ബൈഡനു കീഴില്‍ അമേരിക്ക ഭരിക്കാന്‍ 20 ഇന്ത്യക്കാര്‍, ഏറെയും വനിതകള്‍; ഇത് പുതിയ ചരിത്രം

വാഷിങ്ടന്‍- പുതിയ യുഎസ് പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ ഭരണം നിയന്ത്രിക്കാന്‍ കൂടെ 20 ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരും വൈറ്റ് ഹൗസിലെത്തും. സര്‍ക്കാരിലെ സുപ്രധാന പദവികളിലേക്കായി 13 വനിതകള്‍ ഉള്‍പ്പെടെ ഇരുപതോളം പേരെയാണ് ഇതുവരെ ബൈഡന്‍ നാമനിര്‍ദേശം ചെയ്യുകയോ നിയമിക്കുകയോ ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന വളരെ ചെറിയ ന്യൂനപക്ഷമായ ഇന്ത്യന്‍ വംശജര്‍ക്ക് ചരിത്രത്തിലാദ്യമായാണ് അധികാരത്തില്‍ ഇത്രവലിയ പ്രാധാന്യം ലഭിക്കുന്നത്. ഇവരില്‍ 17 പേര്‍ക്കും യുഎസിന്റെ അധികാര കേന്ദ്രമായ വൈറ്റ് ഹൗസിലാണ് നിയമനം. 

ജനുവരി 20നാണ് ബൈഡന്‍ യുഎസിന്റെ 46ാമത് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ബൈഡനൊപ്പം അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന കമല ഹാരിസ് ആണ് അധികാരത്തില്‍ ഏറ്റവും ഉന്നത പദവി വഹിക്കുന്ന ഇന്ത്യന്‍ വംശജ. സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂവെങ്കിലും ഇനിയും നിരവധി പോസ്റ്റുകളിലേക്ക് ബൈഡന്‍ നിയമനം പൂര്‍ത്തിയാക്കിയിട്ടില്ല. അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ഭരണതലത്തില്‍ കൂടുതല്‍ പദവികള്‍ നല്‍കുമെന്ന് ബൈഡന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. തന്റെ കരിയറിലുടനീളം ചെയ്തതു പോലെ ഇന്ത്യന്‍ സമൂഹത്തെ ആശ്രയിക്കുന്നത് തുടരുമെന്ന് ബൈഡന്‍ 2020 ഓഗസ്റ്റ് 15ന് പ്രവാസി ഇന്ത്യക്കാര്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ സ്വാതന്ത്രദിന ആഘോഷ പരിപാടിയില്‍ പറഞ്ഞിരുന്നു. 

ഇതുവരെ നിയമിക്കപ്പെട്ടവരില്‍ നീര ടണ്ഡന്‍ ആണ് ഇന്ത്യന്‍ വംശജരില്‍ ഉയര്‍ന്ന പദവിയിലുള്ളത്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനെജ്‌മെന്റ് ആന്റ ബജറ്റ് ഡയറക്ടരാണ് ഇവര്‍. രണ്ടാമനായ ഡോ. വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറലാണ്. 

ഉന്നത പദവി ലഭിച്ച മറ്റു ഇന്ത്യന്‍ വംശജര്‍ ഇവരാണ്:

വനിത ഗുപ്ത- അസോസിയേറ്റ് അറ്റോര്‍ണി ജനററല്‍, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്
ഉസ്‌റ സെയ- അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ സിവിലിയന്‍ സെക്യൂരിറ്റി, ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്‌സ്.
മാല അഡിഗ- നിയുക്ത പ്രഥ്മ വനിത ഡോ. ജില്‍ ബൈഡന്റെ പോളിസ് ഡയറക്ടര്‍
ഗരിമ വര്‍മ- ഡിജിറ്റല്‍ ഡയറക്ടര്‍, ഓഫിസ് ഓഫ് ദ് ഫസ്റ്റ് ലേഡി
സബ്രിന സിങ്- ഡെപ്യൂട്ട് പ്രസ് സെക്രട്ടറി
അയ്ശ ഷാ- പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഡിജിറ്റല്‍ സ്ട്രാറ്റജി
സമീറ ഫാസിലി- ഡെപ്യൂട്ടി ഡയറക്ടര്‍, നാഷണല്‍ ഇക്കണൊമിക് കൗണ്‍സില്‍
ഭരത് രാമമൂര്‍ത്തി- ഡെപ്യൂട്ടി ഡയറക്ടര്‍, നാഷണല്‍ ഇക്കണൊമിക് കൗണ്‍സില്‍
ഗൗതം രാഘവന്‍- ഡെപ്യൂട്ടി ഡയറക്ടര്‍, ഓഫിസ് ഓഫ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സനല്‍
വിനയ് റെഡ്ഡി- ഡയറക്ടര്‍ സ്പീച്‌റൈറ്റിങ്
വേദാന്ത് പാട്ടീല്‍- അസിസ്റ്റന്റ് പ്രസ് സെക്രട്ടറി, പ്രസിഡന്റ്
തരുണ്‍ ഛബ്ര- സീനിയര്‍ ഡയറക്ടര്‍ ഓഫ് ടെക്‌നോളജി ആന്റ് നാഷണല്‍ സെക്യൂരിറ്റി
സുമോന ഗുഹ- സീനിയര്‍ ഡയറക്ടര്‍ ഫോര്‍ സൗത്ത് ഏഷ്യ
ശാന്തി കളത്തില്‍- കോഓര്‍ഡിനേറ്റര്‍ ഫോര്‍ ഡെമോക്രസി ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ്
സോണിയ അഗര്‍വാള്‍- സീനിയര്‍ അഡൈ്വസര്‍- ഡൊമസ്റ്റിക് ക്ലൈമറ്റ് പോളിസി
വിദുര്‍ ശര്‍മ- പോളിസി അഡൈ്വസര്‍- വൈറ്റ് ഹൗസ് കോവിഡ് 19 റെസ്‌പോണ്‍സ് ടീം
നേഹ ഗുപ്ത- അസോസിയേറ്റ് കൗണ്‍സല്‍
റീമ ഷാ- ഡെപ്യൂട്ടി അസോസിയേറ്റ് കൗണ്‍സല്‍

Latest News