Sorry, you need to enable JavaScript to visit this website.
Sunday , February   28, 2021
Sunday , February   28, 2021

പ്രതിസന്ധി അവസരങ്ങളുടെ മാതാവ്

ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്റെ ആമുഖം 

നേരം പുലരുകയും
സൂര്യൻ സർവ തേജസ്സോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും
നാം കൊറോണക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും...

പാലക്കാട് കുഴൽമന്ദം ജി.എച്ച്.എസിലെ ഏഴാം ക്ലാസുകാരി കെ..സ്‌നേഹ എഴുതിയ കവിതയോടെ 2021-22 ലേക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഞാൻ ആരംഭിക്കട്ടെ.

കോവിഡ് അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലായാലും കേരളം പങ്കുവെക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ വരികളിലുണ്ട്. ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന പിണറായി സർക്കാർ തന്നെയാണ് ജനങ്ങളിൽ ഈ ആത്മവിശ്വാസം സൃഷ്ടിച്ചത് എന്ന് അഭിമാനത്തോടെയും വിനയത്തോടെയും   അവകാശപ്പെടട്ടെ. 
സർക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണ്. ഭൂതകാലത്തിന്റെ ക്ഷേമനേട്ടങ്ങൾ നിലനിർത്തിക്കൊണ്ട്, പുതിയ വികസന പാതയിലേയ്ക്കു വഴി തെളിയിക്കുന്നവയായിരുന്നു കഴിഞ്ഞ അഞ്ച് ബജറ്റുകളും. 
ഈ നിലപാടിന്റെ തുടർച്ചയാണ് 2021-22 ലേക്കുള്ള ബജറ്റ്. ആത്മവിശ്വാസത്തിന്റെ കരുത്തോടെ പറയട്ടെ, കോവിഡാനന്തര കേരളത്തിന്റെ വികസന മുൻഗണനകളുടെയും മുൻകൈകളുടെയും രൂപരേഖയാണ് ഈ ബജറ്റ്.
കേരളത്തിന്റെ കോവിഡ് പ്രതിരോധം ലോകത്തിന്റെ ആദരവ് നേടി. ആദ്യഘട്ടത്തിൽ വ്യാപനത്തെത്തന്നെ തടയുന്നതിൽ വിജയിച്ചു. എന്നാൽ ഇപ്പോൾ വ്യാപന രേഖ വീണ്ടും മുകളിലേയ്ക്ക് ഉയരുകയാണ്. പക്ഷേ ചികിത്സാ സൗകര്യങ്ങൾ കോവിഡ് വ്യാപന രേഖയുടെ മുകളിൽ നിലനിർത്തുന്നതിനു നമ്മൾ വിജയിച്ചതുകൊണ്ട് മരണ നിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ തളയ്ക്കാൻ കഴിഞ്ഞു. 
ആരോഗ്യ ഇടപെടൽ ഫലപ്രദമല്ലായിരുന്നുവെങ്കിൽ മരണം പല മടങ്ങായി ഉയർന്നേനേ. ആരോഗ്യ പ്രവർത്തകർ, പോലീസ് സേന, റവന്യൂ, തദ്ദേശഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി മുഴുവൻ കോവിഡ് പോരാളികളെയും അഭിനന്ദിക്കുന്നതിന് സഭ എന്നോടൊപ്പം ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്.
കോവിഡിനു മുന്നിൽ പകച്ചു നിൽക്കാൻ നാം തയാറല്ല. നമ്മുടെ കുട്ടികളടക്കം അതിജീവനത്തിന്റെ പുതുവഴികളെക്കുറിച്ചാണ് സ്വപ്‌നം കാണുന്നത്. തിരുവനന്തപുരം മടവൂർ എൻ.എസ്.എസ് എച്ച്.എസ്.എസിലെ ആർ.എസ്. കാർത്തികയുടെ പ്രത്യാശ പങ്കുവെക്കട്ടെ...

യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ടു നടന്നിടും നാമിനിയും
വിജയ ഗാഥകൾ ചരിത്രമായി 
വാഴ്ത്തിടും

കേരളത്തിന്റെ വിജയഗാഥ ലോകചരിത്രത്തിന്റെ ഭാഗമാകുമെന്ന പ്രത്യാശ പാഴാകില്ലെന്ന് ഈ ബജറ്റ് ഉറപ്പു നൽകുന്നു.
ഒരു ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി എടുക്കാവുന്ന നിലപാടുകൾക്ക് കർശനമായ പരിധിയുണ്ട്. എങ്കിലും കേരളം സ്വീകരിച്ച നടപടികൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു മനസ്സോടെയാണ് നാം അതിജീവനത്തിന്റെ പുതിയ അധ്യായം രചിച്ചത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ ഇഛാശക്തിയെ ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. ആ പോരാട്ടം നമ്മുടെ കുട്ടികളുടെ ഹൃദയത്തിൽ എങ്ങനെ പതിഞ്ഞുവെന്ന് നോക്കൂ. വയനാട് കണിയാമ്പറ്റ ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കെ.എച്ച്. അളകനന്ദയുടേതാണ് വരികൾ.

ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ നിന്ന് നീ
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ
തോറ്റുപോകാതിരിക്കാൻ കൂടി
ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങൾ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു...

പ്രതിസന്ധിയുടെയും വിവേചനത്തിന്റെയും മുന്നിൽ പകച്ചു നിൽക്കാനല്ല, സ്വന്തം പാത കണ്ടെത്തി, ലോകത്തിനു മാതൃകയായ ഒരു പാഠം രചിക്കുകയായിരുന്നു സർക്കാർ ചെയ്തത്. 
'കൂടപ്പിറപ്പുകൾക്കു കരുത്തു നൽകാൻ
ഒപ്പമല്ല മുന്നിൽത്തന്നെയല്ലേ

നല്ല ലക്ഷ്യബോധമുള്ളൊരു
സർക്കാരുമുണ്ടുകൂടെ'

എന്നാണ് അയ്യൻ കോയിക്കൽ ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കനിഹ എഴുതിയത്.