സൗദിയിൽ റെയിൽ വിപ്ലവം

ജിദ്ദയിൽനിന്ന് മക്കയിലേക്ക് ഹറമൈൻ ട്രെയിൻ നടത്തിയ  പരീക്ഷണ സർവീസ്. 
ഹറമൈൻ ട്രെയിൻ പരീക്ഷണ ഓട്ടത്തിന് ജിദ്ദയിലെത്തിയപ്പോൾ. 
മക്കയിലെ മശായിർ ട്രെയിൻ സർവീസ് 
തെക്ക് - വടക്ക് പാതയിലെ സ്റ്റേഷനിൽ പുതുതായി സർവീസ് നടത്തുന്ന ട്രെയിൻ 
റിയാദ് മെട്രോയുടെ നിർമാണം പുരോഗമിക്കുന്നു. 
ദമാം - റിയാദ് ട്രെയിൻ
നിർമാണം പുരോഗമിക്കുന്ന റിയാദ് മെട്രോ. 

സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള റെയിൽ പാത യാഥാർഥ്യമാവാൻ ഇനി ഏറെ കാത്തിരിക്കേണ്ടതില്ല. നിലവിൽ ദമാമിനും റിയാദിനുമിടയിൽ റെയിൽ പാതയുണ്ട്. റിയാദിൽ നിന്ന് തുടങ്ങി ബുറൈദ വഴി നീളുന്ന തെക്ക് - വടക്ക് പാതയിലൂടെ  അടുത്ത ദിവസം ഹായിലിലേക്ക് യാത്ര ചെയ്യാം. ഹായിലിൽ നിന്ന് ഏറെ അകലെയല്ലാത്ത മദീനയെ ജിദ്ദ വഴി മക്കയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാത പുതുവത്സര സമ്മാനമായി യാഥാർഥ്യമാവുന്നു. ഹായിലിനും മദീനയ്ക്കുമിടയിലെ ചെറിയ ഭാഗത്ത് കൂടി റെയിൽ ലിങ്ക് വരുമ്പോൾ രാജ്യത്തെ പ്രധാന ഭാഗങ്ങളെല്ലാം റെയിൽ പാളങ്ങളിലൂടെ ബന്ധിപ്പിച്ച നിലയിലായി. മൂന്ന് പ്രധാന നഗരങ്ങൾക്ക് ഏതായാലും റെയിൽ കണക്റ്റിവിറ്റിയായി. യുദ്ധ കാലാടിസ്ഥാനത്തിൽ പണി പുരോഗമിക്കുന്ന റിയാദ് മെട്രോയുടെ അറുപത് ശതമാനം ജോലിയും ഇതിനകം പൂർത്തിയായി. സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദയ്ക്ക് വേണ്ടി മെട്രോ റെയിൽവേയും ജല-റോഡ് ഗതാഗതവും ഉൾപ്പെടുന്ന വിപുലമായ പൊതു ഗതാഗത പദ്ധതി അണിയറയിലൊരുങ്ങുന്നു. 


