Sorry, you need to enable JavaScript to visit this website.
Sunday , February   28, 2021
Sunday , February   28, 2021

ഇരിങ്ങാലക്കുട ആനീസ് കൊലക്കേസിൽ വഴിത്തിരിവ്

തൃശൂർ- തെളിവുകളുടെ ഒരംശംപോലും അവശേഷിപ്പിക്കാതെ പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലക്കേസിൽ നിർണായക വഴിത്തിരിവ്. ആനീസിന്റെ വളകൾ മുറിക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കട്ടർ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിൽനിന്ന് കണ്ടെത്തി. ആനീസിന്റെ വീടിനു 50  മീറ്റർ മാറിയുള്ള ഉഷ എന്ന സ്ത്രീയുടെ വീട്ടിന്റെ പറമ്പിൽ നിന്നാണ് കട്ടർ കണ്ടെത്തിയത്. കട്ടറിൽ രക്തക്കറ ഉണങ്ങിപ്പിടിച്ച നിലയിലാണ്. ഈ വീട്ടിൽ ആരും താമസമുണ്ടായിരുന്നില്ല. ആനീസ് കൊല്ലപ്പെടുന്ന സമയത്തും ഈ വീട് ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം പെരുന്നാൾ പ്രമാണിച്ച് ഈ വീട്ടിലുള്ളവർ വന്ന് വീട് വൃത്തിയാക്കുന്നതിനിടെയാണ് കട്ടർ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ കട്ടർ കണ്ടെത്തിയ വിവരം പോലീസിൽ അറിയിക്കുകയും ഫോറൻസിക് ഉദ്യോഗസ്ഥരെത്തി കട്ടർ ഏറ്റുവാങ്ങുകയും ചെയ്തു.
ക്രൈം ബ്രാഞ്ച് എസ്.പി. സുദർശൻ, ഡിവൈ.എസ്.പി എം. സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് ആനീസ് കൊലക്കേസിന്റെ ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. 

2019 നവംബർ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ അറവുശാലക്ക് സമീപം പരേതനായ കൂനൻ പോൾസൺ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിംഗ് റൂമിനോട് ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ലോക്കൽ പോലീസ് മുൻ ഡിവൈ.എസ്.പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം അദ്ദേഹം സർവീസിൽ നിന്ന് റിട്ടയർ ചെയ്യും വരെ നടത്തിയിരുന്നുവെങ്കിലും കേസന്വേഷണത്തിന് സഹായകമായ ഒരു തെളിവുപോലും ലഭിച്ചിരുന്നില്ല.


പിന്നീടാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേരള പോലീസ് നടത്തിയ ഏറ്റവും മികച്ച കേസന്വേഷണമായിരുന്നു ആനീസ് കൊലക്കേസിലേത്. 
ജിഷ കൊലക്കേസിലേയും ചെങ്ങന്നൂർ ജലജ കൊലക്കേസിലേയും അന്വേഷണസംഘത്തിലുണ്ടായിരുന്ന മിടുക്കൻമാരായ ഉദ്യോഗസ്ഥർ വരെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 
മോഷണത്തിന് വേണ്ടിയാണ് ആനീസിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കാൻ അന്വേഷണസംഘത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. വീട്ടിലുണ്ടായിരുന്ന സ്വർണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ലെന്നതും ആകെ നഷ്ടമായത് ആനീസ് അണിഞ്ഞിരുന്ന വളകൾ മാത്രമായിരുന്നുവെന്നതും ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തുന്നതാണ്. വളരെ എളുപ്പത്തിൽ മോഷ്ടാവിന് അല്ലെങ്കിൽ മോഷ്ടാക്കൾക്ക് എടുത്തുകൊണ്ടുപോകാമായിരുന്ന സ്വർണവും പണവും തൊട്ടുനോക്കാതെ വളകൾ മാത്രം കവർന്ന ആ കുറ്റകൃത്യത്തിന് പിന്നിലെ രഹസ്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ തേടുന്നത്. ആനീസിന്റെ കൈകളിൽ വളരെ മുറുകി കിടന്നിരുന്ന ആ വളകൾ മാറ്റി പുതിയത് വാങ്ങാൻ മക്കൾ പറഞ്ഞിട്ടുപോലും ആ വളകളോടുള്ള അറ്റാച്ച്‌മെന്റ് കാരണം ആനീസ് അത് കൂട്ടാക്കിയിരുന്നില്ലത്രെ. ആ വളകളാണ് മോഷ്ടാവ് അറുത്തെടുത്തത്.


