യുഎസിലെ 50 തലസ്ഥാന നഗരങ്ങള്‍ ജാഗ്രതയില്‍; ട്രംപ് അനുകൂലികള്‍ മാര്‍ച്ചിനൊരുങ്ങുന്നു

വാഷിങ്ടന്‍- നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കാനിരിക്കെ രണ്ടു ദിവസം കൂടി കാലാവധിയുള്ള പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ യുഎസിലെ 50 സംസ്ഥാനങ്ങളിലും തലസ്ഥാന നഗരങ്ങളില്‍ വന്‍ മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങുന്നു. മിക്കയിടങ്ങളിലും സുരക്ഷ ശക്തമാക്കി. രാജ്യ തലസ്ഥാനമായ വാഷിങ്ടന്‍ ഡിസിയില്‍ ലോക്ഡൗണ്‍ നടപ്പിലാക്കി.  ആയിരക്കണക്കിന് നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങളെ വിന്യസിച്ചും ബാരിക്കേഡുകള്‍ സ്ഥാപിച്ചുമാണ് സുരക്ഷാ കവചമൊരുക്കിയിരിക്കുന്നത്. കാപിറ്റോള്‍ കലാപത്തിനു സമാനമായ പ്രക്ഷോഭങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ സംഘര്‍ഷങ്ങള്‍ തടയാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ പലയിടത്തും ട്രംപ് അനൂകൂലികള്‍ സായുധ പ്രക്ഷോഭവുമായി രംഗത്തുവരാന്‍ സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ട്രംപിന്റെ വ്യാജ പ്രചരണത്തിന്റെ ചുവടു പിടിച്ചാണ് അനുകൂലികളും വലതു പക്ഷ വംശീയ വാദികളായ പ്രക്ഷോഭകര്‍ കോലാഹലമുണ്ടാക്കി വരുന്നത്. 

മിഷിഗന്‍, വിര്‍ജീനിയ, വിസ്‌കോന്‍സിന്‍, പെന്‍സില്‍വാനിയ, വാഷിങ്ടന്‍ എന്നീ സംസ്ഥാനങ്ങള്‍ നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങളെ രംഗത്തിറക്കിയിട്ടുണ്ട്. ടെക്‌സസ് കാപിറ്റോള്‍ മന്ദിരം അടച്ചിടാന്‍ തീരുമാനിച്ചു. എഫ്.ബി.ഐ മുന്നറിയിപ്പ് കണക്കിലെടുത്ത് വാരാന്ത്യ ദിവസങ്ങളില്‍ തലസ്ഥാന നഗരങ്ങളിലെല്ലാം കനത്ത സുരക്ഷയും ശക്തമായ നീരീക്ഷണവുമുണ്ട്. സര്‍ക്കാര്‍ വിരുദ്ധരായ തീവ്രവാദികള്‍ ഞായറാഴ്ച പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത് കണക്കിലെടുത്താണിത്.

ജനുവരി ആറിന് കാപിറ്റോള്‍ കലാപമുണ്ടായതിനു ശേഷം അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം പ്രാദേശിക തീവ്രവാദികള്‍ സൃഷ്ടിച്ചേക്കാവുന്ന സംഘര്‍ഷങ്ങളെ കുറിച്ച് കൂടുതല്‍ ജാഗരൂകരായിരിക്കുകയാണ്.
 

Latest News