Sorry, you need to enable JavaScript to visit this website.

കൊടുംതണുപ്പിൽ മരവിച്ച് ഇറാനിലെ ഭൂകമ്പ ഇരകൾ

ഇറാനിലെ കെർമൻ ഷാ പ്രവിശ്യയിൽ കനത്ത ഭൂകമ്പത്തിൽ വീട് തകർന്നയാൾ പുറത്ത് കൂട്ടിയിട്ടിരിക്കുന്ന മെത്തയിൽ വിശ്രമിക്കുന്നു.
  • ആവശ്യത്തിന് സഹായം എത്തുന്നില്ല
  • പതിനായിരങ്ങൾ ദുരിതത്തിൽ
  • മരണം 540

തെഹ്‌റാൻ- നിസ്സഹായമായ നിലവിളികളും ആരുടേയും കർണങ്ങളിൽ പതിക്കാത്ത രോദനങ്ങളും. ഇറാൻ-ഇറാഖ് അതിർത്തി പ്രദേശത്തുണ്ടായ വൻ ഭൂകമ്പത്തിന്റെ ബാക്കിപത്രമിതാണ്. ഇടിഞ്ഞു തകർന്ന കെട്ടിടങ്ങൾക്കുള്ളിൽനിന്ന് പുറത്തു കഴിയാൻ നിർബന്ധിതരായ നാട്ടുകാർ കൊടുംതണുപ്പിൽ വിറക്കുകയാണ്. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. ഭക്ഷണവും മരുന്നുമില്ല. തല ചായ്ക്കാൻ സുരക്ഷിതമായ ഇടമില്ല. ആരാണ് തങ്ങളെ സഹായിക്കാൻ എത്തുകയെന്ന് നിസ്സഹായതയും വേദനയും സ്ഫുരിക്കുന്ന സ്വരത്തിൽ അവർ ചോദിക്കുന്നു. ഞായറാഴ്ചയുണ്ടായ വൻ ഭൂകമ്പത്തിൽ 540 പേർ മരിക്കുകയും എണ്ണായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുകണക്കിന് ആളുകൾ ഭവനരഹിതരായ, ഭൂചലനം ഏറ്റവും കൂടുതൽ ബാധിച്ച കെർമാൻ ഷാ പ്രവിശ്യയിൽ സ്ഥിതി ഗുരുതരമാണ്. ഇവിടേക്ക് സഹായമെത്തിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഭാഗികമായി മാത്രമാണ് വിജയിക്കുന്നത്.
പ്രദേശം സന്ദർശിച്ച പ്രസിഡന്റ് ഹസൻ റൂഹാനി, സർക്കാർ കെട്ടിടങ്ങളാണ് കൂടുതലും തകർന്നതെന്നും ഇതിന്റെ നിർമാണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചു. ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. 
രാത്രിസമയത്ത് കെർമൻഷാ പ്രവിശ്യയിൽ കൊടുംതണുപ്പാണ്. മരവിക്കുന്ന തണുപ്പിൽ പുതപ്പുകളോ വേണ്ടത്ര വസ്ത്രങ്ങളോ പോലും ഇല്ലാതെയാണ് നൂറുകണക്കിന് പേർ വെളിമ്പ്രദേശങ്ങളിൽ കഴിയുന്നത്. വിറകുകഷ്ണങ്ങൾ കത്തിച്ച് അതിന് ചുറ്റുമിരുന്നാണ് ഇവർ നേരം വെളുപ്പിക്കുന്നത്.
വേണ്ടത്ര ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്ന് 42 കാരനായ അലി ഗുലാനി പറഞ്ഞു. കടുത്ത തണുപ്പു മൂലം കുട്ടികൾ നിർത്താതെ കരയുകയാണ്. രക്ഷിതാക്കൾ കുട്ടികളെ സ്വന്തം ശരീരത്തോട് ചേർത്തുപിടിച്ചാണ് ചൂടു പകരുന്നത്. കഷ്ടമാണ് സ്ഥിതി -അദ്ദേഹം പറഞ്ഞു.
ഇടക്കിടെ തുടർചലനങ്ങളുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇരുന്നൂറോളം തുടർചലനങ്ങളാണ് ഇതുവരെ ഉണ്ടായത്. ഇക്കൊല്ലം നടന്ന ഏറ്റവും കടുത്ത ഭൂകമ്പങ്ങളിലൊന്നാണ് ഇറാനിലുണ്ടായത്. റിച്ചർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ മധ്യപൗരസ്ത്യ ദേശത്തുടനീളം അനുഭവപ്പെട്ടു. സർക്കാർ സഹായമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ദുരന്ത സ്ഥലത്തെത്തുന്നില്ലെന്ന് ഗുലാനി പറഞ്ഞു. അൽപം വെള്ളം കിട്ടണമെങ്കിൽ നഗരത്തിന്റെ മറുഭാഗത്തേക്ക് പോകേണ്ട സ്ഥിതിയാണ്. താൽക്കാലിക ക്യാമ്പുകളിലും തുറന്ന സ്ഥലങ്ങളിലുമായി രണ്ടാമത്തെ രാത്രിയാണ് ആയിരങ്ങൾ കഴിയുന്നതെന്ന് ഇറാൻ ടെലിവിഷൻ പറഞ്ഞു.
70,000 ആളുകൾക്കെങ്കിലും അടിയന്തരമായി താമസ സ്ഥലങ്ങൾ വേണമെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമെങ്കിൽ സഹായം എത്തിക്കാൻ തയാറാണെന്ന് യു.എൻ അറിയിച്ചു. 


 

Latest News