Sorry, you need to enable JavaScript to visit this website.
Sunday , February   28, 2021
Sunday , February   28, 2021

കേന്ദ്ര വിവേചനം തുടരുന്നു; മാറ്റം പ്രതീക്ഷിക്കുന്നില്ല

കേന്ദ്ര സർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. രാജ്യത്തെ മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. കോവിഡ് കാലത്ത് ജനങ്ങൾക്ക് സമാശ്വാസം നൽകുന്നതും ചികിത്സ ഉറപ്പു വരുത്തുന്നതും സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. സംസ്ഥാന സർക്കാരുകളുടെ വരുമാനം കോവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്ന് കുറഞ്ഞു. കേന്ദ്ര നികുതി വരുമാനം ഇടിഞ്ഞതുകൊണ്ട് ധനകാര്യ കമ്മീഷൻ വഴിയുള്ള കേന്ദ്ര ധനസഹായവും കുറഞ്ഞു. 
കേന്ദ്ര സർക്കാർ ജി.എസ്.ടി നഷ്ടപരിഹാരത്തുക വെച്ചു താമസിപ്പിക്കുകയും ചെയ്തു. പൂർണമായി നൽകുന്നതിന് ഇപ്പോഴും തയാറായിട്ടുമില്ല.  സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ രണ്ടു ശതമാനം കൂടുതൽ വായ്പയെടുക്കുന്നതിന് അനുവദിച്ചെങ്കിലും കർക്കശമായ നിബന്ധനകൾ മൂലം ഒരു സംസ്ഥാനത്തിനും പൂർണമായി ഇത് ഉപയോഗപ്പെടുത്താനാവില്ല. ഇവയെല്ലാം മൂലം മാന്ദ്യകാലത്ത് ചെലവ് ചുരുക്കുന്നതിന് സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതും പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പൂർണ റിപ്പോർട്ട് ഇനിയും ലഭ്യമായിട്ടില്ല. കേരളത്തിന്റെ നികുതി വിഹിതം പതിനാലാം ധനകാര്യ കമ്മീഷന്റെ കാലത്ത് 2.34 ശതമാനം ആയിരുന്നത് 2020-21 ൽ 1.94 ശതമാനമായി താഴ്ന്നു. ഇനിയുള്ള വർഷങ്ങളിലും ഇതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ല. സംസ്ഥാനങ്ങളുടെ വായ്പകളുടെ മേൽ നിബന്ധനകൾ അടിച്ചേൽപിക്കാൻ ഫിനാൻസ് കമ്മീഷൻ തയാറാകുമോ എന്ന ആശങ്കയും പ്രബലമാണ്. കൂടുതൽ കർക്കശമായ ധന ഉത്തരവാദിത്ത നിയമം വേണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ബജറ്റിന് പുറത്തുള്ള വായ്പകളുടെ മേലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കമുണ്ട്. ഇവയോടെല്ലാമുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമീപനം സംസ്ഥാന ധനകാര്യ സ്ഥിതിയുടെ മേൽ ഡെമോക്ലിസിന്റെ വാളുപോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കഴിഞ്ഞ ബജറ്റ് പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം സാമ്പത്തിക വളർച്ച കേവലം 3.1 ശതമാനം മാത്രമായിരുന്നു. അതിനു ശേഷമാണ് കോവിഡ് പകർച്ചവ്യാധി രാജ്യത്തെ ഗ്രസിച്ചത്. ലോക്ഡൗണും ചരക്കുകടത്ത് തടസ്സങ്ങളും വിതരണ ശൃംഖലകളെ തകർത്തു. തൊഴിലില്ലായ്മ സൃഷ്ടിച്ച വരുമാന ഇടിവുമൂലം ഡിമാന്റും തകർന്നു. ആഗോള ഉൽപാദനം 4.9 ശതമാനം കേവലമായി ചുരുങ്ങും എന്നാണ് കണക്കാക്കപ്പെടുന്നത്. 
'കച്ചവടമില്ലാ കാലം, വേലയും കൂലിയുമില്ലാതെ മനുഷ്യൻ വീട്ടിലിരിപ്പൂ' എന്നാണ് തോട്ടട, ഗവ. ടെക്‌നിക്കൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നവാലുറഹ്മാൻ ഈ അവസ്ഥയെ വരച്ചിടുന്നത്.
 അമേരിക്കയുടെ നിഷേധാത്മക നിലപാടു മൂലം പകർച്ചവ്യാധിയെയും സാമ്പത്തിക പ്രതിസന്ധിയെയും പ്രതിരോധിക്കുന്നതിന് ആഗോളമായി യോജിച്ചൊരു സമീപനം രൂപപ്പെട്ടില്ല. 
 വികസിത രാജ്യങ്ങൾ പൊതുവിൽ ഡിമാന്റിനെ ഉത്തേജിപ്പിക്കുന്നതിന് വൻതോതിൽ സർക്കാർ ചെലവ് വർധിപ്പിച്ചു. ഏറ്റവും പാവപ്പെട്ട രാജ്യങ്ങൾക്കാകട്ടെ, ഇത്തരത്തിലൊരു സമീപനം സ്വീകരിക്കാനുള്ള പ്രാപ്തിയില്ല. അവർക്ക് നൽകിയ ആഗോള സഹായം നന്നേ ചെറുതുമായിരുന്നു. ഇന്ത്യ പോലുള്ള വികസ്വര രാഷ്ട്രങ്ങളുടെ നയം ഇവയ്ക്കു രണ്ടിനുമിടയിലാണ്.
കേന്ദ്ര സർക്കാരിന്റെ ഉത്തേജന പാക്കേജിന് ബജറ്റിൽ നിന്നുള്ള യഥാർത്ഥത്തിൽ അധികച്ചെലവ് ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനത്തോളമേ വരൂ. ആരോഗ്യ മേഖലയിൽ പോലും കേന്ദ്ര സർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയിട്ടില്ല. ഇത്തരമൊരു നയം മൂലം ലോകത്ത് ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇന്ന് ഇന്ത്യ. ഈ വർഷത്തെ ആദ്യപാദത്തിൽ ആഗോള ഉൽപാദനം 10 ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യാരാജ്യത്തെ ഉൽപാദനം 23 ശതമാനമാണ് ഇടിഞ്ഞത്. നമ്മുടെ വീണ്ടെടുപ്പും താരതമ്യേന ദുർബലമാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണം.