Sorry, you need to enable JavaScript to visit this website.
Monday , March   01, 2021
Monday , March   01, 2021

ബജറ്റ്: വയനാടിനു പ്രതീക്ഷയും നിരാശയും 

കൽപറ്റ- ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ.തോമസ് ഐസക് നടത്തിയ പ്രഖ്യാപനങ്ങൾ വയനാടൻ ജനതയിൽ ഉളവാക്കിയത് ഒരേസമയം പ്രതീക്ഷയും നിരാശയും. ബ്രാന്റഡ് കോഫി ഉത്പാദനത്തിനു സംഭരിക്കുന്ന കാപ്പിക്കുരു കിലോഗ്രാമിനു 2021-22 ൽ 90 രൂപ താങ്ങുവില നിശ്ചയിക്കുമെന്ന പ്രഖ്യാപനം കാപ്പിക്കൃഷിക്കാരെ പൊതുവെ ആഹ്ലാദത്തിലാക്കി. എന്നാൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ പൂക്കോട് കാമ്പസിൽ വന്യജീവി പഠനകേന്ദ്രം ആരംഭിക്കുന്നതുൾപ്പെടെ വിഷയങ്ങളിൽ ബജറ്റിൽ പരാമർശം ഇല്ലാത്തതിൽ നിരാശരാണ് ജനങ്ങളിൽ ഒരു വിഭാഗം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതും നടപ്പിലാക്കാത്തതുമായ പദ്ധതികളുടെ ആവർത്തനമാണ് ബജറ്റിലെന്ന വിമർശനവും ഉയരുന്നുണ്ട്. 
താങ്ങുവില കാപ്പിക്കോ, കാപ്പിപ്പരിപ്പിനോ എന്നു ബജറ്റിൽ വ്യക്തമാക്കുന്നില്ല. എങ്കിലും കാപ്പിക്കുരു എന്നു പറയുന്നതിനാൽ ഉക്കാപ്പിയാണ് ധനമന്ത്രി മനസിൽ കണ്ടതെന്ന  വിശ്വാസത്തിലാണ് കൃഷിക്കാർ. ഉക്കാപ്പി കിലോഗ്രാമിനു 70 രൂപ വരെയും കാപ്പിപ്പരിപ്പിനു 115 രൂപ വരെയുമാണ്  നിലവിൽ വില. ബ്രാന്റഡ് കാപ്പി ഉത്പാദനത്തിനു സംഭരണം തുടങ്ങുന്നതു പൊതു വിപണിയിൽ ഉക്കാപ്പിയുടെയും പരിപ്പിന്റെയും വില ഉയരുന്നതിനു സഹായകമാകുമെന്നു സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ.ദേവസ്യ പറഞ്ഞു. ബ്രാന്റഡ് കോഫി ഉത്പാദനം അടുത്തമാസം ആരംഭിക്കുമെന്നാണ് ബജറ്റിൽ പറയുന്നത്. ഇതിനായി അഞ്ചു കോടി രൂപ ബ്രഹ്മഗിരി സൊസൈറ്റിയുടെ കോഫി ഡിവിഷനു അനുവദിക്കുമെന്നു ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 500 കോഫി ഓഫീസ് വെന്റിംഗ് മെഷിനും 100 കിയോസ്‌കകുളും ആരംഭിക്കുന്നതിനു കുടുംബശ്രീ മിഷനു 20 കോടി രൂപ അധികം നൽകുമെന്ന പ്രഖ്യാപനത്തിലും കാപ്പിക്കർഷകർ സന്തുഷ്ടരാണ്. അടുത്ത സാമ്പത്തിക വർഷം കിഫ്ബി മുതൽമുടക്കിൽ വയനാട് കോഫി പാർക്ക് യാഥാർഥ്യമാകുമെന്നും ഇത് ജില്ലയിലെ ഭൂരിപക്ഷം കർഷകരുടെയും കാപ്പി താങ്ങുവില അടിസ്ഥാനത്തിൽ സംഭരിക്കുന്നതിനു സഹായകമാകുമെന്നും ബജറ്റിൽ വിശദീകരിക്കുന്നുണ്ട്. കാർബൺ ന്യൂട്രൽ കോഫി പാർക്കിന്റെ നിർമാണം കിഫ്ബി സഹായത്തോടെ പൂർത്തിയാക്കുമെന്നു ബജറ്റിൽ പറയുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തനത്തിനു 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 
