Sorry, you need to enable JavaScript to visit this website.

വീണ്ടും നാടുകടത്തരുത്; ഗൾഫിൽ പണിയില്ല

വിവിധ ഗൾഫ് രാജ്യങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്ന സ്വദേശിവൽക്കരണവും അതോടൊപ്പം വന്നുചേർന്ന കോവിഡ് മഹാമാരിയും ലക്ഷക്കണക്കിന് പ്രവാസികളെയാണ് നാട്ടിലെത്തിച്ചിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടു മടങ്ങുന്നവരുടെ പ്രവാഹം നിലച്ചിട്ടുമില്ല. 
മിക്ക ഗൾഫ് രാജ്യങ്ങളും കൂടുതൽ മേഖലകളിൽ സ്വന്തം പൗരന്മാരെ നിയോഗിക്കുന്നതിനുള്ള പരിശോധനകളും പരീക്ഷണങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി സ്വദേശി പൗരന്മാർക്ക് മികച്ച തൊഴിൽ പരിശീലനം നൽകുന്നതിന് ഓരോ രാജ്യവും ശ്രദ്ധിക്കുന്നു. 
സാങ്കേതിക മേഖലകളിലടക്കം ഗൾഫ് പൗരന്മാർ നേടുന്ന യോഗ്യതയും പരിചയവും പ്രവാസികൾ ആധിപത്യം പുലർത്തിയിരുന്ന തൊഴിൽ രംഗങ്ങളിൽ വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത ദിവസം ഏതു സെക്ടർ സ്വദേശിവൽക്കരിക്കപ്പെടുമെന്ന ആശങ്ക ഓരോ പ്രവാസിക്കുമുണ്ട്. 
പ്രവാസികളുടെ തിരിച്ചുവരവും അവരുടെ പുനരധിവാസവും കേന്ദ്ര സർക്കാർ ഇനിയും ഗൗരവത്തിലെടുത്തിട്ടില്ലെന്നിരിക്കേ, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഏതൊരു ചെറിയ ശ്രമവും സ്വാഗതാർഹമാണ്. ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികൾ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. 
പുതിയകാല തൊഴിലുകളിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികൾക്കും നിർണായക പങ്കു വഹിക്കാനുണ്ടെന്ന് പറഞ്ഞുവെച്ച അദ്ദേഹം പക്ഷേ, മടങ്ങിവരുന്നവർക്ക് നൈപുണി പരിശീലനം നൽകി വീണ്ടും വിദേശത്തു പോകാനുള്ള സഹായം ലഭ്യമാക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 
നാട്ടിലെത്തുന്ന പ്രവാസികൾ എല്ലാ കാലത്തും നേരിട്ട ചോദ്യമാണ് എപ്പോഴാണ് മടക്കമെന്നത്. അവധിക്കാലം തീരുന്നതിനു മുമ്പേ ബന്ധുക്കളും നാട്ടുകാരും ചോദിച്ചു തുടങ്ങും അക്കാര്യം. 
സംസ്ഥാന ബജറ്റിൽ മന്ത്രി ഐസക് നടത്തിയ പരാമർശത്തിൽ നല്ല ലക്ഷ്യമാണുള്ളതെങ്കിലും നൈപുണിയും വൈദഗ്ധ്യവും നേടിയാലും ഗൾഫിൽ ഇനി അവസരങ്ങളുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. 
അതിവൈദഗ്ധ്യമുള്ളവർക്ക് ഇപ്പോഴും അവസരങ്ങളുണ്ടെന്ന് പറയാമെങ്കിലും അത് പൂർണമായും വസ്തുതക്ക് നിരക്കുന്നതല്ല. എല്ലാ ഗൾഫ് രാജ്യങ്ങളിലേയും പുതുതലമുറ ഏറ്റവും നവീനമായ കോഴ്‌സുകളും ലഭ്യമായ ജോലികൾക്ക് അനുസൃതമായ പരിശീലനവുമാണ് അന്വേഷിച്ച് കണ്ടെത്തുന്നത്. ആഗോള യൂനിവേഴ്‌സറ്റികൾ അവരുടെ വിരൽ തുമ്പിലാണ്. 
കോവിഡ് സാഹചര്യം ഒരുക്കിയ പുതിയ തൊഴിൽ രംഗം ഓഫീസുകളെ വീടുകളിലേക്ക് മാറ്റിയെന്നു മാത്രമല്ല, അത് വിവിധ രാജ്യങ്ങളിലേക്ക് കൂടി മാറ്റിയിട്ടുണ്ട്. വൻകിട കമ്പനികൾ വേതനം കുറവായ രാജ്യങ്ങളിൽ ഓഫീസുകൾ തുടങ്ങി പുതിയ ജീവനക്കാരെ കണ്ടെത്തുകയോ നിലവിൽ ഗൾഫിൽ ചെയ്യുന്നവരെ അങ്ങോട്ട് അയക്കുകയോ ആണ് ചെയ്യുന്നത്.
നോർക്കയുടെ കീഴിൽ ഇപ്പോൾ തന്നെ തൊഴിൽ പരിശീലന കോഴ്‌സുകൾ നൽകി വരുന്നുണ്ട്. പുതിയ പരിശീലന കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ച നോർക്ക കോഴ്‌സുകൾ പൂർത്തിയാക്കാൻ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ധനമന്ത്രി പ്രഖ്യാപിച്ച നൈപുണി വികസന പദ്ധതിയിൽ വലിയ പുതുമയില്ല. 
മിക്ക തൊഴിൽ മേഖലകളിലും ഏറ്റവും നവീനമായ തൊഴിൽ പരിശീലനം നേടിയവരും നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ കൂട്ടത്തിലുണ്ട്. കുടുംബ, സാമൂഹിക സമ്മർദങ്ങളാൽ വീണ്ടും വിദേശത്തേക്ക് മടങ്ങാൻ ഗൾഫ് പ്രവാസികൾ നിർബന്ധിതരാകുമ്പോൾ അവർക്ക് നാട്ടിൽ തന്നെ കഴിയാനുള്ള താങ്ങാണ് സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നത്. പുതിയ കണക്കെടുക്കുമെന്നും തദ്ദേശ സ്ഥാപനങ്ങൾ വഴി പദ്ധതികൾ ആവിഷ്‌കരിക്കുമെന്നൊക്കെ ബജറ്റിൽ പറയുന്നുണ്ടെങ്കിലും 