സി.സി.ടി.വി ദൃശ്യങ്ങളോ സാക്ഷികളോ ഇല്ലാത്ത കേസായിരുന്നു ആനീസ് കൊലക്കേസ്. സാധാരണ കൊലക്കേസുകളിൽ പോലീസിനെ ഏതെങ്കിലും നിഗമനങ്ങളിലേക്ക് നയിക്കുന്ന ഒരു തുമ്പും തെളിവും ഈ കേസിലുണ്ടായില്ല. ആലീസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താൻ പോലീസ് സമീപത്തെ ആളൊഴിഞ്ഞ പറമ്പും മറ്റും പലതവണ അരിച്ചുപെറുക്കിയിരുന്നു.
അന്യസംസ്ഥാനതൊഴിലാളികൾ, ആനീസിന്റെ ലൗ ബേർഡ്‌സ് ബിസിനസിലെ ഇടപാടുകാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. 
ഇത്തരം കുറ്റകൃത്യങ്ങൾ നടത്താറുള്ള പല ക്രിമിനൽ കുറ്റവാളികളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ഏറെ പ്രധാനമായിരുന്നു.
ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താൻ തെരഞ്ഞെടുക്കാത്ത സമയമാണ് ആനീസിന്റെ കേസിലുണ്ടായിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രൊഫഷനൽ മോഷ്ടാക്കൾ ഇതിനു പിന്നിലുണ്ടാകാൻസാധ്യത കുറവാണെന്നും പോലീസിന്റെ ചോദ്യം ചെയ്യലുകളിൽ പല ക്രിമിനലുകളും ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല വളരെ എളുപ്പത്തിൽ എടുത്തുകൊണ്ടുപോകാവുന്ന പണ്ടവും പണവും വേണ്ടെന്ന് വെച്ച് കയ്യിൽ ടൈറ്റായി കിടക്കുന്ന വള മോഷ്ടിക്കുന്ന രീതിയും പ്രഫഷനൽ മോഷ്ടാക്കൾക്കുണ്ടാവില്ലെന്നും കിട്ടിയ സമയം കൊണ്ട് വീടു കാലിയാക്കുന്ന രീതിയാണ് പൊതുവെയെന്നും മോഷ്ടാക്കൾ വിശദീകരിച്ചിരുന്നു.


ശാസ്ത്രീയ രീതിയിലുള്ള കുറ്റാന്വേഷണത്തിൽ വരുന്ന കാലതാമസം കേസന്വേഷണത്തിലുണ്ടായെങ്കിലും ആർക്കും ഇതു സംബന്ധിച്ച് പരാതിയുണ്ടായിട്ടില്ല. 
കൊലനടന്ന വീടിന്റെ നാലു ദിശകളിലെ അഞ്ഞൂറു മീറ്റർ ചുറ്റളവിൽ വരുന്ന വീടുകളിൽ പോലീസ് എത്തി വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും പലതവണ നടത്തിയിരുന്നു. 
ആനീസിന് ഏറെ ഇഷ്ടപ്പെട്ട വളകൾ മുറിച്ചെടുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കട്ടറിനെ കേന്ദ്രീകരിച്ചായിരിക്കും ഇനി ക്രൈം ബ്രാഞ്ചിന്റെ മുന്നോട്ടുള്ള അന്വേഷണം. വിരലടയാളങ്ങളടക്കമുള്ള തെളിവുകളിലേക്ക് ഈ കട്ടർ വഴിതുറക്കുമെന്നാണ് പ്രതീക്ഷ. 

അതേസമയം ഇത്ര കാലം പോലീസ് അരിച്ചുപെറുക്കിയിട്ടും കിട്ടാതെ പോയ കട്ടർ പെട്ടന്ന് കണ്ടെത്തിയതിൽ സംശയങ്ങളും ഉയർന്നിട്ടുണ്ട്. പഴക്കം അധികമില്ലാത്ത കട്ടർ പോലെയാണ് കാഴ്ചയിൽ തോന്നുന്നത്. കഴിഞ്ഞ വർഷം പെരുന്നാളിനും ഈ വീട്ടുകാർ ഈ വീട്ടിൽ വന്നിരുന്നു. എന്നാൽ അന്ന് കട്ടർ കണ്ടെത്താനായിരുന്നില്ല. പുറത്തുനിന്നും പറമ്പിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാം കട്ടറെന്നാണ് നിഗമനം.