ന്യൂദല്‍ഹി- ശനിയാഴ്ച രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമ്പോള്‍ ചില വിഭാഗങ്ങളെ ഒഴിവാക്കി. ഗര്‍ഭിണികളും മുലയൂട്ടൂന്ന അമ്മമാരുമാണ് ഇതില്‍ പ്രധാനം. ഇതുവരെ കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടില്ല. അതിനാലാണ് ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. ദോഷഫലങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളവര്‍, ഗുരുതരമായ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവരില്‍ വാക്സിന്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. താത്കാലികമായ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് അസ്വസ്ഥതകള്‍ പൂര്‍ണമായും മാറിയ ശേഷം നാലു മുതല്‍ എട്ടാഴ്ചയ്ക്കുള്ളിലേ രണ്ടാമത്തെ ഡോസ് നല്‍കാവൂ.
ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍, ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുള്ളവരും സാര്‍സ്‌കോവ്2 മോണോക്ലോണല്‍ ആന്റിബോഡികളോ കോവാലസെന്റ് പ്ലാസ്മയോ നല്‍കിയവര്‍, ഏതെങ്കിലും രോഗബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ എന്നിവരില്‍ താല്‍ക്കാലിക പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍ക്ക് വാക്സിന്‍ നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.
മുന്‍പ് സാര്‍സ് കോവ്-2 ബാധയുണ്ടായവര്‍, ഗുരുതര അസുഖങ്ങളുള്ളവര്‍, പ്രതിരോധശക്തി കുറഞ്ഞവര്‍, എച്ച് ഐ വി ബാധിതര്‍ തുടങ്ങിയവര്‍ക്കു വാക്സിന്‍ നല്‍കാമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകളാണ് ജനുവരി 16ന് വിതരണം ചെയ്തു തുടങ്ങുക. വാക്സിനേഷനുള്ള മരുന്നുകള്‍ സംസ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.






