തിരുവനന്തപുരം- കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ എം.ഡി. ബിജു പ്രഭാകർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം. ജീവനക്കാർ തമ്പാനൂരിൽനിന്ന് ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. കോൺഗ്രസ് തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മാർച്ച് പോലീസ് തടഞ്ഞതോടെ ഓഫീസിനു മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരായ പരാമർശത്തിൽ ബിജു പ്രഭാകർ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും ബിജു പ്രഭാകർ ആരോപിച്ചിരുന്നു.






