പതിമൂന്നുകാരിയെ ഒമ്പതു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; തടങ്കലില്‍ ഒളിപ്പിച്ചത് അഞ്ചു ദിവസം

ഭോപാല്‍- മധ്യപ്രദേശിലെ ഉമറിയ ജില്ലയില്‍ പതിമൂന്നുകാരിയായ ബാലികയെ തട്ടിക്കൊണ്ടു പോയി ഒന്നിലേറെ തവണ കൂട്ടബലാല്‍ത്സംഗത്തിനിരയാക്കി. ഒമ്പതു പേര്‍ ചേര്‍ന്നാണ് കൂട്ടിയെ പീഡിപ്പിച്ചത്. ഇവര്‍ അഞ്ചു ദിവസം കുട്ടിയെ തടങ്കലില്‍ ഒളിപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഏഴു പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്. പെണ്‍കുട്ടിയെ അറിയാവുന്ന ഒരു യുവാവാണ് ജനുവരി നാലിന് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇയാള്‍ ബലാല്‍സംഗം ചെയ്ത ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂട്ടുകാരായ മറ്റു ആറു പേര്‍ക്കു കൂടി കാഴ്ചവയ്ക്കുകയായിരുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ പെണ്‍കുട്ടിയെ വിട്ടയച്ചു. ആറു ദിവസങ്ങള്‍ക്കു ശേഷം ജനുവരി 11ന് കുട്ടിയെ പ്രതികളിലൊരാള്‍ വീണ്ടും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. ഇപ്രാവശ്യം മൂന്നു തവണയാണ് കുട്ടി ബലാത്സംഗത്തിനിരയായത്. കുട്ടിയെ വനത്തിലും റോഡരികിലെ ഭക്ഷണശാലകളിലുമായി തടങ്കലില്‍ വച്ചായിരുന്നു പീഡനം. ഇവര്‍ വിട്ടയച്ച ശേഷം പെണ്‍കുട്ടിയെ രണ്ടു ട്രക്ക് ഡ്രൈവര്‍മാര്‍ വീണ്ടും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഇവിടെ നിന്നാണ് കുട്ടി വെള്ളിയാഴ്ച രക്ഷപ്പെട്ട് വീട്ടിലെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും കേസെടുക്കുകയും ചെയ്തു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധവല്‍ക്കര പരിപാടി നടത്തി വരുന്നതിനിടെയാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി കഴിഞ്ഞ ആറു ദിവസത്തിനിടെ സമാനമായ നാലു സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ജനുവരി ഒമ്പതിനി വിധവയായ 48കാരിയെ ബലാത്സംഗം ചെയ്ത് യോനിയില്‍ ഇരുമ്പ് ദണ്ഡ് കയറ്റി അതിക്രൂരമായി പീഡിപ്പിച്ച സംഭവം പുറത്തു വന്നിരുന്നു. രണ്ടു ദിവസത്തിനു ശേഷം ജനുവരി 11ന് പതിമൂന്നുകാരിയെ അയല്‍ക്കാരന്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും റിപോര്‍ട്ട് ചെയ്തിരുന്നു.
 

Latest News