കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ രാജി ഉറപ്പെന്ന് തോമസ് ചാണ്ടി 

തിരുവനന്തപുരം- പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജി വെക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. കാബിനറ്റ് യോഗത്തിനുശേഷം പുറത്തുവന്ന അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കുമോ എന്ന ചോദ്യത്തിന് ഉറപ്പ് എന്നായിരുന്നു മറുപടി. പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തുകയാണ്. 
എന്‍.സി.പിയുടെ അഖിലേന്ത്യാ നേതൃത്വവുമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയശേഷം തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കാബിനറ്റ് യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 
തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്‍.സി.പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം അവര്‍ തീരുമാനമെടുക്കും. രാവിലെ മന്ത്രി തോമസ് ചാണ്ടിയും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും ചര്‍ച്ച നടത്തിയിരുന്നു. പത്തരക്കുശേഷം അവര്‍ കേന്ദ്ര നേൃത്വവുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം തീരുമാനം അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ മന്ത്രിമര്‍ കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. മുന്നണി മന്ത്രിസഭയായതിനാല്‍ ഏക പക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതി വിമര്‍ശം അംഗീകരിക്കാനാവില്ല.
 

Latest News