ദമാം-റിയാദ് റെയിൽ പാത മാത്രമുണ്ടായിരുന്നിടത്ത് നിന്നാണ് സൗദി അറേബ്യയുടെ വികസന കുതിപ്പിന് ഊർജം പകരാൻ പുത്തൻ പദ്ധതികൾ ഒരുക്കുന്നത്. ഏതാനും വർഷം മുമ്പ് യാഥാർഥ്യമായ മക്കയിലെ മശായിർ റെയിൽവേയും ഈ രംഗത്തെ നിർണായക കാൽവെപ്പായിരുന്നു. 18.2 കിലോ മീറ്റർ ദൈർഘ്യമുള്ള മക്ക മെട്രോ ഹജ് തീർഥാടകർക്ക് അനുഗ്രഹമായി മാറി. 12 കംപാർട്ടുമെന്റുകളുള്ള പതിനേഴ് തീവണ്ടികളാണ് ഹജ് സീസണിൽ ഓടിച്ചത്. ഹജിന്റെ തിരക്കേറിയ ദിനങ്ങളിൽ മണിക്കൂറുകൾ നീണ്ട യാത്ര മിനിറ്റുകളാക്കി ചുരുക്കാൻ ഈ സംവിധാനത്തിലൂടെ സാധിച്ചു. മക്ക ഹറമൈൻ റെയിൽവേയുടെ ടെർമിനസാണ്. മക്ക നഗരത്തിലേക്ക് മശായിർ മെട്രോ സർവീസ് ദീർഘിപ്പിക്കുന്നതോടെ യാത്രകൾ വേഗത കൈവരിക്കും. ജിദ്ദ വിമാനത്താവളത്തിലും മക്ക-മദീന ഹറമൈൻ ട്രെയിനിന് സ്റ്റോപ്പുണ്ടെന്നതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പെട്ടെന്ന് മക്കയിലും മദീനയിലുമെത്തിച്ചേരാനാവും. 
റിയാദിൽ നിന്ന്  ഹായിലിലേക്കുള്ള ട്രെയിൻ സർവീസ് ഈ മാസം 26 ഞായറാഴ്ച മുതലാണ് ആരംഭിക്കുക. 
തെക്കുവടക്കു പാതയിൽ പാസഞ്ചർ ട്രെയിൻ സർവീസിന്റെ രണ്ടാം ഘട്ടമാണിത്. ആദ്യ ഘട്ട സർവീസ് ഈ വർഷം  ഫെബ്രുവരി 26 ന് ആരംഭിച്ചിരുന്നു. റിയാദിനെ മജ്മ, അൽഖസീം, ഹായിൽ, അൽജൗഫ് വഴി ഉത്തര സൗദിയിലെ ഖുറയ്യാത്തുമായി ബന്ധിപ്പിക്കുന്ന തെക്കു വടക്ക് പാതയിൽ ആദ്യ ഘട്ടമായി റിയാദിൽ നിന്ന് അൽഖസീമിലേക്കാണ് പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചത്. റിയാദ്, മജ്മ, അൽഖസീം സ്റ്റേഷനുകൾക്കിടയിൽ അന്ന് സർവീസ് തുടങ്ങി. 


ഹായിൽ സർവീസുകളിലെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു. റിയാദിൽ നിന്ന് ഹായിലിലേക്ക് 120 റിയാലും അൽഖസീമിൽ നിന്ന് ഹായിലിലേക്ക് 50 റിയാലും മുതലാണ് ടിക്കറ്റ് നിരക്കുകൾ. തെക്കു വടക്കു പാതയിലെ മൂന്നും നാലും ഘട്ടങ്ങളായ അൽജൗഫ്, ഖുറയ്യാത്ത് സ്റ്റേഷനുകളിലേക്കുള്ള സർവീസുകൾ അടുത്ത വർഷം ആരംഭിക്കുമെന്നും സൗദി റെയിൽവേ കമ്പനി സി.ഇ.ഒ ഡോ. ബശാർ അൽമാലിക് വ്യക്തമാക്കി.  ഹായിൽ സർവീസ് ആരംഭിക്കുന്ന നവംബർ 26 മുതൽ റിയാദ്, മജ്മ, അൽഖസീം സ്റ്റേഷനുകളിൽ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം  വരുത്തിയിട്ടുണ്ട്. 
മധ്യസൗദിയിൽ നിന്ന് ഉത്തര സൗദിയിലെ നഗരങ്ങളിലേക്ക് സുഖകരവും നവീനവുമായ യാത്രാ അനുഭവമാണ് സൗദി റെയിൽവേ കമ്പനി ഒരുക്കുന്നത്. പാസഞ്ചർ ട്രെയിൻ സർവീസുകൾ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും റോഡുകളിലെ അപകട നിരക്ക് കുറക്കുന്നതിനും സഹായിക്കും. മധ്യസൗദിക്കും ഉത്തര സൗദിക്കുമിടയിൽ ബദൽ യാത്രാ സൗകര്യം ലഭ്യമാക്കുകയാണ് പുതിയ പദ്ധതി ചെയ്യുന്നത്. തെക്കുവടക്കു പാത കടന്നുപോകുന്ന നഗരങ്ങളിൽ ജീവിത നിലവാരം ഉയർത്തുന്നതിന് പദ്ധതി സഹായിക്കും. ഈ പ്രദേശങ്ങളിൽ സാമ്പത്തിക മേഖലകളിൽ പുത്തനുണർവുണ്ടാക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പദ്ധതി സഹായകമാകും. തെക്കു വടക്കു പാതയിൽ ചരക്ക് തീവണ്ടികൾ നേരത്തെ തന്നെ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഉത്തര സൗദിയിലെ ഫോസ്‌ഫേറ്റ്, ബോക്‌സൈറ്റ് ഖനികളെ റിയാദ്, ദമാം വഴി കിഴക്കൻ സൗദിയിലെ റാസൽഖൈറുമായും ജുബൈലുമായും ബന്ധിപ്പിക്കുകയാണ് ഗുഡ്‌സ് പാത ചെയ്യുന്നത്. 
തെക്കു വടക്കു പാതയിൽ ഗുഡ്‌സ് ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും വെവ്വേറെ റെയിൽ പാതകളുണ്ട്. ഇവയുടെ ദൈർഘ്യം 2750 കിലോമീറ്ററാണ്.  തെക്കുവടക്കു പാതയിൽ സർവീസ് ആരംഭിക്കുന്നതിനു മുമ്പ് റിയാദിൽ നിന്ന് ബഖീഖ്, ഹുഫൂഫ് വഴി ദമാമിലേക്കു മാത്രമാണ് പാസഞ്ചർ ട്രെയിൻ സർവീസുണ്ടായിരുന്നത്. 
മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതി അന്തിമ ഘട്ടത്തിലാണ്. ഈ പദ്ധതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസുകൾ നടത്തിയിരുന്നു. ജിദ്ദയെയും റിയാദിനെയും റെയിൽപാതയിൽ ബന്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. 


