സി.പി.ഐ മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്‌കരിക്കുന്നു

തിരുവനന്തപുരം- മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുകയാണെങ്കില്‍ കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കരുതെന്ന് സി.പി.ഐ മന്ത്രിമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദേശിച്ചു. രാവിലെ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്.
ഇടതുമുന്നണി കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് സി.പി.എ മുഖപത്രം ജനയുഗം ഇന്ന് മുഖപ്രസംഗമെഴുതിയിരുന്നു. 
ഹൈക്കോടതിയില്‍നിന്ന് വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുക്കുമെന്നാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിന് സെക്രട്ടറിയേറ്റിലെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു. 
മന്ത്രിയുടെ രാജി ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മന്ത്രസഭാ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസമ്മതിച്ചു.
മന്ത്രിസഭാ യോഗത്തിനു മുമ്പ് തോമസ് ചാണ്ടിയുടെ രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തോമസ് ചാണ്ടിയും എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്ററും രാവിലെ ക്ലിഫ് ഹൗസിലെത്തി അരമണിക്കൂറോളം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. 
ഹൈക്കോടതിയില്‍നിന്ന് രൂക്ഷ പരാമര്‍ശങ്ങളുണ്ടായെങ്കിലും വിധിപ്പകര്‍പ്പ് വരുന്നതുവരെ കാത്തിരിക്കണമെന്നാണ് മന്ത്രിയും പാര്‍ട്ടി അധ്യക്ഷനും ആവശ്യപ്പെട്ടതെന്നാണ് സൂചന.
 

Latest News