ജലൗന്‍- യു.പിയില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ ബി.ജെ.പി നേതാവ് റാം ബിഹാരി റാത്തോറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍.
ആറേഴ് വര്‍ഷമായി നിരവധി ക്രിമിനല്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കോഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള റാത്തോറിന്റെ വീട്ടില്‍ പന്തയ റാക്കറ്റ് നടത്തിയിരുന്നതായും പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ഇംറാന്‍ ഖാന്‍ പറഞ്ഞു. തെളിവുകള്‍ ശേഖരിക്കുകയാണെന്നും ഇയാള്‍ക്കെതിരെ ദേശസുരക്ഷാനിയമം-എന്‍.എസ്.എ ചുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ഉറപ്പുള്ള ഒരാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ 12 മസം വരെ തടവിലിടാനും എന്‍.എസ്.എ അധികാരം നല്‍കുന്നുണ്ട്.
ലൈംഗിക ചൂഷണം ചെയ്തുവെന്ന് രണ്ടു പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജനുവരി 13-നാണ് 65 കാരനായ റാത്തോറിനെ അറസ്റ്റ് ചെയ്തത്.
2014 മുതല്‍ പീഡിപ്പിക്കുന്നുണ്ടെന്ന് മറ്റൊരു ആണ്‍കുട്ടി നല്‍കിയ പരാതിയില്‍ പുതിയ എഫ്.ഐ.ആറും ഫയല്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ ലാപ്‌ടോപ്പില്‍നിന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന 20 വീഡിയോകള്‍ കണ്ടെടുത്തു. ഏഴു കുട്ടികളേയും രണ്ട് സ്ത്രീകളേയും തിരിച്ചറിഞ്ഞു.
പണം നല്‍കി കുട്ടികളെ പാട്ടിലാക്കിയ ശേഷം അവരുടെ അശ്ലീല വീഡിയോകള്‍ പകര്‍ത്തിയ ശേഷം ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു റാത്തോറിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ ഉടന്‍ ബി.ജെ.പി ഇയാളെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ കോഞ്ച് വൈസ് പ്രസിഡന്റായി ഇയാള്‍ എങ്ങനെ നിയമിതനായെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം.






