Sorry, you need to enable JavaScript to visit this website.

തോമസ് ചാണ്ടിയുടെ ഹരജി തള്ളി; തക്കസമയത്ത് ഉചിതതീരുമാനം- മുഖ്യമന്ത്രി

കൊച്ചി- മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഏതാനും നിമിഷത്തിനകമുണ്ടാകുമെന്ന് സൂചന. ഉചിതമായ തീരുമാനം തക്കസമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൻ.സി.പി യോഗത്തിന്റെയും കോടതി വിധിയുടെ വിശദാംശങ്ങൾ വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു ജഡ്ജിമാരാണ് ഈ കേസ് കേട്ടതെന്നും അതിന്റെ വിശദാംശങ്ങൾ വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.   
ഭൂമി കയ്യേറ്റ കേസിൽ ഹൈക്കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്ന് അവസാന പിടിവള്ളിയും നഷ്്ടപ്പെട്ടാണ് ചാണ്ടി രാജിയിലേക്ക് നീങ്ങുന്നത്. കോഴിക്കോട്ട്‌നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മുഖ്യമന്ത്രി അൽപസമയത്തിനകം എത്തിച്ചേരും. അതിന് ശേഷം രാജിക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. എൻ.സി.പി സംസ്ഥാന സമിതി യോഗവും തോമസ് ചാണ്ടിക്കെതിരായ നിലപാടിലാണ്. നാണവും മാനവുമുണ്ടെങ്കിൽ ചാണ്ടി രാജിവെക്കണമെന്നാണ് മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം പറഞ്ഞത്. 

ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹരജി ഹൈക്കോടതി തള്ളിയിട്ടുണ്ട്. മന്ത്രിക്ക് സ്വന്തം സർക്കാറിനെതിരെ കേസുമായി പോകാനാകില്ലെന്നും അത് ഭരണഘടനക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 
തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സർക്കാറിന് മന്ത്രിയെ വിശ്വാസമില്ലെന്ന് നിരീക്ഷിച്ച കോടതി ദന്തഗോപുരത്തിൽനിന്ന് ഇറങ്ങി സാധാരണക്കാരനായി കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. മന്ത്രിയുടെ ഹരജിയിൽ സർക്കാറാണ് ഒന്നാം കക്ഷിയെന്നും കോടതി പറഞ്ഞു. മന്ത്രി സ്ഥാനത്തിരുന്ന് എങ്ങിനെയാണ് സർക്കാറിനെതിരെ ഹരജി നൽകാൻ കഴിയുകയെന്നും കോടതി ചോദിച്ചു. ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് രാവിലെ നിരീക്ഷിച്ച കോടതി, ഹരജി പിൻവലിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ ഹരജി പിൻവലിക്കേണ്ട സഹചര്യമില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖ പറഞ്ഞു. ഇതോടെ അത്യസാധാരണമായ സഹചര്യമാണ് നിലവിൽ വന്നത് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഹരജി പിൻവലിക്കണമെന്ന് എൻ.സി.പി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും തോമസ് ചാണ്ടി വഴങ്ങിയില്ല. ഏതാനും നിമിഷം മുമ്പാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ ഹരജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം തോമസ് ചാണ്ടി നിരാകരിച്ചു. 
നിഷ്‌കളങ്കനാണെങ്കിൽ ജില്ല കലക്ടറുടെ അടുത്ത് ചെന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും സർക്കാറിനെതിരെ ഒരു മന്ത്രി തന്നെ ഹരജി നൽകുന്ന സഹചര്യം ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഹരജി പിൻവലിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചത്. എന്നാൽ ഹരജി പിൻവലിക്കേണ്ട സഹചര്യമില്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ വാദം. 
സംസ്ഥാനത്തെ ഒരു കലക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് എങ്ങനെയാണ് ഒരു മന്ത്രിക്ക് കോടതിയിൽ എത്താൻ കഴിയുക എന്നും കോടതി ചോദിച്ചിരുന്നു. ഒരു വ്യക്തി കോടതിയിൽ എത്തുന്നത് പോലെയല്ല, മന്ത്രി വരുന്നതെന്നും കോടതി ചോദിച്ചു. തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കൊണ്ടാണ് കോടതിയിൽ എത്തിയത് എന്ന് വിവേക് തൻഖ പറഞ്ഞപ്പോൾ കലക്ടറുടെ റിപ്പോർട്ടിൽ അങ്ങിനെയില്ലല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. മന്ത്രിയാകുന്നതിന് മുമ്പാണ് തോമസ് ചാണ്ടി കയ്യേറ്റം നടത്തിയതെന്ന് സംസ്ഥാന അറ്റോർണി ജനറൽ പറഞ്ഞപ്പോഴാണ്, നിങ്ങൾ പൊതുജനങ്ങളുടെ വിചാരണ നേരിടുകയാണെന്നും കോടതി നിങ്ങളെ രക്ഷിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് തിരിച്ചടിച്ചത്. ഭൂമി കയ്യേറ്റ വിഷയത്തിൽ കടുത്ത വിമർശനമാണ് മന്ത്രി തോമസ് ചാണ്ടി ഇന്നും അഭിമുഖീകരിച്ചത്.
 

Latest News