Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട്ട് വാക്‌സിൻ വിതരണം 11 കേന്ദ്രങ്ങളിൽ

കോഴിക്കോട് ബീച്ച് ആശുപത്രിയിൽനിന്ന് ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിച്ച ഡോ. വിപിൻ വർക്കി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ജൂനിയർ കൺസൾട്ടന്റ് ഡോ. മൃദുലാൽ, ആർ.സി.എച്ച്. ഓഫീസർ ഡോ. മോഹൻദാസ് തുടങ്ങിയവർക്കൊപ്പം.

കോഴിക്കോട്- ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷൻ നൽകിക്കൊണ്ട് ജില്ലയിൽ കോവിഡ് വാക്‌സിനേഷന് തുടക്കം. 
ബീച്ച് ആശുപത്രിയിൽ സജ്ജീകരിച്ച ഇന്ററാക്ടീവ് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിനേഷൻ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതിനുശേഷം ഗവ. ജനറൽ ആശുപത്രിയിൽ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി, എ. പ്രദീപ് കുമാർ എം.എൽ.എ എന്നിവർ സൂം കോൺഫറൻസ് വഴി പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ജൂനിയർ കൺസൾട്ടന്റ് ഡോ. മൃദുലാൽ, ആർ.സി.എച്ച്. ഓഫീസർ ഡോ. മോഹൻദാസ്, ഡോ. ജി. രഞ്ജിത്ത്, സൂപ്രണ്ട് വി. ഉമ്മർ ഫാറൂഖ്, ഡോ. കെ.എം. സച്ചിൻബാബു, ആർ.എം.ഒ ഡോ. സി.ബി. ശ്രീജിത്ത് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി. ജനറൽ ആശുപത്രി ജൂനിയർ കൺസൾട്ടന്റ് ഡോ. വിപിൻ വർക്കി ആദ്യ ഡോസ്  സ്വീകരിച്ചു.  


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജില്ലാ കലക്ടർ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വാക്‌സിനേഷന് തുടക്കമായി. ജില്ലയിൽ 11 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ സംഘടിപ്പിക്കുന്നത്. ബീച്ച് ആശുപത്രി കൂടാതെ മെഡിക്കൽ കോളേജ്, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര താലൂക്ക് ആശുപത്രികൾ, നരിക്കുനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം, ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ആസ്റ്റർ മിംസ് എന്നിവടങ്ങളിലാണ് കോവിഡ് വാക്‌സിനേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. മറ്റ് സെന്ററുകളിൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വാക്‌സിനേഷൻ ആരംഭിച്ചു. 


ഒരു കേന്ദ്രത്തിൽ 100 പേർ വീതം 11 കേന്ദ്രങ്ങളിലായി 1100 പേർക്കാണ് ഒരു ദിവസം വാക്‌സിൻ നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ നിന്നുൾപ്പെടെ 33,799 പേരാണ് വാക്‌സിനേഷനായി ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു വാക്‌സിനേറ്റർ, നാല് വാക്‌സിനേഷൻ ഓഫീസർമാർ എന്നിവരാണ് ഓരോ വാക്‌സിനേഷൻ കേന്ദ്രത്തിലുമുള്ളത്. വാക്‌സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനുള്ള ആംബുലൻസ് അടക്കമുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും കോവിഡ് പോസിറ്റീവ് ആയവർക്കും വാക്‌സിൻ നൽകില്ല.  
എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി  പാലിക്കുന്നുണ്ടന്ന് ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരടങ്ങിയ സമിതി വിലയിരുത്തി. വാക്‌സിനേഷന്റെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

Latest News