Sorry, you need to enable JavaScript to visit this website.

തമാശ കാണിക്കാന്‍ കുട്ടികളെ ചാക്കിട്ട് മൂടി; മൂന്ന് യുവാക്കള്‍ പിടിയില്‍

മംഗളൂരു- തമാശ വീഡിയോക്ക് വേണ്ടി കുട്ടികളെ ചാക്കിട്ടു പിടിച്ച മൂന്ന് യുവാക്കള്‍ റിമാന്‍ഡിലായി. ചാക്ക ഉപയോഗിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്
ഇരുചക്രവാഹനവും ചാക്കുകളും സഹിതം കങ്കനാടി ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത ഇവരെ  ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തമാശ വീഡിയോ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
കാവൂരിലെ താരാനാഥ് ഷെട്ടിയുടെ മകന്‍ രക്ഷക് ഷെട്ടി (22),  ഓസ്റ്റിന്‍ ടൗറോയുടെ മകന്‍ അലിസ്റ്റര്‍ ടൗറോ (21), കാവൂരിലെ കെഐസിഎല്‍ ക്വാര്‍ട്ടേഴ്‌സിലെ റോബിന്‍ സിന്‍ഹയുടെ മകന്‍ രാഹുല്‍ സിന്‍ഹ (21) എന്നിവരാണ് പിടിയിലായത്.
തമാശ വീഡിയോകാര്യം പറയുന്നത് ശരിയാണെങ്കിലും സ്വീകരിച്ച രീതി വളരെ അപകടകരമാണെന്ന് പോലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ പറഞ്ഞു.
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (സൗത്ത്) രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.  സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന് പ്രതികളെ പിടി കൂടിയതെന്നും അദ്ദേഹം പറഞ്ഞു.

പടവിനാംഗടിയിലെ മഹാലസ ക്ഷേത്രത്തിന് സമീപംവെച്ചാണ് ബുധനാഴ്ച മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ ആണ്‍കുട്ടികളിലൊരാള്‍ പ്രതികള്‍ക്കുനേരെ കല്ലെറിഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് പരന്നതോടെ പ്രദേശം സംഘര്‍ഷാവസ്ഥയിലായി.  
പോലീസ് കേസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം അറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് അപരിചിതരുടെ സംശയാസ്പദ നീക്കങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

Latest News