ആലത്തൂർ - കുതിരാൻ തുരങ്കത്തിന്റെ കവാടത്തിൽ മുകളിൽനിന്ന് കല്ല് വീണ് കോൺക്രീറ്റ് തകർന്നു, സുരക്ഷയെക്കുറിച്ച് ആശങ്ക. പാലക്കാട്- തൃശൂർ ദേശീയപാതയിൽ നിർമാണത്തിന്റെ അവസാന ഘട്ടത്തിലിരിക്കുന്ന തുരങ്കത്തിൽ ഇന്നലെ ഉച്ചക്ക് പന്ത്ര് മണിയോടെയാണ് അപകടമുണ്ടായത്.
ഇടതുതുരങ്കത്തിന്റെ മുകളിലുള്ള കല്ലും മണ്ണും യന്ത്രങ്ങളുപയോഗിച്ച് നീക്കം ചെയ്യുന്നതിനിടയിൽ നൂറടിയോളം ഉയരത്തിൽനിന്ന് വലിയൊരു പാറക്കഷണം തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ശക്തിയിൽ തുരങ്കത്തിന് തുള വീണു. ഫെബ്രുവരി അവസാനം തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന പ്രഖ്യാപനവുമായി ധൃതിയിൽ പണികൾ നടന്നു വരുന്നതിനിടയിലാണ് ഇന്നലത്തെ സംഭവം. തുരങ്കത്തിൽ വെളിച്ചത്തിനായി ക്രമീകരിച്ചിട്ടുള്ള വൈദ്യുതി സംവിധാനവും താറുമായായിട്ടുണ്ട്.
ദേശീയപാതയിൽ കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് തുരങ്കം പണിയുന്നത്. കുതിരാൻ മലക്കു കുറുകേ രണ്ടു വരിയായാണ് തുരങ്കമുാക്കുന്നത്. പുറത്തേക്ക് 15 മീറ്റർ നീളത്തിൽ അർദ്ധവൃത്താകൃതിയിൽ ഉരുക്കുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. മുകളിൽ നിന്ന് കല്ലോ മണ്ണോ താഴേക്ക് വന്നാലും റോഡിലേക്ക് വീഴാതിരിക്കാനാണിത്. പഴുതടച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത് എന്നാണ് പദ്ധതിയുടെ കരാർ കമ്പനിയായ കെ.എം.സിയുടെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട് നേരത്തേ സുരക്ഷാ പരിശോധനകൾ നടന്നതാണ്. ഇന്നലത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധന വേണ്ടിവരും.
തുരങ്കത്തിന്റെ സുരക്ഷയെക്കുറിച്ച് നേരത്തേ തന്നെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. വർഷക്കാലത്ത് ഇരു തുരങ്കങ്ങളിലും പ്രത്യക്ഷപ്പെടുന്ന നീരുറവകൾ വലിയ സുരക്ഷാ പ്രശ്‌നമായേക്കുമെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയരുന്നു. ഈർപ്പവം നിലനിൽക്കുന്നത് കോൺക്രീറ്റിന്റെ ബലത്തെ ബാധിക്കുമെന്നതാണ് പ്രധാന സംശയം.