Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചിയെ ക്ലീൻ, ഗ്രീൻ, ഹെൽത്തി സിറ്റിയാക്കും

കൊച്ചി- 'ക്ലീൻ, ഗ്രീൻ, ഹെൽത്തി സിറ്റിയായി' കൊച്ചിയെ ഉയർത്തുമെന്നും മൂന്നു മാസത്തിനുള്ളിൽ ഇത് നടപ്പിൽ വരുത്തുമെന്നും കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ. എറണാകുളം പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ വ്യക്തവും വ്യത്യസ്തവുമായ കാഴ്ചപ്പാടാണ് കോർപറേഷനുള്ളതെന്ന് മേയർ പറഞ്ഞു. കഴിവതും മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനെ പ്രോൽസാഹിപ്പിക്കും. ബാക്കി പുറത്തേക്ക് തള്ളുന്ന മാലിന്യം വേർതിരിച്ച് ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
മാലിന്യ സംസ്‌കരണത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ തൊട്ടടുത്ത ദിവസം തന്നെ ബ്രഹ്മപുരം പ്ലാന്റ് സന്ദർശിക്കും.
പ്ലാന്റിലെത്തുന്ന മാലിന്യം ശാസ്ത്രീയ രീതിയിൽ തന്നെ സംസ്‌കരിക്കുമെന്നും മേയർ പറഞ്ഞു. നഗരത്തിന്റ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി താറുമാറായ റോഡുകൾ ഉടൻ നവീകരിക്കും. റോഡുകളുടെയും കാൽനടപ്പാതകളുടെയും നവീകരണം മാർച്ചിന് മുമ്പ് തീർക്കാനാണ് ഉദ്ദേശിക്കുന്നത്. കോർപറേഷൻ സൗന്ദര്യവൽക്കരിച്ച റോഡുകൾ പരിപാലിക്കാൻ പോലീസ്, വിദ്യാലയങ്ങൾ, വിദ്യാർഥികൾ, മത സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം അഭ്യർഥിക്കും. റോഡിന്റെ തുടർന്നുള്ള പരിപാലനം ജനങ്ങളുടെ കൂടി ഉത്തരവാദിത്തമാക്കി മാറ്റും. ഇ-ഗേവണൻസ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ടിസിഎസിന്റെ സഹകരണം അത്യാവശ്യമാണ്. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറിയോട് സഹായം ചോദിച്ചിട്ടുണ്ട്. ടിസിഎസിനെയും എകെഎമ്മിനെയും പങ്കെടുപ്പിച്ച് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടിയാലോചനാ യോഗത്തിനായി ശ്രമിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ ഓഫീസിനായി പണി കഴിപ്പിക്കുന്ന പുതിയ കെട്ടിടത്തിന്റെ രൂപകൽപ്പനയിൽ പാളിച്ചകൾ പറ്റിയതായി കേൾക്കുന്നുണ്ട്. കൗൺസിൽ ഹാളിൽ 50 പേർക്ക് മാത്രം ഇരിക്കാനേ സാധിക്കൂ എന്നാണ് അറിയാൻ കഴിഞ്ഞത്.
കുറഞ്ഞത് 125 പേർക്കെങ്കിലും ഇരിക്കാനുള്ള സൗകര്യം ഇല്ലാതെ പണി തീർത്തിട്ട് കാര്യമില്ല. വരും ദിവസങ്ങളിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. കോർപ്പറേഷന് ഒരു ആസ്തി രജിസ്റ്റർ ഇപ്പോൾ ഇല്ല. അത് ഉടൻ പ്രാവർത്തികമാക്കും. കോർപ്പറേഷനെതിരെ വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ തോൽക്കാൻ പ്രധാന കാരണം കോടതി ആവശ്യപ്പെടുന്ന സമയത്ത് രേഖകൾ എത്തിച്ചു നൽകുന്നതിലെ കാലതാമസമാണ്. ഇതൊഴിവാക്കാൻ നിലവിലുള്ള അഭിഭാഷക പാനലിൽ നിന്ന് തന്നെ ഒരാളെ കൗൺസിലിന്റെ അംഗീകാരത്തോടെ ലെയ്‌സൺ ഓഫീസറായി തീരുമാനിക്കും. നഗരത്തിലെ എല്ലാ തോടുകളും ശുചീകരിക്കാൻ മുൻകൂർ അനുമതി നൽകിയിട്ടുണ്ട്. എല്ലാ മുൻകൂർ അനുമതികളും തൊട്ടടുത്ത കൗൺസിലിൽ അവതരിപ്പിച്ച് അനുമതി തേടും. നഗരത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും പിൻതുണയോടു കൂടി എൽ.ഡി.എഫ് പ്രകടന പത്രികയിലെ പരിപാടികൾ നടപ്പിൽ വരുത്തുമെന്നും മേയർ പറഞ്ഞു.

 

Latest News