പ്രവാസിയുടെ വിളി കേട്ട് അവര്‍ കോഴിക്കോട് ബീച്ചിലെത്തി

കോഴിക്കോട്- മനോഹരമായ ബീച്ച് സന്ദര്‍ശകര്‍ മാലിന്യം നിക്ഷേപിച്ച് വൃത്തി കേടാക്കുന്നതിനെതിരെ സൗദി പ്രവാസി റസാഖ് കിണാശ്ശേരി ചെയ്ത വീഡിയോ ലൈവും വാര്‍ത്തയും ഫലം ചെയ്തു.

ബിച്ചിലെ വാക് വേയിലും മറ്റും സന്ദര്‍ശകര്‍ വെയ്സ്റ്റ് നിക്ഷേപിക്കുന്നതിനെതിരെ  ചെയ്ത ലൈവിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ബീച്ച് വൃത്തിയാക്കാനും ബോധവല്‍ക്കരണത്തിനുമായി എത്തി.

മെഡിക്കല്‍ കോളേജ് നാല്‍പ്പത്തി അഞ്ചാം വാര്‍ഡിലെ ലുക്കീമിയ മുതലായ മാരക രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി 2007ല്‍ രൂപീകൃതമയ സിഫോര്‍ സി.സി.സി.ഐ സൊസൈറ്റി പ്രവര്‍ത്തകരാണ് ബീച്ചിലെത്തിയത്.

പീഡിയാട്രിക്‌സ്, പാലിയേറ്റീവ് വിഭാഗങ്ങള്‍ സംയുക്തമായ രൂപീകരിച്ച സൊസൈറ്റിയാണിത്.ബീച്ചില്‍ ഉല്ലാസത്തിനായി എത്തിയ ഏതാനും പേരും അവരോടൊപ്പം ചേര്‍ന്നു.


 സിഫോറിന്റെ മുന്‍ സെക്രട്ടറിയും എക്‌സിക്യുട്ടീവ് അംഗവുമായ ദീപ അജിത്തിന്റെ നേതൃത്ത്വത്തിലാണ് വക് വേ ക്ലീന്‍ ചെയ്യാനും ബോധവല്‍ക്കരണത്തിനുമായി സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയത്.
മനോഹരമായ ബീച്ചും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടേത്  അത്യാവശ്യമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.


മാരക രോഗങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയും  പുനരധിവാസവും ലക്ഷ്യം വെച്ചാണ് സംഘടന തുടങ്ങിയത്.  തുടക്കത്തില്‍ രണ്ട് വയസ്സ് മുതലുള്ള കുട്ടികളാണ് ചികിത്സക്കായി എത്തിയിരുന്നതെന്നും രോഗികള്‍ കുറവായിരിന്നുവെന്നും സൊസൈറ്റി പ്രവര്‍ത്തകര്‍  പറഞ്ഞു.


എന്നാല്‍ ഇപ്പോള്‍ ചികിത്സക്കെത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയും പ്രസവിച്ചു ദിവസങ്ങള്‍ മാത്രം പ്രായമായ കുട്ടികള്‍ പോലും രോഗവുമായി എത്തുകയും ചെയ്യുന്നു. ഇതിന് പരിസര മലിനീകരണം ഒരു പ്രധാന കാരണമാണെന്നും അവര്‍ പറഞ്ഞു.

 

 

 

Latest News