മലപ്പുറം- ജില്ലയിൽ ആദ്യ ദിനം കോവിഡ് വാക്‌സിനേഷൻ നടന്നത് ഒമ്പത് കേന്ദ്രങ്ങളിൽ. 155 ആരോഗ്യപ്രവർത്തകർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ജില്ലയിൽ ആദ്യ ദിനം രജിസ്റ്റർ ചെയ്ത 265 ആരോഗ്യ പ്രവർത്തകരിൽ 58.5 ശതമാനം പേർ വാക്സിൻ സ്വീകരിച്ചു.
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഒമ്പത് പേർക്കും, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 16 പേർക്കും, തിരൂർ ജില്ലാ ആശുപത്രിയിൽ 26 പേർക്കും, വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ 15 പേർക്കും, മലപ്പുറം താലൂക്ക് ആശുപത്രിയിൽ 19 പേർക്കും, കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ 20 പേർക്കും, പൊന്നാനി താലൂക്ക് ആശുപത്രിയിൽ 20 പേർക്കും, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 17 പേർക്കും, പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ 13 പേർക്കുമാണ് വാക്സിൻ നൽകിയത്.
വാക്‌സിനേഷൻ സ്വീകരിക്കുന്നവർക്ക് വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിൽ നൽകിയിരുന്നു. വാക്‌സിനെടുത്തവർ 30 മിനിറ്റ് നേരം നിരീക്ഷണ മുറിയിൽ കാത്തിരുന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കുത്തിവെപ്പ് തുടരും.
ജില്ലയിൽ 23,880 ആരോഗ്യപ്രവർത്തകരാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 13,000 പേർക്ക് രണ്ട് ഡോസ് വീതം നൽകാനുള്ള വാക്‌സിനാണ് എത്തിയിട്ടുള്ളത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക.
പൊന്നാനി വെള്ളിരി ഗവ. എൽ.പി സ്‌കൂളിൽ നടക്കുന്ന വാക്‌സിനേഷൻ ക്യാമ്പ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സന്ദർശിച്ചു. ടി.ബി ആശുപത്രിയിലെ ഫാർമസിസ്റ്റ് ജോസ് ബെൻ റോയ് ആദ്യ വാക്‌സിൻ സ്വീകരിച്ചു.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റ് നാലകത്ത് അബ്ദുറസാഖ് ആദ്യ വാക്‌സിൻ സ്വീകരിച്ചു. എം. ഉമ്മർ എം.എൽ.എ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, ആർ.എം.ഒമാരായ ഡോ. ജലീൽ, ഡോ. സഹീർ തുടങ്ങിയവർ സംബന്ധിച്ചു.
മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനും ഐ.എം.എ. മുൻ ദേശീയ ഉപാധ്യക്ഷനും സംസ്ഥാന പ്രസിഡന്റും ചെയർമാനുമായ ഡോ. വി.യു. സീതിയാണ് ആദ്യവാക്‌സിൻ സ്വീകരിച്ചത്. പി. ഉബൈദുല്ല എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, വൈസ് ചെയർപേഴ്‌സൺ ഫൗസിയ കുഞ്ഞിപ്പു തുടങ്ങിയവർ സംബന്ധിച്ചു.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ സ്വകാര്യ ആശുപത്രി സുരക്ഷാ ജീവനക്കാരനായ ഗിരീഷിനാണ് ആദ്യ വാക്‌സിൻ നൽകിയത്. ജില്ലാ ടി.ബി. ഓഫീസർ ഡോ. അരുൺ ജേക്കബ്, ആരോഗ്യ വകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് യു.കെ. കൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു വാക്‌സിൻ വിതരണം.
തിരൂർ ജില്ലാ ആശുപത്രിയിൽ പി.ആർ.ഒ മുനീർ ആദ്യ വാക്‌സിൻ സ്വീകരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിനോദ്, ആർ.എം.ഒ. ഡോ. അർച്ചന, കോവിഡ് നോഡൽ ഓഫീസർ ഡോ. കൃഷ്ണദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വളവന്നൂർ ബ്ലോക്ക് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഹമ്മദ്കുട്ടിയും കോണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയിൽ പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് ആദ്യ വാക്‌സിൻ സ്വീകരിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ വാക്‌സിൻ ക്യാമ്പിൽ എം.കെ. ഹാജി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ അബ്ദുസമദാണ് ആദ്യ വാക്‌സിൻ സ്വീകരിച്ചത്.
പെരിന്തൽമണ്ണ കിംസ് അൽഷിഫാ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് അഞ്ജന ആദ്യ വാക്‌സിൻ സ്വീകരിച്ചു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. കെ. മുഹമ്മദ് ഇസ്മയിൽ, അൽഷിഫാ ആശുപത്രി വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. അനീഷ്, തുടങ്ങിയവർ പങ്കെടുത്തു.






