കൊച്ചിയിൽ ആദ്യ ഡോസ് സ്വീകരിച്ചത് ഡോ. ജോസ് ചാക്കോ പെരിയപ്പുറം

എറണാകുളം ജനറൽ ആശുപത്രിയിൽ കോവിഡ് വാക്‌സിനേഷന് എത്തിയ ആരോഗ്യ പ്രവർത്തകർ. -ഫോട്ടോ: എ.എസ്. സതീശ്, കൊച്ചി

കൊച്ചി- കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് എറണാകുളം ജില്ലയിൽ തുടക്കം. ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ, മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഡോ. ജോസഫ് ചാക്കോ, മുൻ ഡി.എം.ഒ ഡോ. ജുനൈദ് റഹ്മാൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സവിത, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത എന്നിവർ വാക്സിൻ സ്വീകരിച്ചു. തുടർന്ന് ജനറൽ ആശുപത്രിയിലെ രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. രാവിലെ 10.30 ന് കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ദേശീയ തല ഉദ്ഘാടനത്തിനു ശേഷമാണ് വാക്സിനേഷൻ ആരംഭിച്ചത്.


ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ബ്ലോക്കിലെ ഒന്നാം നിലയിലാണ് വാക്സിനേഷൻ മുറി ക്രമീകരിച്ചിരുന്നത്. രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർ തിരിച്ചറിയൽ രേഖ വെരിഫൈ ചെയ്ത ശേഷമാണ് വാക്സിനേഷൻ മുറിയിൽ പ്രവേശിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച ഇന്ററാക്ടീവ് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ കലക്ടർ എസ്. സുഹാസ്, ആർ.സി.എച്ച് ഓഫീസർ ഡോ. ശിവദാസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ആദ്യ ഘട്ടത്തിൽ 63,000 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ കോവിഡ് വാക്സിൻ നൽകുന്നത്. ഇവരെ തെരഞ്ഞെടുക്കുന്നതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലയിൽ ആരോഗ്യ വകുപ്പ് നടത്തിയത്. 
രണ്ടാം ഘട്ടത്തിൽ ആശ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കാണ് മുൻഗണന. ഇതിനായുള്ള വിവരശേഖരണ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. 
 

Latest News