കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയല്‍: പോലീസ് തീരുമാനിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- റിപബ്ലിക് ദിനത്തില്‍ കര്‍ഷക സമരക്കാര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി തടയുന്ന കാര്യം ദല്‍ഹി പോലീസ് തീരുമാനിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി. ഇതൊരു ക്രമസമാധാന വിഷയമാണ്. നിയമ പ്രകാരം നടപടി എടുക്കാനുള്ള സ്വാതന്ത്ര്യവും അധികാരവും പോലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി. ട്രാക്ടര്‍ റാലി വിലക്കി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എത്രപേരെ അനുവദിക്കണം, ആരൊക്കെ പ്രവേശിക്കണം എന്നീ കാര്യങ്ങളെല്ലാം പോലീസ് തീരുമാനമെടുക്കേണ്ട ക്രമസമാധാന വിഷയങ്ങളാണ്. ഇക്കാര്യത്തില്‍ ആദ്യ തീരുമാനങ്ങളെടുക്കേണ്ട അധികാരം കോടതിക്കല്ല- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതൊരു അസാധാരണ സാഹചര്യമാണെന്നും കോടതി ഉത്തരവിടണമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയോട് ആവശ്യപ്പെട്ടു. പോലീസിന്റെ അധികാരങ്ങള്‍ എന്തെല്ലാമാണെന്നും അതെങ്ങനെ പ്രയോഗിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിട്ടു വേണോ എന്ന് ബെഞ്ച് തിരിച്ചു ചോദിച്ചു. എന്തു ചെയ്യണമെന്ന് ഞങ്ങള്‍ പറയില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ജനുവരി 20ന് വീണ്ടും പരഗിണിക്കാന്‍ മാറ്റി.
 

Latest News