4500 വിദ്യാര്‍ഥികള്‍ ഒരുക്കിയ മനുഷ്യ മൊസൈകിന് ലോക റെക്കോര്‍ഡ്
ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തീര്‍ത്ത ഏറ്റവും വലിയ മനുഷ്യ മൊസൈകിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്അബീര്‍ മെഡിക്കല്‍ ഗ്രൂപ്പാണ് ഇന്ത്യന്‍ സ്‌കൂളിന്റെ സഹകരണത്തോടെ സ്‌കൂള്‍ മൈതനത്ത് 4500 വിദ്യാര്‍ഥികളെ അണിനിരത്തിയത്.
ലോക ഭൂപട പാശ്ചാത്തലത്തില്‍ ലോക പ്രമേഹ ദിനം, സൗദി വിഷന്‍ 2030, അബീര്‍ ഗ്രൂപ്പ് എന്നീ ലോഗോ മനുഷ്യരൂപത്തില്‍ തീര്‍ത്തത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മിഡില്‍ ഈസ്റ്റ് മേധാവി ഹുദ ഖച്ചബ് പ്രഖ്യാപനം നടത്തി. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ആലുങ്ങല്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 4200 പോലീസുകാര്‍ അണിനിരന്ന് സൃഷ്ടിച്ച ഇറഖിന്റെ റെക്കോര്‍ഡാണ് ഭേദിച്ചത്. 2015 ഏപ്രിലില്‍ 4200 പോലീസുകാരെ അണിനിരത്തി ഇറാഖ് പതാക തീര്‍ത്തായിരുന്നു ഇറാഖ് ലോക റെക്കോര്‍ഡിനുടമയായത്.
അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രമേഹ രോഗത്തെ തടയുന്നതിന് വിദ്യാര്‍ഥികളെയും പൊതു ജനത്തേയും ബോധവല്‍ക്കരിക്കുകയാണ് മനുഷ്യ മൊസൈക് തീര്‍ക്കുന്നതിലൂടെ ലക്ഷ്യമിട്ടത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള പ്രദേശമായതുകൊണ്ടും അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തണമെന്നതുകൊണ്ടുമാണ് സൗദി അറേബ്യയില്‍ ഈ പരിപാടി സംഘടിപ്പിച്ചതെന്ന് അബീര്‍, ഇന്ത്യന്‍ സ്‌കൂള്‍ പ്രതിനധികള്‍ പറഞ്ഞു.






