ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി? പാര്‍ട്ടിക്കുള്ളിലെ ധാരണകള്‍ ഇങ്ങനെ

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും പരിഗണന നല്‍കാനും നാലു സീറ്റുകള്‍ അധികമായി ചോദിക്കാനും മുസ്‌ലിം ലീഗില്‍ ധാരണയായതായി റിപോര്‍ട്ട്. മന്ത്രി കെ.ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനേയും പേരാമ്പ്രയില്‍ വനിതാ ലീഗ് യുവനേതാവ് ഫാത്തിമ തഹ്‌ലിയേയും മത്സരിപ്പിക്കാൻ ആലോചിക്കുന്നതായി മനോരമ റിപോര്‍ട്ട് ചെയ്യുന്നു. ചേലക്കരയില്‍ ജയന്തി രാജന്‍, പുനലൂരില്‍ ശ്യാം സുന്ദര്‍ എന്നിവരെ സ്ഥാനാര്‍ത്ഥികളാക്കുന്ന കാര്യവും ലീഗ് നേതൃത്വം ചര്‍ച്ച ചെയ്തതായാണ് സൂചന. പട്ടാമ്പി, ചേലക്കര, പേരാമ്പ്ര, കൂത്തുപറമ്പ് സീറ്റുകളാണ് അധികമായി ചോദിക്കുന്നത്. 

പി. കെ കുഞ്ഞാലിക്കുട്ടി എംപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മുതിര്‍ന്ന നേതാക്കളായ പി.കെ അബ്ദുര്‍റബ്, എം ഉമര്‍, സി. മമ്മുട്ടി, പി. ഉബൈദുല്ല, അഹമദ് കബീര്‍, കെ.എന്‍.എ ഖാദര്‍ എന്നിവര്‍ ഇത്തവണ മത്സര രംഗത്തുണ്ടായേക്കില്ല. കേസുകളില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായ എം.സി ഖമറുദ്ദീന്‍, ഇബ്രാഹിം കുഞ്ഞ് എന്നീ എംഎല്‍എമാര്‍ക്കും സീറ്റുണ്ടാകില്ല. ഏതാനും സീറ്റുകള്‍ കോണ്‍ഗ്രസുമായി വച്ചുമാറാനും ലീഗ് ആലോചിക്കുന്നുണ്ട്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്, സി.കെ സുബൈര്‍, ഉമര്‍ പാണ്ടികശാല, എ.കെഎം അഷ്‌റഫ്, കല്ലട്ര മായന്‍, നജീബ് കാന്തപുരം, സി.പി ചെറിയ മുഹമ്മദ്, ടി.പി അഷ്‌റഫലി, സി.എച് റഷീദ്, അഡ്വ, ഗഫൂര്‍ എന്നിവരാണ് ലീഗ് പരിഗണനയിലുള്ള പുതിയ സ്ഥാനാര്‍ത്ഥികള്‍.
 

Latest News