കണക്കുകളില്ലാത്തതാണോ  പ്രവാസി പുനരധിവാസത്തിനു തടസ്സമെന്ന ചോദ്യവും ഉയരുന്നു. മടങ്ങി എത്തിയ പ്രവാസികളെ കുറിച്ചും അവർ നേരിടുന്ന ദുരിതങ്ങളെ കുറിച്ചുമുള്ള വ്യക്തമായ ചിത്രം ഇനിയും സർക്കാരിന്റെ പക്കലില്ല. 
വിദേശ പണം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 25-30 ശതമാനം വരുന്നുണ്ടെന്ന് ധനമന്ത്രി ബജറ്റിൽ പറയുന്നു. ഇത് ഗൾഫ് സന്ദർശിക്കുന്ന മന്ത്രിമാരും രാഷ്ട്രീയ പാർട്ടി നേതാക്കളും ആവർത്തിക്കാറുള്ളതാണ്. പ്രവാസികളാണ് നാടിന്റെ നട്ടല്ലെന്ന ആവർത്തന വർത്തമാനം. 
പ്രവാസികളുടെ നൈപുണിയും സമ്പാദ്യവും ലോക പരിചയവും ഉപയോഗപ്പെടുത്താനാകണമെന്ന ധനമന്ത്രിയുടെ വാക്കുകൾ പക്ഷേ, പ്രതീക്ഷ നൽകുന്നതാണ്.  ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിൽ വരുന്ന മാറ്റങ്ങളുടെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നവരെ സംരക്ഷിക്കണമെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. 
ജൂലൈ മാസത്തിൽ എല്ലാ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും വിദേശത്തുനിന്ന് മടങ്ങിവന്നവരുടെയും മടങ്ങിവരാൻ ഉദ്ദേശിക്കുന്നവരുടെയും ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തിൽ ക്രോഡീകരിക്കുമെന്നും മന്ത്രി പറയുന്നു. തുടർന്ന് ഇവ ജില്ലാ അടിസ്ഥാനത്തിൽ കർമ പരിപാടിയായി മാറ്റുമെന്നാണ് വാഗ്ദാനം.  അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങൾ, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളിൽ മടങ്ങിവരുന്ന പ്രവാസികൾക്കു മുൻഗണന നൽകുമെന്നും ധനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.  
തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഗൗരവത്തിലെടുക്കാൻ കേന്ദ്ര സർക്കാർ തയാറല്ലെന്ന പ്രസക്തമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു. 
പല കാരണങ്ങളാൽ പ്രവാസികൾ പുറംതിരിഞ്ഞു നിൽക്കുന്ന ഡിവിഡന്റ് സ്‌കീമും ചിട്ടിയും ഊർജിതമാക്കുമെന്നാണ് മന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. പ്രവാസി ഡിവിഡന്റ് സ്‌കീമിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് 10 ശതമാനം പലിശ അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.എത്ര സമ്പാദിച്ചു എന്നതോടൊപ്പം എങ്ങനെ സമ്പാദിച്ചുവെന്നു കൂടി പരിശോധിക്കുന്നവരാണ് പ്രവാസികളിൽ ഗണ്യമായ വിഭാഗം. അവർക്കു മുന്നിലേക്കാണ് തോമസ് ഐസക്കിന്റെ പലിശ വാഗ്ദാനം.
പ്രവാസികളിൽനിന്ന് സമാഹരിക്കുന്ന തുക  കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുന്നതെന്നും കിഫ്ബി പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും അത് നിക്ഷേപകരെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ അധിക പലിശച്ചെലവ് ക്ഷേമപ്രവർത്തനമെന്ന നിലയിൽ സർക്കാർ വഹിക്കുമെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോൾ സമാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രഖ്യാപിച്ച 30 കോടി ഈ പലിശയിലേക്കാണോ പോകുകയെന്ന സംശയം നിലനിൽക്കുന്നു. കിഫ്ബി ബോണ്ടിൽ 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.  കോവിഡിനു ശേഷം പ്രവാസി ചിട്ടി ഊർജിതപ്പെടുത്തുമെന്നാണ് തോമസ് ഐസക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രവാസി ചിട്ടിയിൽ 30,230 പ്രവാസികളാണ് ചേർന്നിട്ടുള്ളത്.  


 

Latest News