പാരിസ്ഥിതിക അവലോകനം പൂർത്തിയാക്കി ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാത (വയനാട് തുരങ്കപ്പാത) യാഥാർഥ്യമാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തോടു സമ്മിശ്ര പ്രതികരണമാണ് ജനങ്ങളിൽ. നടക്കാത്ത പദ്ധതിയെക്കുറിച്ചു ബജറ്റ് പ്രഖ്യാപനം നടത്തി ധനമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്തതെന്നു കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രഹാം പറഞ്ഞു. 
വയനാട് ഗവ. മെഡിക്കൽ കോളേജ് പദ്ധതിയെക്കുറിച്ചു ധനമന്ത്രിക്കു ധാരണയില്ലെന്ന പരിഹാസവും ബജറ്റ് പ്രസംഗത്തിനു പിന്നാലെ ഉയർന്നു. വയനാട് ഗവ. മെഡിക്കൽ കോളേജിനു 300 കോടി രൂപ കിഫ്ബി മുഖേന അനുവദിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞത്. അതേസമയം കോന്നി, ഇടുക്കി, വയനാട്, കാസർകോട് മെഡിക്കൽ കോളേജുകളിൽ കൂടുതൽ സ്‌പെഷ്യാലിറ്റി സർവീസുകൾ അനുവദിക്കുമെന്നും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. വയനാട് ഗവ. മെഡിക്കൽ കോളേജ് എവിടെ സ്ഥാപിക്കണമെന്നതിൽ പോലും തീരുമാനമായില്ലെന്ന വസ്തുത മനസിലാക്കാതെയാണ് ധനമന്ത്രി ഈ പ്രഖ്യാപനം നടത്തിയതെന്നു ചൂണ്ടിക്കാണിക്കുന്നവർ നിരവധിയാണ്. 
മുന്നേകാൽ മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം വാചകക്കസർത്ത് മാത്രമായിരുന്നുവെന്നു കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി ടീച്ചർ കുറ്റപ്പെടുത്തി. പ്രയാസമനുഭവിക്കുന്ന ജനങ്ങളിൽ നേരിട്ടു സഹായമെത്തിക്കുന്നതിനു പ്രത്യേക പദ്ധതികൾ ബജറ്റിൽ നിർദേശിക്കുന്നില്ല. കാലാവധി കഴിയാറായ സർക്കാർ ജനങ്ങൾക്കു മുന്നിൽ കാട്ടിയ സർക്കസ് മാത്രമാണ് ബജറ്റെന്നും അവർ വിമർശിച്ചു. 
വയനാടിനെ സംബന്ധിച്ചിടത്തോളം ധനമന്ത്രി നേരത്തേ നടത്തിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ വീണ്ടും ഉൾപ്പെടുത്തിയതെന്നു കെ.പി.സി.സി മെംബർ കെ.എൽ.പൗലോസ് പറഞ്ഞു. പുതിയ സ്ഥലം കണ്ടെത്തി മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതാണ്. 150 കോടി രൂപ ചെലവിൽ മെഗാ ഫുഡ് പാർക്ക് ആരംഭിക്കുമെന്നതു പാഴായ പ്രഖ്യാപനമായി. വയനാടൻ കാപ്പിപ്പൊടി  ബ്രാൻഡ് ചെയ്തു അന്താരാഷ്ട്ര മാർക്കറ്റിൽ എത്തിക്കുമെന്നും കാപ്പിക്കു ആദായവില ലഭ്യമാക്കുമെന്നും കഴിഞ്ഞ ബജറ്റിൽ പറഞ്ഞതു ജലരേഖയായി. സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിക്കു കോടിക്കണക്കിനു രൂപ നൽകുന്നതിനു സർക്കാർ ജില്ലയിലെ കാപ്പിക്കൃഷിക്കാരെ മറയാക്കുകയാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷ പോലും നൽകാതെയാണ് വയനാട് തുരങ്കപ്പാതയെക്കുറിച്ചു ധനമന്ത്രി പറയുന്നത്. നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽപാതയെക്കുറിച്ചുള്ള ബജറ്റ് പരാമർശവും വഞ്ചനയാണ്. ഈ റെയിൽ പദ്ധതിക്കു പാലം വലിച്ചതു ഇടതു സർക്കാരാണ്. തെരഞ്ഞെടുപ്പിൽ കണ്ണിട്ടുള്ള അഭ്യാസം മാത്രമായി ബജറ്റെന്നും പൗലോസ് പറഞ്ഞു. ബജറ്റ് പ്രതീക്ഷാനിർഭരവും വികസനോൻമുഖവുമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര പറഞ്ഞു. 

Latest News