Sorry, you need to enable JavaScript to visit this website.

കള്ളം പറയുന്ന പൊള്ളയായ ബജറ്റ് -ബി.ജെ.പി

കോട്ടയം- സംസ്ഥാന ബജറ്റ് കള്ളം പറയുന്ന പൊള്ളയായ ബജറ്റാണെന്ന്് ബി.ജെ.പി ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ. കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തിൽ ലോക മാതൃക തന്നെ ആണെന്ന അവകാശവാദം പച്ചക്കള്ളമാണ്. ഇന്ന് ഭാരതത്തിൽ കോവിഡ് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത്്്് ആകെ ഒരു ദിവസം 16,000 ഉള്ളതിൽ 6000 രോഗികൾ കേരളത്തിലാണ്. മൊത്തം കണക്കിന്റെ 40% കേരളത്തിലാണ്. മരണത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശിനേക്കാൾ വളരെ ഉയർന്നതാണ് കേരളത്തിന്റേത്. യു.പിയിൽ കോവിഡ് മരണം ദശലക്ഷത്തിന് 42 ആണെങ്കിൽ കേരളത്തിൽ ദശലക്ഷത്തിന് 110 ആണ്. ലോകത്തെ തെറ്റിദ്ധരിപ്പിച്ച കേരള സർക്കാർ മാപ്പ് പറയുകയാണ് വേണ്ടത്. കേന്ദ്ര സർക്കാർ നൽകിയ ഭക്ഷ്യ-ധാന്യ വിതരണം ചെയ്തതിനെയാണ് വലിയ നേട്ടമായി ബജറ്റിൽ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് കാലഘട്ടത്തിൽ സാധാരണക്കാരന്റെ വരുമാനം വർധിക്കുന്നതിന് വ്യക്തമായ നിർദ്ദേശങ്ങൾ ഇല്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് ചില പ്രഖ്യാപനങ്ങൾ മാത്രമായി ബജറ്റ് ചുരുങ്ങി. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങളെ ബജറ്റ് പൂർണമായി അവഗണിച്ചു. പൊള്ളയായ വാഗ്ദാനം നൽകി യുവാക്കളെ വഞ്ചിക്കുകയാണ്. പി.എസ്.സി ലിസ്റ്റിനെ മറികടന്നു പിൻവാതിൽ നിയമനങ്ങൾ തുടരും എന്ന സൂചനയാണ് നൽകുന്നത്. സ്ത്രീകളെയും ദുർബല വിഭാഗങ്ങളെയും ബജറ്റ് അവഗണിച്ചു. പരമ്പരാഗത ചെറുകിട കുടിൽ വ്യവസായങ്ങളെ ഉദ്ധരിക്കുന്നതിന് ബജറ്റിൽ ഒരു നിർദേശവുമില്ല. കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിന് ഒരു നടപടിക്കും നിർദേശമില്ല. വ്യവസായ ഉൽപാദനത്തെ പൂർണമായും അവഗണിച്ചിരിക്കുകയാണ്. മൊത്തത്തിൽ എടുക്കുകയാണെങ്കിൽ വാചക കസർത്തിലൂടെ ജനങ്ങളെ ധനകാര്യമന്ത്രി കബളിപ്പിച്ചിരിക്കുകയാണ്. 

Latest News