തീർന്നിട്ടും തീരാത്ത സി.പി.എം വിഭാഗീയത  

ജയരാജന് കാലം കാത്തു വെച്ചത് എന്നൊക്കെയാണ്  പാർട്ടിയിലും പാർട്ടിക്ക് പുറത്തും വി.എസ് പക്ഷം ചേർന്നു നിൽക്കുന്നവർ നവ മാധ്യമങ്ങളിലൊക്കെ കുറിച്ചിടുന്നത്. പാർട്ടിയിൽ  നിന്നുണ്ടായ അനുഭവം ശരിവെച്ച ജയരാജനിൽ നിന്നുണ്ടായ പ്രതികരണവും പഴയ വി.എസ് പോര് കാലത്തെ ഓർമ്മിപ്പിക്കുന്നത് തന്നെ.

വിഭാഗീയത  എന്നെന്നേക്കുമായി അവസാനിച്ചെന്നൊക്കെയാണ് സി.പി.എം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്.  പക്ഷേ ദൈനം ദിന അനുഭവം അതൊന്നുമല്ല.  കേരള രാഷ്ട്രീയ ചലനത്തിലെ ഓരോ വിനാഴികയിലും സി.പി.എം വിഭാഗീയത മുന്നിൽ നിന്ന് നൃത്തമാടുന്നു. 
കേരള രാഷ്ട്രീയത്തിന്റെ തൂണിലും തുരുമ്പിലുമെല്ലാം അതുണ്ട്. ഒടുവിലിതാ പി.ജയരാജൻ!  ആ പ്രശ്‌നത്തിന്റെ ആഴവും ചെന്നെത്തുന്നത് വി.എസ്-പിണറായി പോരിന്റെ  ആ പഴയ നാൾ വഴികളിലേക്ക് തന്നെ.   ബിംബം ചുമക്കുന്ന ഒരു ജീവിയോട് വി.എസ് അച്യുതാനന്ദനെ പാർട്ടി കമ്മിറ്റിയിൽ  ഉപമിച്ചു എന്നായിരുന്നു പി.ജയരാജനെതിരെ അക്കാലത്ത് ഉയർന്ന ആക്ഷേപം. ഇതുപോലൊരു പാർട്ടി സമ്മേളന കാലവും കൂടിയായിരുന്നു അത്.  കണ്ണേ കരളേ വി.എസെ എന്ന മുദ്രാവാക്യവും, വി.എസിനെ പുകഴ്ത്തുന്ന പൂമരപ്പാട്ടുമൊക്കെ പാർട്ടിയിൽ ഒരു വിഭാഗവും, കൂടുതലായി പുറത്തുള്ളവരും  ആഘോഷമാക്കുന്ന കാലത്തായിരുന്നു ജയരാജൻ നടത്തിയതായി പറയുന്ന ഈ വിമർശം. അന്നത്തെ വി.എസ് പക്ഷം  ആ നിലപാടുകളെയെല്ലാം  'വീ..എസ്' അതെ, ഞങ്ങൾ ജനങ്ങളാണ് ശരി എന്ന കടു കട്ടിയുള്ള  നിലപാടു കൊണ്ട് പ്രതിരോധിച്ചു. ഇപ്പോഴിതാ  ഒരവസരം വന്നപ്പോൾ ജയരാജന് തിരിച്ചുകിട്ടിയിരിക്കുന്നു. അന്ന് നിങ്ങൾ വി.എസിനെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞില്ലേ, എന്നാലിതാ നോക്കിക്കോ എന്ന മട്ടിലുള്ള തിരിച്ചടി. വി.എസിനോട് ചെയ്തതിന് തിരിച്ചടി എന്നൊന്നും ആരും പുറത്ത് പറയില്ലെങ്കിലും കേൾക്കുന്നവർക്കും കാണുന്നവർക്കും എല്ലാം വ്യക്തം. കാലവും കഥയും വ്യക്തികളും  മാറുന്നുണ്ടെങ്കിലും   അടിയൊഴുക്കുകൾ ഒന്നു തന്നെ. 
