റിയാദ്- സൗദി അറേബ്യയിൽ മലയാളികൾ ഉൾപ്പെടെ കോവിഡ് വാക്‌സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു തുടങ്ങി. കൊല്ലം കരുനാഗപ്പളി സ്വദേശിയും റിയാദിലെ സുലൈമാൻ ഹബീബ് ആശുപത്രി ജീവനക്കാരനുമായ ഷൈൻ റഷീദാണ് 21 ദിവസത്തിന് ശേഷം കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത്. രണ്ടാം ഡോസും സ്വീകരിച്ചതോടെ തവക്കൽനാ ആപ്പിൽ ഇമ്യൂണൈസ്ഡ് എന്ന ഗ്രീൻ കാർഡ് തെളിഞ്ഞു. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും എല്ലാവരും വാക്‌സിൻ സ്വീകരിക്കാൻ ശ്രമിക്കണമെന്നും ഷൈൻ പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ സിഹത്തീ ആപ്പിലാണ് കോവിഡ് വാക്‌സിനുള്ള സമയം ബുക്ക് ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകരും വിവിധ രോഗങ്ങളുള്ളവർക്കുമാണ് മുൻഗണന. കാര്യമായ രോഗങ്ങളൊന്നുമില്ലാത്തവർക്ക് ഇപ്പോൾ വാക്‌സിനേഷൻ ലഭിക്കില്ല. വരും മാസങ്ങളിൽ സൗദിയുടെ എല്ലാ ഭാഗങ്ങളിലും കുത്തിവെപ്പ് കേന്ദ്രങ്ങൾ തുടങ്ങുമെന്നും എല്ലാവർക്കും കുത്തിവെപ്പിനുള്ള സൗകര്യങ്ങളുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ലളിതവും അത്യാധുനികവുമായ മാർഗത്തിലൂടെയാണ് വാക്‌സിന് വേണ്ടിയുള്ള അപ്പോയിൻമെന്റും വാക്‌സിൻ നൽകാനുള്ള സെന്ററുകളും ക്രമീകരിച്ചിട്ടുള്ളത്.






