Sorry, you need to enable JavaScript to visit this website.

പീഡനക്കേസില്‍ വിചാരണ നീട്ടണമെന്ന് ബിനോയ്,   യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമം

മുംബൈ- ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങി. യുവതിയുടെ ചില അടുത്ത സുഹൃത്തുക്കള്‍ വഴിയാണ് നീക്കം. കേസില്‍ വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ യുവതി കോടതിയില്‍ എതിര്‍ത്തു. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യര്‍ഥിച്ചുള്ള വാദങ്ങള്‍ ദിന്‍ദോഷി സെഷന്‍സ് കോടതിയില്‍ എഴുതിനല്‍കിയതായി ബിഹാര്‍ സ്വദേശിനിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ മൂന്ന്  ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 15നാണു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്. കേസെടുത്ത് ഒന്നര വര്‍ഷത്തിനുശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇവര്‍ക്കുള്ള കുഞ്ഞ്  ബിനോയ് കോടിയേരിയുടേതാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനാ നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഫലം വരാന്‍ കാത്തിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. രജിസ്ട്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബോംബൈ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. 678 പേജുള്ള കുറ്റപത്രം ബിനോയിയെ അന്ധേരി കോടതിയാണ് വായിച്ചു കേള്‍പ്പിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി ഹര്‍ജി നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് 2021 ജൂണിലേക്കു മാറ്റി. പീഡനപരാതി നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ ഡിഎന്‍എ റിപ്പോര്‍ട്ടിനായി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുട്ടിയുടെ അച്ഛനാണെന്നും ആരോപിച്ച് 2019 ജൂണിലാണ് ബിഹാര്‍ സ്വദേശിനി പരാതി നല്‍കിയത്. ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരിക്കവേ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയില്‍ ബിനോയിയെ പരിചയപ്പെട്ടത്. പിന്നീട് 2009 ല്‍ ഗര്‍ഭിണിയായതോടെ യുവതി മുംബൈയിലേക്കു മടങ്ങി. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ബിനോയ് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നുണ്ട്. അതിവേഗവിചാരണ കോടതിയിലേക്ക് കേസ് മാറിയാല്‍ വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കും. ഈ കേസില്‍ പരാതിക്കാരിക്ക് അനുകൂല വിധി വരാന്‍ ഡി എന്‍ എ ടെസ്റ്റ് ഫലം മാത്രം മതിയാകും.

Latest News