കണ്ണൂർ പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ബാനറിൽ പ്രദീപ് കടയപ്രം നിർമ്മിച്ച സംഗീത ശിൽപമടക്കമുള്ള കാര്യങ്ങൾ വ്യക്തിപൂജയാണെന്ന്  ആരോപിച്ചാണ് പാർട്ടിയിലൊരു പക്ഷം  പി. ജയരാജനെതിരെ രംഗത്തു വന്നിരിക്കുന്നത്.  
'കണ്ണൂരിൻ താരകമല്ലോ
 ചെഞ്ചോരപ്പൊൻ കതിരല്ലോ, 
നാടിൻ നെടുനായകനല്ലോ 
ചെഞ്ചോരപ്പൊൻ കതിരല്ലോ' 
എന്നു തുടങ്ങുന്ന സംഗീത ആൽബം ജയരാജനെ മഹത്വവൽക്കരിക്കുന്നതാണെന്നാണ് പാർട്ടി കമ്മിറ്റിയിൽ ആക്ഷേപം ഉയർന്നത്. ഈ ഗാനത്തിനു പുറമെ കതിരൂർ മനോജ് വധക്കേസിൽ ജയരാജിനെതിരെ യു.എ.പി.എ പ്രയോഗിച്ചതിനെതിരെ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ തയ്യാറാക്കിയ കുറിപ്പിലെ വാചകവും ജയരാജനെ പാർട്ടി വേദയിൽ പ്രതിക്കൂട്ടിലാക്കാൻ തൽപര കക്ഷികൾ ഉപയോഗിക്കുകയാണ്.    'അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നിൽ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, ജനസഹസ്രങ്ങളുടെ മുന്നിൽ പ്രതീക്ഷയായ നേതാവിനെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്' എന്ന വാചകമൊക്കെ പാർട്ടി  ബുദ്ധി കേന്ദ്രങ്ങൾ തലനാരിഴ കീറി പരിശോധിക്കുന്നു. വി.എസ് അച്യുതാനന്ദനെ ഇത്തരം പ്രവണതകളുടെ പേര് പറഞ്ഞ് എതിർത്ത ജയരാജന് കാലം കാത്തുവെച്ചത് എന്നൊക്കെയാണ്  പാർട്ടിയിലും പാർട്ടിക്ക് പുറത്തും വി.എസ് പക്ഷം ചേർന്നു നിൽക്കുന്നവർ നവ മാധ്യമങ്ങളിലൊക്കെ കുറിച്ചിടുന്നത്. 
പാർട്ടിയിൽ  നിന്നുണ്ടായ അനുഭവം ശരിവെച്ച ജയരാജനിൽ നിന്നുണ്ടായ പ്രതികരണവും പഴയ വി.എസ് പോര് കാലത്തെ ഓർമ്മിപ്പിക്കുന്നത് തന്നെ. എന്നെ തിരുത്താൻ എന്റെ പാർട്ടിക്കല്ലാതെ മറ്റാർക്കാണ് കഴിയുക എന്ന ചോദ്യം കൊണ്ടായിരുന്നു നടപടി നേരിട്ട ഘട്ടങ്ങളെയൊക്കെ വി.എസ് ലളിതവൽക്കരിച്ചത്.  ജയരാജനും പറയുന്നത് സമാനമായ രീതിയിൽ തന്നെ. കമ്യൂണുസ്റ്റുകാരുടെ പൊതു രീതിയെന്നൊക്കെ സാമന്യവൽക്കരിക്കാം. 
'സി.പി.എം പ്രവർത്തകനായിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം  എന്നെ വളർത്തിയ ഈ പാർട്ടിക്ക് എന്നെ വിമർശിക്കാനും അവകാശമുണ്ട്.
ആ വിമർശനത്തിൽ ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടു കൊണ്ടാണ് പ്രവർത്തിക്കുക.'' പി.ജയരാജന്റെ ഔദ്യോഗിക പ്രതികരണമാണത്. പാർട്ടി കമ്മിറ്റിയിൽ ഞായറാഴ്ചയുണ്ടായ കാര്യങ്ങളൊന്നും അദ്ദേഹം നിഷേധിക്കുന്നില്ല. 
