ഗള്‍ഫില്‍ ഇനിയും ഭൂചലനം ഉണ്ടാകുമോ?

ജിദ്ദ- അറബ്, ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിനു പിന്നാലെ  ജനങ്ങളെ ഭീതിയിലാക്കാന്‍ അഭ്യൂഹ ഭൂകമ്പങ്ങളും ഉണ്ടായിക്കൊണ്ടിരിക്കയാണ്. റിക്ടര്‍ സ്‌കെയിലില്‍ വലിയ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ക്ക് പിന്നാലെ തുടര്‍ ചലനങ്ങള്‍ സ്വാഭാവികമാണ്. എന്നല്‍ ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാതെയാണ് ഇപ്പോള്‍ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പരക്കുന്നത്. ഫെയ്‌സ് ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത്. 
ഇതു സംബന്ധിച്ച് ഐക്യരാഷ്ട്ര പരിസ്ഥതി പ്രോഗ്രാമില്‍ (യുഎന്‍ഇപി) ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടിയുടെ പ്രതികരണം വായിക്കാം. 

ഗള്‍ഫിലുള്ള മലയാളി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്

ചെറിയ പനി ആയതിനാല്‍ രണ്ടു ദിവസത്തേക്ക് പോസ്റ്റിങ് ഒന്നും ഇല്ല എന്നു പറഞ്ഞിരുന്നല്ലോ. പക്ഷെ, കഴിഞ്ഞദിവസം ഗള്‍ഫ് മേഖലയിലുണ്ടായ ഭൂമികുലുക്കത്തെത്തുടര്‍ന്ന് ഇതിലും വലിയ ഭൂമികുലുക്കവും സുനാമിയും ഒക്കെ ഉണ്ടാകുമെന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നതായി പല സുഹൃത്തുക്കളും എഴുതിയിരിക്കുന്നു. അതിന്റെ നിജസ്ഥിതി അറിയാന്‍ വേണ്ടിയിട്ടാണ് അവര്‍ എനിക്ക് ഇത് ഫോര്‍വേഡ് ചെയ്തത്.

ഒരു കാര്യം ആദ്യമേ പറയട്ടെ. നവംബര്‍ 17 നോ 18 നോ അതോ ഭാവിയില്‍ ഏതെങ്കിലും ഒരു ദിവസമോ ഒരു പ്രത്യേക സ്ഥലത്ത് ഒരു വലിയ ഭൂകമ്പമുണ്ടാവുമെന്ന് പ്രവചിക്കുവാനുള്ള ഒരു ശാസ്ത്രവും ഇപ്പോള്‍ ലോകത്ത് നിലവിലില്ല. അതുകൊണ്ടു തന്നെ യുഎസ് ജിയോളജി എന്നോ നാസയെന്നോ മറ്റേതെങ്കിലും ഔദ്യോഗിക ഏജന്‍സിയെന്നോ പേരില്‍ വരുന്ന ഓരോ സന്ദേശവും നൂറു ശതമാനം തട്ടിപ്പാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട.

ഇറാഖില്‍ ഭൂകമ്പമുണ്ടായ അന്നു തന്നെ ഇതിലും വലിയ ഭൂകമ്പം വരുമെന്നും പറഞ്ഞുള്ള വ്യാജസന്ദേശങ്ങള്‍ ഉടനടി ഉണ്ടാകുമെന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഇരുപത്തിനാലു മണിക്കൂറിനകം അത് സത്യമാവുകയും ചെയ്തു. ഇതിപ്പോള്‍ ലോകത്ത് പതിവായിരിക്കുകയാണ്. എന്ത് സംതൃപ്തിയാണ് ഇത്തരം വ്യാജസന്ദേശങ്ങള്‍ ഉണ്ടാക്കിവിടുന്നവര്‍ അനുഭവിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷെ, ഏറെ ആളുകളെ പരിഭ്രാന്തരാക്കാന്‍ ഇത്തരം വ്യാജസന്ദേശങ്ങള്‍ക്ക് കഴിയും.

ഒരു കാര്യം കൂടി പറയാം. ഇന്ത്യയിലിരുന്ന് വ്യാജസന്ദേശങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഫോര്‍വേഡ് ചെയ്യുന്നപോലെ ഗള്‍ഫ് മേഖലയിലിരുന്ന് ചെയ്യരുത്. അവിടെ കരക്കമ്പി നടത്തുന്നതിനെതിരെയെല്ലാം ശക്തമായ നിയമങ്ങളുണ്ട്. അവ പാലിക്കപ്പെടുകയും ചെയ്യും. വെറുതെ മനുഷ്യനെ പേടിപ്പിച്ച് ജയിലില്‍ പോയി ഖുബ്ബൂസ് തിന്നാനുള്ള അവസരമുണ്ടാക്കരുത്.

ലോകത്ത് എവിടെയും ഉണ്ടാകുന്ന ദുരന്തങ്ങളെപ്പറ്റിയും അതിനെക്കുറിച്ച് ലഭ്യമായ ശാസ്ത്രീയമായ മുന്നറിയിപ്പുകളെപ്പറ്റിയും എല്ലാ സമയത്തും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ ആധികാരികമായ എന്ത് വിവരങ്ങളുണ്ടെങ്കിലും ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കും. 

നൗ ഗോ ടു യുവര്‍ ക്ലാസസ് ...

മുരളി തുമ്മാരുകുടി
 

Latest News