുന്നു. 


ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിൽ വരുന്ന മാറ്റങ്ങളുടെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടു തിരിച്ചുവരുന്നവരെ സംരക്ഷിക്കുന്നതിനും പദ്ധതികളുണ്ട്. ജൂലൈ മാസത്തിൽ എല്ലാ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കും. വിദേശത്തുനിന്നു മടങ്ങിവന്നവരുടെയും മടങ്ങിവരാൻ ഉദ്ദേശിക്കുന്നവരുടെയും പട്ടികയും അവരുടെ ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തിൽ ക്രോഡീകരിക്കും. അവ ജില്ലാ അടിസ്ഥാനത്തിൽ കർമ പരിപാടിയായി മാറ്റുമെന്നുമാണ് ബജറ്റ് പ്രഖ്യാപനം.
അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങൾ, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളിൽ മടങ്ങിവരുന്ന പ്രവാസികൾക്കു മുൻഗണന നൽകും. മടങ്ങിവരുന്നവർക്ക് നൈപുണി പരിശീലനം നൽകി വീണ്ടും വിദേശത്തു പോകാനുള്ള സഹായവും ലഭ്യമാക്കും. ഈ ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു വേണ്ടി 100 കോടി രൂപ അനുവദിച്ചത് ശുഭോദർക്കമാണ്. 


സമാശ്വാസ പ്രവർത്തനങ്ങൾക്കു 30 കോടി രൂപയും അനുവദിച്ചു. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഗൗരവത്തിലെടുക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ തയാറായിട്ടില്ല. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ വകയിരുത്തി. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു.
പ്രവാസി ഡിവിഡന്റ് സ്‌കീമിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് 10 ശതമാനം പലിശ ബജറ്റിൽ വാഗ്ദാനം ചെയ്തു. ഈ തുക കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുക. കിഫ്ബി പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും അത് നിക്ഷേപകരെ ബാധിക്കില്ല. ക്ഷേമപ്രവർത്തനമെന്ന നിലയിൽ അധികം വേണ്ടിവരുന്ന പലിശച്ചെലവ് സർക്കാർ വഹിക്കും.
പ്രവാസി ചിട്ടിയിൽ ഇതിനകം 30,230 പ്രവാസികൾ ചേർന്നിട്ടുണ്ട്. പ്രതിമാസ സല 47 കോടി രൂപയാണ്. കിഫ്ബി ബോണ്ടിൽ 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കോവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജിതപ്പെടുത്തുമെന്ന വാഗ്ദാനവും പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ്.


അതുപോലെ കെ.എസ്.ആർ.ടി,സി സംബന്ധിച്ച പ്രഖ്യാപനവും ആശാവഹമാണ്. പെൻഷനും ശമ്പള വിതരണത്തിനുമായി കെഎസ്ആർടിസിക്ക് ആകെ 1800 കോടി നീക്കി വെക്കും. മൂവായിരം ബസുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് അൻപത് കോടി അനുവദിക്കും. കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ സാമ്പത്തിക സഹായമായി 50 കോടി നൽകും. കിഫ്ബിയിൽ നിന്ന് 2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച 1000 പുതിയ ബസുകളിൽ 300 എണ്ണമേ ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ. കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി പ്രവർത്തന ക്ഷമമായാൽ ബാക്കി കൂടി പരിഗണിക്കും. 


ദീർഘദൂര സർവീസുകൾ കെസ്വിഫ്റ്റ് എന്ന നാലാം മേഖലയായി മാറ്റും. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ചിട്ട് വകമാറ്റിയ തുകയും മെഡിക്കൽ ആനുകൂല്യം തുടങ്ങിയവയുടെ കുടിശ്ശികകളും കൊടുക്കുന്നതിന് 225 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം, പെൻഷൻ, കടം തിരിച്ചടവ് തുടങ്ങിയവക്ക് 1000 കോടി രൂപ വകയിരുത്തിയതും നല്ല കാര്യമാണ്.
സ്‌കൂൾ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിന് 120 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ കെട്ടിടങ്ങളിൽ പുതിയ ഫർണിച്ചറിനു വേണ്ടിയുള്ള ഒരു സ്‌കീമിന് രൂപം നൽകാനും പഴയ ഫർണിച്ചറുകൾ പുതുക്കി ഉപയോഗിക്കാനും എല്ലാ സ്‌കൂളുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കാനും തുക വിനിയോഗിക്കും. ലാബുകൾ നവീകരിക്കാനും സ്ഥലസൗകര്യം ഒട്ടുമില്ലാത്ത സ്‌കൂളുകളുടെ സ്ഥലവിസ്തൃതി വർധിപ്പിക്കുന്നതിനും കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തുന്നതിനും തുക വിനിയോഗിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. 


വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി 73 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഐടി അധിഷ്ഠിത അധ്യയനത്തിൽ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം, ജില്ലാ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രം പോലെ പ്രത്യേക വിഷയങ്ങൾക്കുള്ള പരിപാടികൾ, പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും മേഖലകൾക്കും വേണ്ടിയുള്ള ശ്രദ്ധ പോലുള്ള പരിപാടികൾ, ശ്രുതിപാഠം, ഇന്ത്യൻ ആംഗ്യഭാഷയിൽ പരിശീലനം, തേൻകൂട് പോലുള്ള ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്‌കീമുകൾ, അധ്യയനത്തിൽ മികവു പ്രകടിപ്പിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പരിപാടികൾ, സെൽഫ് റിഫഌക്ഷൻ കിയോസ്‌കൂൾ, തിങ്ക് ആന്റ് ലേൺ പ്രോജക്ട്, വിവിധതരം സ്‌കൂൾ ക്ലബ്ബുകൾ തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ, കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനുള്ള കെഡാറ്റ് ഓൺലൈൻ അഭിരുചി പരീക്ഷ, കലാകായിക വികസനത്തിനായുള്ള പരിപാടി എന്നീ സ്‌കീമുകളാണ് തുക ഉപയോഗിച്ച് നടപ്പിലാക്കുന്നത്. സ്‌കൂളുകളിലെ ഐടി സൗകര്യങ്ങളുടെ പൂർണവിനിയോഗം ഉറപ്പു വരുത്തുന്നതിന് ചുമതല നൽകിയ കൈറ്റിന് 30 കോടി രൂപ ബജറ്റിൽ വകയിരുത്തി. സ്‌കൂൾ യൂനിഫോമിന് 105 കോടിയും ഉച്ചഭക്ഷണ വിതരണത്തിന് 526 കോടി രൂപയും സാക്ഷരതാ മിഷന് 18 കോടി രൂപയും അനുവദിച്ചു. വൊക്കേഷണൽ/ഹയർ സെക്കണ്ടറി മേഖലയ്ക്ക് 111 കോടി രൂപയും സമഗ്രശിക്ഷാ അഭിയാന്റെ അടങ്കൽ ആയി 240 കോടി രൂപയും പ്രഖ്യാപിച്ചു. 


അതുപോലെ കുടുംബ ബാധ്യതകളിൽപെട്ട് ജോലി ഉപേക്ഷിച്ച സ്ത്രീകളെ വീണ്ടും തൊഴിൽ കണ്ടെത്താൻ സഹായിച്ച് സമൂഹത്തിന്റെ മുൻപന്തിയിലേക്ക് എത്തിക്കുവാൻ സർക്കാർ കൈത്താങ്ങേകുന്നു. 
പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് കേരളത്തിൽ 5.8 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 19.1 ശതമാനമാണ്. എത്ര ശ്രമിച്ചാലും ജോലി കിട്ടില്ലായെന്നു വരുമ്പോൾ സ്ത്രീകൾ തൊഴിലന്വേഷണം തന്നെ നിർത്തി തൊഴിൽ സേനയ്ക്ക് പുറത്തു പോകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 73.5 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 28.5 ശതമാനം മാത്രമാണ്. 


ഈ ബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കേരളത്തിലെ സ്ത്രീകളാണ്. തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന്റെ ഫലമായി സ്ത്രീകളുടെ തൊഴിലില്ലായ്മ ഗണ്യമായി കുറക്കുന്നതിനും തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനും സാധിക്കുമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു. നൈപുണി വികസനത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതിയിൽ മുഖ്യമായി ലക്ഷ്യമിടുന്നത് ജോലി നിർത്തി വീട്ടിലിരിക്കുന്ന സ്ത്രീകളെയാണ്. 
ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 75 ശതമാനം യുവതികളായിരിക്കും. ഇത്തരത്തിൽ താൽപര്യവും കഴിവുമുള്ള തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ പരിശീലനത്തിന് കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീക്കായിരിക്കും. ഇതിന് പ്രത്യേകം സബ്മിഷൻ കുടുംബശ്രീയിൽ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ കുടുംബശ്രീക്ക് അനുവദിച്ചിട്ടുണ്ട്. വനിതാ സംരംഭകത്വ വികസനത്തിനും ഊന്നലുണ്ട്. ഒമ്പത് കെഎസ്‌ഐഡിസി കിൻഫ്രാ പാർക്കുകളിലും വിമൻ ഫെസിലിറ്റേഴ്‌സ് സെന്റർ സ്ഥാപിക്കും. കെഎസ്‌ഐഡിസിയിൽ പ്രത്യേക വിമൻ എന്റർപ്രണർ മിഷൻ ഉണ്ടാകും. സ്ത്രീകളുടെ ഉയരുന്ന തൊഴിൽ പങ്കാളിത്തം സൃഷ്ടിക്കുന്ന ഇരട്ടി ഭാരം ലഘൂകരിക്കാനുള്ള പോംവഴിയും ബജറ്റിൽ മന്ത്രി തോമസ് ഐസക് മുന്നോട്ട് വെക്കുന്നു. 


പുരുഷൻമാർ കൂടി വീട്ടുപണികളിൽ പങ്കെടുത്തേ തീരൂവെന്ന് മന്ത്രി ഓർമിപ്പിച്ചു. അതോടൊപ്പം വീട്ടുപണികളിൽ യന്ത്രവൽക്കരണത്തെ പ്രോത്സാഹിപ്പിക്കണം. ഇതിനായി സ്മാർട്ട് കിച്ചൺ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. കെഎസ്എഫ്ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ ആരംഭിക്കും. യന്ത്ര ഗാർഹികോപകരണങ്ങളുടെ പാക്കേജുകളുടെ വില തവണകളായി ഏതാനും വർഷം കൊണ്ട് അടച്ചു തീർത്താൽ മതി. പലിശ മൂന്നിലൊന്നു വീതം ഗുണഭോക്താവ്, തദ്ദേശഭരണ സ്ഥാപനം, സർക്കാർ എന്നിവർ പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയാണെങ്കിൽ മറ്റു ഈടുകളുടെ ആവശ്യവുമില്ല. വനിതാ മാധ്യമ പ്രവർത്തകർക്ക് തലസ്ഥാനത്ത് താമസ സൗകര്യമുൾപ്പടെ ഏർപ്പെടുത്തുന്നതിന് പ്രത്യേക പ്രസ് ക്ലബ് രൂപീകരിക്കുമെന്നുള്ള പ്രഖ്യാപനവും ഡോ. തോമസ് ഐസക്കിന്റെ തൊപ്പിയിലെ തൂവലാണ് എന്ന് നിസ്സംശയം പറയാനാകും. 

Latest News