മക്കയിൽ നിന്ന് മദീനയിലേക്ക് ആരംഭിക്കുന്ന ഹറമൈൻ സർവീസിന് മേഖലയുടെ ചരിത്രവുമായി ബന്ധമുണ്ട്. സമ്പന്നമായ ചരിത്ര പൈതൃകത്തിന്റെ ഓർമകളാണ് ഹറമൈൻ ട്രെയിൻ സർവീസ് ആരംഭിക്കുമ്പോൾ മദീന നിവാസികളുടെ മനസ്സുകളിൽ. ഓട്ടോമൻ തുർക്കി സുൽത്താൻ ആയിരുന്ന അബ്ദുൽഹമീദ് രണ്ടാമന്റെ കാലത്താണ് ഹജ് തീർഥാടകരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ട് ദമാസ്‌കസിൽ നിന്ന് മദീനയിലേക്ക് റെയിൽ പാത നിർമിച്ചത്. 1908 ൽ ഈ പാതയിൽ ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും എട്ടു വർഷത്തെ ആയുസ്സ് മാത്രമാണുണ്ടായത്. മേഖലയിൽ ഓട്ടോമൻ തുർക്കി ഭരണത്തിനെതിരായ അറബ് കലാപത്തിനിടെ 1916 ൽ റെയിൽ പാത തകർക്കപ്പെട്ടു. 


ദമാസ്‌കസിൽ നിന്ന് മദീനയിലേക്കുള്ള 1300 കിലോമീറ്റർ ദൂരം അഞ്ചു ദിവസമെടുത്താണ് തുർക്കി ട്രെയിൻ താണ്ടിയിരുന്നത്. മദീനയിൽ നിന്ന് റാബഗ്, ജിദ്ദ വഴി മക്കയിലേക്കുള്ള 450 കിലോമീറ്റർ ദൂരം രണ്ടു മണിക്കൂറിനുള്ളിൽ താണ്ടുന്ന അതിവേഗ ഇലക്ട്രിക് ട്രെയിനുകളാണ് ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സർവീസ് നടത്തുക. ആഗോള മാനദണ്ഡങ്ങളോടെ അത്യാധുനിക രീതിയിലാണ് ഹറമൈൻ ട്രെയിൻ സ്റ്റേഷനുകൾ നിർമിച്ചിരിക്കുന്നത്. മസ്ജിദുന്നബവിയിൽ നിന്ന് ഒമ്പതും മദീന എയർപോർട്ടിൽ നിന്ന് പതിമൂന്നും കിലോമീറ്റർ ദൂരെയാണ് ഹറമൈൻ ട്രെയിൻ സ്റ്റേഷനുള്ളത്. ജിദ്ദ നഗരവാസികളായ മലയാളികൾ താമസമെവിടെയെന്ന് അന്വേഷിച്ചാൽ പുതിയ മേൽവിലാസം പോലെ  റെയിൽവേ സ്റ്റേഷന് മുമ്പിലെന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. വികസന കുതിപ്പിന് മികച്ച പശ്ചാത്തലമൊരുക്കേണ്ടതുണ്ട്. വ്യാവസായിക മുന്നേറ്റവും ഗതാഗതവും പരസ്പര പൂരകങ്ങളാണ്. രാജ്യമാകെ റെയിൽ ഗതാഗത ശൃംഖല ഏർപ്പെടുത്തുന്നതോടെ സൗദി അറേബ്യയും കുതിക്കുകയായി. 

Latest News