ജയരാജനെതിരെയുണ്ടായ നീക്കത്തപ്പറ്റി സി.പി.എം സെക്രട്ടറിയേറ്റ് ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവയനയിലും ഇറങ്ങിപ്പോയി എന്ന ഭാഗം മാത്രമാണ് നിഷേധിക്കുന്നത്. 
'പാർട്ടിക്കകത്ത് വിമർശന സ്വയംവിമർശനം നടക്കുന്നത് സ്വാഭാവികമാണ്. അതിനെ വക്രീകരിച്ച് വാർത്തകൾ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങൾ. പി.ജയരാജനെതിരെ പാർട്ടി  സംസ്ഥാന കമ്മിറ്റി യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. പി.ജയരാജൻ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി എന്നുള്ളത് പത്രത്തിന്റെ ഭാവനാ സൃഷ്ടി മാത്രമാണ്' -സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ  വിശദീകരിക്കുന്നതങ്ങനെയാണ്.
വി.എസുമായുള്ള പോരിന്റെ കാലത്ത് പലവട്ടം കേട്ട വിശദീകരണത്തിന്റെ തനി രൂപം. വിമർശം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുമെന്നത് പാർട്ടി രീതിയാണ്.  അണികൾക്കിടയിൽ ജയരാജന് ഇന്നുള്ള പ്രതിഛായയെ അത് പ്രതികൂലമായി ബാധിക്കുമെന്നത് സ്വാഭാവികം. തീർച്ചയായും എതിർവാദങ്ങൾ കൊണ്ടാകും ജയരാജനെ അനുകൂലിക്കുന്നവർ അത് നേരിടുക. എത്രയോ കാര്യങ്ങൾ അവർക്ക് എതിർ വാദമായി ഉന്നയിക്കാനുണ്ടാകും. മുഖ്യമന്ത്രി ആരെന്ന് പുറത്ത് പറയാതെയായിരുന്നുവല്ലോ   വി.എസിനെ മുന്നിൽ നിർത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ എൽ.ഡി.എഫ് നേരിട്ടത്.  മുഖ്യമന്ത്രിയാകുന്നതിന്റെ മുന്നോടിയായി നടന്ന നവകേരള യാത്ര നയിച്ചത് പിണറായി വിജയൻ.  പിണറായിയെ മഹത്വവൽക്കരിക്കുന്ന എല്ലാം തികഞ്ഞ ട്രെയ്‌ലർ അന്നിറങ്ങി.  സിനിമ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത   ട്രെയ്‌ലർ വെച്ചു നോക്കുമ്പോൾ കണ്ണൂരിലെ ഏതോ ഗ്രാമീണർ  ഇറക്കിയ ജയരാജ അനുകൂല സംഗീത ശിൽപമൊന്നും  ഒന്നുമല്ല.  
''ജനങ്ങളാണ് രാജ്യത്തെ ചരിത്രം നിർമ്മിക്കുന്നത്. ഈ രാജ്യത്ത് കാര്യങ്ങൾ നടക്കണമെന്നുണ്ടെങ്കിൽ ജനങ്ങൾ സംഘടിക്കണം'' എന്ന പ്രൗഢമായ ഇ.എം.എസ് ശബ്ദമൊക്കെ വെച്ചുള്ള ഒന്നാന്തരം ട്രെയ്‌ലറായിരുന്നു അന്ന് പിണറായിയുടെ യാത്രാകാലത്ത്  കേരളത്തിൽ ഓടിയത്.   പിണറായിയുടെ പല രൂപങ്ങൾ ചിത്രത്തിൽ  നിറഞ്ഞു നിന്നിരുന്നു.
അന്നൊന്നും ഇല്ലാത്ത മഹത്വവൽക്കരണ വിരോധം ഇപ്പോൾ എവിടെ നിന്നു വന്നു എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടുന്ന പാർട്ടി നേതൃത്വത്തിന് മുന്നിൽ പി.ജയരാജൻ പക്ഷം വിജയിയാകും. അപ്പോഴും പരാജയപ്പെടുന്നത് ഒന്നു മാത്രം -സി.പി.എം എന്ന പാർട്ടിയിലെ എല്ലാ വിഭാഗീതയും ഇല്ലാതായി എന്ന വാദം. 
 

Latest News